ഇരമ്പിയെത്തിയ മഴമേഘങ്ങള്‍ ആകാശം നിറഞ്ഞു. മരുഭൂമിയിലെവിടെയോ രൂപം കൊണ്ടൊരു മണല്‍ക്കാറ്റ് നഗര വീഥിയിലേക്ക് വീശിയെത്തി. ചുട്ടുപഴുത്തിരുന്ന ഭൂമി മഴത്തുള്ളികളുടെ നനുത്ത സ്പര്‍ശമേറ്റ് പുളകിതയായി. നഗരവാസികള്‍ക്കപൂര്‍വ കാഴ്ചയായി വേനല്‍ മഴ പെയ്തിറങ്ങി.

Tuesday, September 22, 2009

കോഴിക്കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ - കഥ - അഷ് റഫ് കടന്നപ്പള്ളി.

*** കോഴിക്കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ ***
---------------------------------------
കുന്നുമ്പ്രത്ത് മാളിക വീട്ടില്‍ അയ്സുമ്മാന്റെ വീട്ടുമുറ്റത്ത് നിറയെ കോഴികളാണ്. അരിക്കിക്കോഴി, ചങ്കന്‍ കോഴി, പുള്ളിക്കോഴി തുടങ്ങി അയ്സുമ്മാന്റെ നാവിന്‍ തുമ്പില്‍ നിന്നും വീഴുന്ന വിവിധ വിളിപ്പേരുകളിലറിയപ്പെടുന്ന ഒരു വലിയ കോഴിപ്പട തന്നെയത്. വീടിനു ചുറ്റുമുള്ള തെങ്ങിന്‍ തോപ്പില്‍ മേയാനിറങ്ങിയ കോഴികള്‍ പറമ്പിലൂടോടിക്കളിക്കുന്നത് അയ്സുമ്മ കണ്‍കുളിര്‍ക്കെ കണ്ടു രസിക്കും. കുഞ്ഞന്‍ കോഴികള്‍ ചിക്കിപ്പെറുക്കുന്നതും പാറ്റകളുടെ പിന്നാലെയോടി കൊത്തിവലിക്കുന്നതും കാണുമ്പോള്‍ അയ്സുമ്മാന്റെ മുഖത്ത് പുഞ്ചിരി വിരിയും.
അപ്പോള്‍ അയ്സുമ്മാന്റെ മൂത്ത മരുമോള്‍ കദീസു പറയും..
" ഈയുമ്മാന്റെയൊരു കോയിപ്പിരാന്ത്"
"ഈ ദുനിയാവിലെ മുഴ്വന്‍ മന്‍സമ്മാരും പിന്നെ ആകാശത്തൂന്ന്‍ മലക്കോളും മക്കാറാക്കിയാലും* നമ്മക്കൊന്നും ബരാന്‍ പോണില്ല" എന്നു അയ്സുമ്മ അതിനു മറുപടി പറയും.
മൂത്ത മരുമോള്‍ കദീസൂനോ മറ്റ് രണ്ട് ഇളയ മരുമോള്‍മാര്‍ക്കോ അറിയില്ല അയ്സുമ്മയും കോഴികളും തമ്മിലുള്ള ആത്മബന്ധം. അയ്സുമ്മ കോശിമുട്ട വില്‍ക്കുന്നത് ഈയിടെ ഇരുപത്തിയഞ്ച് പൈസ വര്‍ധിപ്പിച്ച് രണ്ട് രൂപ എഴുപത്തിയഞ്ച് പൈസക്കാണ്. പാകമായ് വളര്‍ന്നു കഴിഞ്ഞ പൂവന്‍ കോഴികളെയും അയ്സുമ്മ വില്‍ക്കും. പിടക്കോഴികളെ ഒരിക്കലും അയ്സുമ്മ വില്‍ക്കില്ല. കോഴികളുടെ എണ്ണം കുറയുന്നു എന്നു തോന്നുമ്പോള്‍ ഇരുപത്തിയൊന്ന്‍ മുട്ടയെടുത്ത് കാപ്പില്‍ വെച്ച് വിരിയിക്കും. ഇരുപത്തിയൊന്ന്‍ എന്നത് അയ്സുമ്മാക്ക് മാത്രമറിയാവുന്ന കോഴികളുടെ ഒരു ജീവല്‍ രഹസ്യമാണ്. കാപ്പിലിരിക്കാന്‍ ഭാഗ്യം കിട്ടുന്ന പിടക്കോഴികള്‍ അയ്സുമ്മാന്റെ പ്രത്യേക ശ്രദ്ധക്ക് വിധേയമായതായിരിക്കും. അസമയത്ത് ചേങ്കൂടാന്‍* വരുന്ന പൂവന്‍ കോഴികളോട് പോലും മത്സരിച്ച് ജയിക്കാനുള്ള ഉശിര്, പ്രാപ്പിടിയന്മാരില്‍നിന്നും കുഞ്ഞന്‍കോഴികളെ രക്ഷിക്കാനുള്ള കഴിവ് എന്നിവയെ ആസ്പദമാക്കിയാണ് കാപ്പിലിരിക്കാനുള്ള കോഴികളെ അയ്സുമ്മ തിരഞ്ഞെടുക്കുന്നത്. കൊതിയൂറും കൊക്കുകളുമായി മരക്കൊമ്പിലിരുന്ന്‍ അയ്സുമ്മാന്റെ കുഞ്ഞന്‍കോഴികളെ നോക്കി നെടുവീര്‍പ്പിടാനേ കാക്കള്‍ക്കും പ്രാപ്പിടിയന്മാര്‍ക്കും വിധിയുള്ളൂ. അയ്സുമ്മാന്റെ കണ്ണ് വെട്ടിച്ച് ഇന്നേവരെ ഒരു കുഞ്ഞന്‍കോഴിയെ തട്ടിയെടുക്കാന്‍ ആണായിട്ടോ പെണ്ണായിട്ടോ പിറന്ന ഒരു കാക്കയ്ക്കും പരുന്തിനും കഴിഞ്ഞിട്ടില്ല..
അയ്സുമ്മാന്റെ അയല്‍ക്കാരി നാരായണി കൊല്ലത്തിലൊരിക്കലോ മറ്റോ പത്തോ പന്ത്രണ്ടോ മുട്ട അയ്സുമ്മാനോട് കടം വാങ്ങി കാപ്പിലിരുത്തി വിരിയിക്കുന്നതിനെ ഓരോന്നിനെയായി കാക്കയോ പരുന്തോ കൊണ്ട് പോകുമ്പോള്‍ അയ്സുമ്മ ചോദിക്കും,
"അല്ല നാരണീ.. ന്റെ കണ്ണെബ്ടെയാ..."
.. നാരയണിക്കാകെ ബാക്കിയാകുക മൂന്നോ നാലോ എണ്ണം മാത്രം..നാരാണീടെ പുരുവന്‍* കോരന്‍ കള്ളും കുടിച്ച് വന്ന ഏതെങ്കിലുമൊരു ദിവസം കോഴിയിറച്ചി തിന്നാന്‍ പൂതി മൂത്താല്‍പിന്നെ രണ്ടാമതൊന്ന്‍ ആലോചിക്കാതെ ഒരു കോഴിയെപ്പിടിച്ച് കഴുത്ത് മുരടി വലിച്ചെറിയും. ഒടിഞ്ഞ കഴുത്തുമായി പ്രാണനുവേണ്ടി നിലത്തു കിടന്നു പിടയുന്ന കോഴിയെ കണ്ടാല്‍ നാരായണിക്ക് സങ്കടം വരും. നാരായണി എന്തെങ്കിലും മറുത്ത് പറഞ്ഞാല്‍ പിന്നെ കോരന്റെ വക തെറിയും തൊഴിയും ബാക്കി.നാരായണിയുടെയും രണ്ട് മക്കളുടെയും കരച്ചില്‍ കേട്ട് അയ്സുമ്മ ഓടിവന്ന്‍ രണ്ട് വഴക്ക് പറഞ്ഞാലേ കോരന്‍ ഒന്നടങ്ങൂ. അയ്സുമ്മാന്റെ മുമ്പില്‍ കോരന്‍ മിണ്ടാപ്പൂച്ചയാണ്.
"ഏതായാലും ഓന്‍ കൊന്നില്ലേ. ഇനി നീയതൊന്ന്‍ കറിയാക്ക്."
അയ്സുമ്മ പോകാന്‍ തുടങ്ങുമ്പോള്‍ നരായണീനോട് പറയും.
"അങ്ങിനെ ഓക്ക് പുത്തി പറഞ്ഞ് കൊട്ക്ക് അയ്സുമ്മാത്താ.." എന്ന്‍ കള്ളച്ചിരിയോടെ കുഴഞ്ഞ നാവോടെ കോരന്‍ പറയും.അവസാനം നാരായണി തന്നെ മുളകും മല്ലിയും വറുത്തരച്ച് ഒന്നാന്തരം കോഴിക്കറിയുണ്ടാക്കും. കോരനും നാരായണിയും രണ്ട് മക്കളും അന്ന്‍ കോഴിക്കറി കഴിച്ച് സുഖമായുറങ്ങും.
അയ്സുമ്മാന്റെ ഓര്‍മകളെ എന്നും വേട്ടയാടുന്ന ഒരു പേമാരിയുണ്ട്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ കര്‍ക്കടകത്തിലെ ഒരു ഏഴാം നാള്‍. കാട്ടാനക്കൂട്ടങ്ങളെപ്പോലെ പാഞ്ഞെത്തിയ കാര്‍മേഘ്ങ്ങള്‍ പൊട്ടിപ്പിളര്‍ന്ന്‍ മഴ പെയ്തിറങ്ങി. കുന്നിന്‍പുറങ്ങളില്‍ നിന്നും മലവെള്ളം കുത്തിയൊലിച്ച് തോടുകളും പുഴകളും നിറഞ്ഞു കവിഞ്ഞ രാത്രി. തിമര്‍ത്താടിക്കൊണ്ടൊരു കൊടുങ്കാറ്റും മഴയോടൊപ്പം വീശിയെത്തി. ഭീകര ശബ്ദത്തോടെ മരങ്ങള്‍ കടപുഴകി. ജനലുകളും വാതിലുകളും കൊട്ടിയടച്ച് പേടിച്ചരണ്ട നാലാത്മാക്കള്‍ ഒരു ചെറിയ കുടിലിനകത്ത്. അയ്സുവും എട്ടും ആറും മൂന്നും വയസ്സുള്ള മൂന്നാണ്‍കുട്ടികളും. ഖല്‍ബ് നിറയെ പ്രാര്‍ത്ഥനയുമായി അയ്സു കുട്ടികളുടെ ബാപ്പ അന്ത്രുവിന്റെ വരവിനായി കാത്തിരിക്കുകയാണ്. പുറത്ത് മഴ തിമര്‍ത്ത് പെയ്യുന്നു...അക്കരെ മരമില്ലില്‍ പണിക്കു പോയ അന്ത്രുവിനു തോടിനു കുറുകെയുള്ള മരപ്പാലം കടന്നു വേണം തിരിച്ചു വരാന്‍...മഴ ഒന്നടങ്ങിയിരുന്നുവെങ്കില്‍...പക്ഷേ അന്ത്രു അന്ന്‍ തിരിച്ചു വന്നില്ല. അന്നെന്നല്ല എന്നെന്നേക്കുമായി.. മരപ്പാലത്തിനുമേല്‍ അന്ത്രു കാലെടുത്ത് വെച്ചതേയുള്ളൂ..ഏതോ കുന്നിനുമുകളില്‍ നിന്നും ഒന്നിച്ചിറങ്ങിയ മലവെള്ളം പാഞ്ഞെത്തിയതും അപ്പോഴായിരുന്നു,..പാലത്തിനോടൊപ്പം അന്ത്രുവും..മൈലുകള്‍ക്കപ്പുറത്ത് മലവെള്ളം ഉപേക്ഷിച്ച അന്ത്രുവിന്റെ മയ്യത്ത് കാണാന്‍ അയ്സുവിന് ബോധം ഉണ്ടായിരുന്നില്ല.
***
ഏതോ പുരാതന ഗന്ധവും പേറി നില്‍കുന്ന സ്കൂള്‍ മൈതാനിയിലെ ആല്‍മരച്ചോട്ടിലിരുന്നാണ് അന്ത്രു ആദ്യമായ് അയ്സുവിനെ പ്രണയിച്ചത്. മുകളില്‍ ആലിന്‍ കായകള്‍ക്ക് വേണ്ടി കലപില കൂട്ടുന്ന പക്ഷിക്കൂട്ടങ്ങള്‍. ഒപ്പം ആലിനെ പ്രണയിച്ച് ഇലകളില്‍ തങ്ങി ഒരു കാറ്റും. ഇടയ്ക്ക് താഴേക്കിറങ്ങി ഒന്നുതഴുകി കാറ്റ് മുകളിലേക്ക് തന്നെ തിരിച്ച് പോകും. ഒരിക്കല്‍ കാറ്റോടൊപ്പമാണ് മനസ്സില്‍ മുഹബ്ബത്തിന്റെ കുപ്പിവള കിലുക്കി അവള്‍ അന്ത്രുവിന്റെ ഖല്‍ബിലേക്കിറങ്ങി വന്നത്. കാറ്റോടൊപ്പം തിരിച്ചു പോകാതെ അവള്‍ അന്ത്രുവിന്റെ ഖല്‍ബില്‍ തങ്ങി.കസവു തട്ടമണിഞ്ഞ ഖല്‍ബുകളില്‍ കുസൃതിയൊളിപ്പിച്ച ഒരു മൊഞ്ചത്തി...പ്രണയ ദിനങ്ങള്‍ എത്ര മനോഹര ദിനങ്ങളാണ്..ജാലകപ്പഴ്തിലൂടിഴഞ്ഞെത്തുന്ന കാറ്റിനുണ്ട് പ്രണയത്തിന്റെ കുളിര്‍മ..ആകസ്മികമായ് പെയ്തിറങ്ങുന്ന കുളിര്‍മഴകള്‍ക്കുണ്ട് പ്രണയത്തിന്റെ താളം...
കൂലിപ്പണിക്കാരനായി ആ നാട്ടിലെത്തിയ പരദേശിയായ അന്ത്രുവിന് നല്‍കാന്‍ പെണ്ണില്ലെന്ന്‍ അയ്സുവിന്റെ ബാപ്പ തറപ്പിച്ച് പറഞ്ഞ ദിവസം രാത്രി നാടുവിടുമ്പോള്‍ അന്ത്രുവിന്റെ ബലിഷ്ഠമായ ഇടത്കൈയില്‍ വിറയാര്‍ന്ന കൈകള്‍ കുറുകെപ്പിടിച്ച് അയ്സുവുമുണ്ടായിരുന്നു.
***
അന്ത്രുവിന്റെ മരണശേഷം അയ്സു എങ്ങിനെയാണ് ജീവിതത്തെ നോക്കിക്കാണേണ്ടത്.അയല്‍ക്കാരൊക്കെ പറഞ്ഞു ബാപ്പാന്റെയും ഉമ്മാന്റെയുമടുത്തേക്ക് തിരിച്ചു പോകാന്‍. അയ്സുവിന്റെ ബാപ്പ അബൂബക്കര്‍ ഹാജി അയ്സുവിനെ കൊണ്ട് പോകാന്‍ തയ്യാറായിരുന്നു. പക്ഷേ രണ്ട് നിബന്ധനകള്‍ മാത്രം. ഒന്ന്‍ കുട്ടികളെ ഏതെങ്കിലും യതീംഖാനയിലാക്കുക*. രണ്ട് ബാപ്പ പറയുന്ന ആരെങ്കിലുമായി രണ്ടാം വിവാഹത്തിനു സമ്മതിക്കുക. മൂന്നു പെറ്റെങ്കിലും അയ്സുവിന്റെ മൊഞ്ചിനൊരു കുറവും ഇല്ലാത്തത് കൊണ്ട് അവളെ കെട്ടിയൊളാക്കാന്‍ അബൂബക്കര്‍ ഹാജിയുടെ ചങ്ങായിമാര്‍ തന്നെ മത്സരിക്കും. പക്ഷേ രണ്ടിനും അയ്സുവിന് സമ്മതമല്ലായിരുന്നു. അഹങ്കാരി എന്നക്ഷേപിച്ച് അബൂബക്കര്‍ ഹാജി പടിയിറങ്ങിപ്പോകുന്നത് അയ്സു നിറമിഴികളോടെ നോക്കിനിന്നു.
****
അയ്സു ഇനി ജീവിതത്തെ നേരിടുകയാണ്. ഇത് റബ്ബിന്റെ പരീക്ഷണമാണ്. പരീക്ഷണങ്ങളെ അതിജീവിച്ച് ജീവിക്കണം. ഒരിക്കലും ഒടുക്കരുത്.ജീവിതത്തെ നിസ്സഹായതോടെ നോക്കിനില്‍ക്കാതെ ജീവിത യാഥാര്‍ഥ്യങ്ങളുമായി നിരന്തരം സംവദിച്ച് അനുഭവങ്ങളെ പാഠങ്ങാളാക്കി മുന്നേറണം. ഭര്‍ത്താവു മരിച്ച ഭാര്യമാരാരും ഈ ലോകത്ത് ജീവിക്കുന്നില്ലേ..അയ്സുവിന്റെ ചിന്തകളില്‍ ആത്മ വിശ്വാസത്തിന്റെ തിരകളടിച്ചു. അയല്‍ക്കാരിയായ ജാനകിയമ്മയോട് ഇരുപത്തിയൊന്ന്‍ മുട്ടകള്‍ കടം വാങ്ങിയാണ് അയ്സു ജീവിതത്തിന് ഒരു പുതുവഴി കണ്ട് പിടിച്ചത്. ഇരുപതാം ദിവസം ഇരുപത്തിയൊന്ന്‍ മുട്ടകളും പൊട്ടിവിരിഞ്ഞ് ഇരുപത്തിയൊന്ന്‍ കോഴിക്കുഞ്ഞുങ്ങള്‍. അയ്സുവും മക്കളും ഉരുണ്ടുരുണ്ടോടിക്കളിക്കുന്ന കുഞ്ഞന്‍ കോഴികളെ ഇമയനക്കാതെ നോക്കിയിരുന്നു. സന്തോഷത്താല്‍ അയ്സുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
" നിന്റെ കൈ നല്ല ഫലോള്ള കൈയ്യാ മോളേ..കണ്ടില്ലേ ഒന്നുപോലും കെട്ടുപൊകാതെ ഇരുപത്തിയൊന്നും വിരിഞ്ഞിരിക്കുന്നത് "
അയ്സുവിനെ തലോടി ജാനകിയമ്മ പറഞ്ഞു.അന്ത്രു ഒരു പാര്‍ട്ടിക്കാരനായത് കൊണ്ട് സൊസൈറ്റിവക രണ്ട് പശുക്കളെ ലോണ്‍ കിട്ടി. ജാനകിയമ്മയുടെയും മറ്റ് അയല്‍ക്കാരുടെയും സഹായത്തോടെ അയ്സു എല്ലാം പഠിച്ചു. അയ്സു മാറുകയായിരുന്നു. ജീവിത വീക്ഷണത്തിലെ ഇടുങ്ങിയ ചുറ്റുവട്ടത്തിനപ്പുറത്തേക്ക് നീണ്ട പടവുകള്‍ താണ്ടി ധീരതയോടെ അയ്സു നടന്നു. വഴിമുടക്കി നിന്ന ദശാസന്ധികള്‍ മറികടന്ന്‍, പരിഹസിച്ചവര്‍ക്ക് നേരെ മൗനം കൊണ്ട് പ്രതികരിച്ച്, അനുഭവങ്ങളുടെ തീച്ചൂളകള്‍ കൊണ്ട് അയ്സു തന്റെ ജീവിതത്തെ മാറ്റി മറിച്ചു.മൂത്ത മോന്‍ മുഹമ്മദിനെ ദുബായിക്കയച്ചതിനു ശേഷമാണ് അയ്സുമ്മാക്കൊരല്‍പം ആശ്വാസമായത്. ഇന്നു അയ്സുമ്മാന്റെ മൂന്നാണ്മക്കളും ദുബായിലാണ്. മൂനുപേരും മാസാമാസം ഡ്രാഫ്റ്റ് അയക്കുന്നു. മൂന്നാണ്‍മക്കളുടെ കെട്ടിയോളുമാരും പേരമക്കളുമായും അയ്സുമ്മ ആ വലിയ വീട്ടില്‍ സുഖമായി ജീവിക്കുന്നു..
****
എല്ലാ കഥകള്‍ക്കും ഒരു ക്ലൈമാക്സുണ്ട്. കഥയിലെ കഥാപാത്രങ്ങളുടെ ജീവിതത്തിനും.ഇളയ മകന്‍ അലിയാണ് തന്റെ ഭാര്യയെയും മക്കളെയും ദുബായിലേക്ക് കൊണ്ട് വരാന്‍ ആദ്യമായി പദ്ധതിയിട്ടത്. പിന്നാലെ മറ്റ് രണ്ട് പേരും.
"അപ്പോള്‍ ഉമ്മ?"
പാതിമുറിഞ്ഞ ഒരു ചോദ്യം മൂത്ത മകനില്‍നിന്നും ഉതിര്‍ന്നു.പ്രായമേറിക്കഴിഞ്ഞാല്‍ അച്ഛനുമമ്മമാരും മക്കളുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞു നില്‍ക്കുന്നതെന്ത് കൊണ്ടാണ്. പോയ കാലത്തിന്റെ വളഞ്ഞു നീണ്ട വഴിത്താരകളില്‍ ഏതു പ്രതിസന്ധിയിലും ആരുടെ മുമ്പിലും ഒരു ചോദ്യ ചിഹ്നമായി ഉയര്‍ന്നു നില്‍ക്കാതിരുന്ന അയ്സുമ്മ പാതിമുറിഞ്ഞ മക്കളുടെ ചോദ്യത്തിനു മുമ്പില്‍ തളര്‍ന്നു..യതീംഖാനയുടെ കയ്പേറിയ അനുഭവങ്ങളിലേക്ക് തന്റെ മക്കളെ തള്ളി വിടാതെ അവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ജീവിച്ച അയ്സുമ്മ ഈ പ്രായമേറിയ കാലത്ത് അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ ണില്‍ക്കാതെ ഏതെങ്കിലും ശരണാലയത്തിന്റെ പടികള്‍ കയറാന്‍ വൈമുഖ്യം കാണിക്കില്ല.....
* മക്കാറാക്കിയാലും = പരിഹസിച്ചാലും
* ചേങ്കൂടാന്‍ = ഇണചേരാന്‍
* പുരുവന്‍ = ഭര്‍ത്താവ്
* യതീംഖാന = അനാഥാലയം

Saturday, September 19, 2009

ഒരു മഴയുടെ ഓര്‍മ്മയ്ക്ക്...(കഥ - അഷ്റഫ് കടന്നപ്പള്ളി)

ഗോര്‍ഫഖാന്‍ മലനിരകള്‍ക്കപ്പുറത്ത് നിന്നും മഴമേഘങ്ങള്‍ ഇരമ്പി വരുന്നത് നോക്കി നില്‍ക്കേ തുലാ മാസത്തിലെ ഒരു കുളിര്‍ മഴ ഞാന്‍ ഓര്‍ത്തെടുത്തു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ബേക്കല്‍ തീരത്ത് പെയ്ത ആ മഴയില്‍ എന്റെ കൂടെ ജസീക്കാ തോമസുമുണ്ടായിരുന്നു. കോട്ടയിലൊന്നിന്റെ നിരീക്ഷണ വിടവിലൂടെ കടലില്‍ മഴ പെയ്യുന്നത് ഞങ്ങള്‍ ഒരു കുടക്കീഴില്‍ നിന്ന്‍ നോക്കിക്കണ്ടു.കുളിര് പെയ്യുന്ന ആ മഴയിലും ജസീക്കാ തോമസിന്റെ ചുടു നിശ്വാസം എന്റെ നെഞ്ചിന്‍ കൂടിലേക്കൂര്‍ന്നിറങ്ങി." ജസീക്കാ നീ ഓര്‍ക്കുന്നുണ്ടോ, മനസ്സിലൊരു കുളിര്‍ മഴയായി നീ പെയ്തിറങ്ങുമ്പോള്‍..." എന്റെ പ്രണയ ലേഘനത്തിലെ ആദ്യാക്ഷരങ്ങള്‍."."പിന്നെ..." മഴത്തുള്ളികള്‍ നനച്ച എന്റെ കണ്ണുകളിലേക്ക് നോക്കി ജസീക്ക ചോദിച്ചു." ഹൃദയത്തില്‍ പ്രണയമുണര്‍ത്തുന്ന പ്രകൃതിയുടെ താളമാണ് മഴ.." ഞാന്‍ പറഞ്ഞു.ജസീക്ക ചിരിച്ചു, നിശ്ശബ്ദമായി, ചുണ്ടുകളില്‍ നേരിയ ഒരു ചലനം പോലുമില്ലാതെ. പക്ഷേ അവളുടെ ചിരി എനിക്കാ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞു."ജസീക്കാ നിന്റെ ഈ ചിരി എനിക്കു മാത്രമുള്ളതാണ്..." എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു.മൗനത്തില്‍ ചാലിച്ച അവളുടെ ഈ ചിരിയുടെ അര്‍ഥമെന്താണ്."നോക്കൂ ജസീക്കാ കടലില്‍ മഴ പെയ്യുന്നത്. എത്ര വേഗമാണ് ആ മഴത്തുള്ളികള്‍ കടലിന്റെ അപാരതയിലലിയുന്നത്."" ബിനൂ നീ മനോഹരമായി സംസാരിക്കുന്നു. നിന്റെ വിരല്‍ത്തുമ്പില്‍ കവിത വിരിയുമോ." ജസീക്ക ചോദിച്ചു.എനിക്ക് പറയണമെന്നുണ്ടായിരുന്നു.ജസീക്കാ കവിത എന്റെ വിരല്‍ത്തുമ്പിലല്ല, എന്റെ ഹൃദയത്തിലാണ്.നിന്റെ സാമീപ്യ, ഈ മഴയുടെ സാന്നിധ്യം, പ്രണയാര്‍ദ്രമായ ഈ സായന്തനം, നമ്മെ പൊതിയുന്ന ഈ കടല്‍ക്കാറ്റിന്റെ കുളിര്‍മ, അതിന്റെ ആരവം.. എന്നിലുണര്‍ത്തുന്നത് പ്രണയ പരവശനായ ഒരു കാമുകന്റെ ആത്മ ഗീതമാണ്. കേള്‍ക്കുന്നില്ലേ ഒരു മഴപ്പാട്ടിന്റെ മാധുരി അലയടിച്ചെത്തുന്നത്..കാണുന്നില്ലേ മഴനൂലുകള്‍ അവയുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നത്..കരയിലേക്കിരമ്പി വരുന്ന തിരമാലകള്‍ ഒന്നിനു പിരകേ മറ്റൊന്നായി ഒരു നൃത്ത മഹോത്സവം തീര്‍ക്കുന്നത്...പക്ഷേ ഞാനൊന്നും പറഞ്ഞില്ല. ഞങ്ങള്‍ക്കിടയില്‍ പലപ്പോഴും ആവശ്യമില്ലാതെ മൗനം കടന്നു വരാറുണ്ട്. പറയാനുള്ളത് പലതും പറയാതെ....."ജസീക്കാ നാമെന്തേ ഇങ്ങിനെ..""മനസ്സിന്റെ വിശുദ്ധിയാണ് മൗനം.. നമുക്ക് മൗനം കൊണ്ട് സംസാരിക്കാം"അതും പറഞ്ഞ് അവള്‍ ചിരിച്ചു. എനിക്കു മാത്രമായുള്ള അവളുടെ ചിരി.****കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ആ ചരിത്ര സംവാദത്തിലേക്ക് അവിചാരിതമായ എന്റെ എത്തിപ്പെടല്‍ എന്നെ ജസീക്കയിലേക്കടുപ്പിക്കുകയായിരുന്നു. സംവാദത്തിലേര്‍പ്പെട്ട് തികച്ചും വ്യത്യസ്തമായ് ജസീക്ക സംസാരിച്ചപ്പോള്‍ ഞാനവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു..എന്താണ് എന്നെ നിന്നിലേക്കടുപ്പിച്ചത്.. നിന്റെ മൂര്‍ച്ചയേറിയ വാക് ചാതുരിയോ, നിന്റെ ആശയങ്ങളോ, അതോ നിന്റെ കണ്ണുകളുടെ അഗാധതയില്‍ മറഞ്ഞു കിടന്നിരുന്ന പ്രണയത്തിന്റെ തരംഗവീചികളോ.. ഒരു പരിചയപ്പെടലിന്റെ മുഖവുരയുമായി ഞാന്‍ അവളിലേക്ക് ചെന്നപ്പോള്‍ അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി. നീ എന്താണെന്റെ കണ്ണുകളില്‍ കണ്ടത്. ഒരു പരിചയപ്പെടല്‍ മാത്രമല്ലല്ലോ ഞാന്‍ ഉദ്ധേശിച്ചത്. അത് നീ എങ്ങിനെ തിരിച്ചറിഞ്ഞു..."ബിനൂ നീ എന്നെ പ്രണയിക്കുന്നോ.. എന്തോ നിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ എനിക്കങ്ങിനെ തോന്നുന്നു..."തികച്ചും അപ്രതീക്ഷിതമായ ചോദ്യം. ഞാന്‍ തീര്‍ത്തും പകച്ചു പോയി. അപ്പോള്‍ പുറത്ത് ഒരു മഴ പെയ്യുന്നുണ്ടായിരുന്നു...ജസീക്കാ നിന്നെ കണ്ടത് മുതല്‍ നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു.****പ്രണയ ദിനങ്ങള്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങളാണെന്ന്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു.. അന്നു മുതല്‍ മഴയുടെ പ്രണയ താളം ഞാനറിഞ്ഞു...രാത്രിയുടെ ഏകാന്തതയില്‍ ജാലകപ്പഴുതിലൂടെത്തുന്ന കാറ്റിന് പ്രണയത്തിന്റെ കുളിര്‍ സ്പര്‍ശമുണ്ടെന്നറിഞ്ഞു...നിലാവ് നിറഞ്ഞൊരു പുഴ..പുഴയിലൊരു ചങ്ങാടം...പുഴയുടെ ഓളങ്ങള്‍ക്കൊപ്പം ചാഞ്ചാടുന്ന ചങ്ങാടം..ചങ്ങാടത്തില്‍ പരസ്പരാലിംഗനത്തിലേര്‍പ്പെട്ട രണ്ട് പ്രണയ നിഴലുകള്‍.. ഈ പുഴയ്ക്കൊരു കരയില്ലായിരുന്നെങ്കില്‍..ഈ നിലാവ് ഒരിക്കലും അസ്തമിക്കാതിരുന്നെങ്കില്‍...*****പക്ഷേ ജസീക്കാ നീ എപ്പോഴാണെന്നില്‍നിന്നുമകലാന്‍ തുടങ്ങിയത്.." ബിനൂ നീ എന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ അമിതമായി ഇടപെടുന്നു..എനിക്കതിഷ്ടമല്ല" ഒരിക്കല്‍ നീ എന്നോട് വെട്ടിത്തുറന്ന്‍ പറഞ്ഞപ്പോള്‍ നീയറിയുമോ ഞാനെത്രമാത്രം വേദനിച്ചെന്ന്‍...എന്താണ് ഞാന്‍ ചെയ്തത്? നിന്റെ ചുണ്ടുകളില്‍ എരിയുന്ന സിഗരറ്റുകളെ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടതോ..നിന്റെ കൈത്തണ്ടകളിലെ സിറിഞ്ചിന്റെ പാടുകളെ ഞാന്‍ ശ്രദ്ധ്രിച്ചതോ.. നിന്റെ സായന്തനങ്ങള്‍ ലഹരിയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയലഞ്ഞപ്പോള്‍ ഞാന്‍ വിലക്കിയതോ..അസ്തമയ സൂര്യന്റെ വര്‍ണശോഭയില്‍ മുങ്ങിയ കടല്‍തീരത്ത് കൂടി നടക്കുമ്പോള്‍ നിന്നെ ഞാന്‍ ഓര്‍മിപ്പിച്ചതല്ലേ.. സാബുവുമായുള്ള നിന്റെ കൂട്ട്കെട്ട് അത്ര നല്ലതല്ല എന്ന്‍..പക്ഷേ അന്ന്‍ നീ എന്നോട് കയര്‍ത്തു. പിന്നെ നീ എന്നില്‍ നിന്നും അകലുകയായിരുന്നു..പ്രണയാര്‍ദ്രമായ നിന്റെ കണ്ണുകള്‍, നിന്റെ പ്രണയ മൊഴികള്‍, നിന്റെ ചിരി എല്ലാം എനിക്ക് നഷ്ടപ്പെടുകയായിരുന്നു.. എന്നിട്ടും ജസീക്കാ നിന്റെ തിരിച്ചു വരവിനു വേണ്ടി എത്ര ഞാന്‍ കാത്തിരുന്നെന്നോ..എത്ര സായന്തനങ്ങള്‍ ഒരു പുതുമഴയുടെ ആകസ്മികതയോടെയുള്ള നിന്റെ വരവിനു വേണ്ടി കടലിന്റെ അനന്തയിലേക്ക് നോക്കി ഞാനിരുന്നെന്നോ..പക്ഷേ ജസീക്കാ നീ ...*****അവള്‍ വന്നു. നിര്‍ത്താതെയുള്ള ഡോര്‍ബെല്‍ ശബ്ദം കേട്ട് ഞാന്‍ പുറത്തിറങിയപ്പോള്‍ കണ്ടത് ദയനീയമായി വിറയ്ക്കുന്ന അവളുടെ മുഖം." ജസീക്കാ നീ ഇപ്പോള്‍ ഇവിടെ.." ഞാന്‍ പകച്ചു പോയി.അവള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.."എന്തു പറ്റി നിനയ്ക്ക്.. എന്നോട് പറയ്.."പെട്ടെന്ന്‍ തന്നെ സാധാരണാവസ്ഥ വീണ്ടെടുത്ത് വളരെ ശാന്തമായ് പറഞ്ഞു.."ബിനു എന്നോട് ക്ഷമിക്കണം. നിന്റെ വാക്കുകള്‍ക്ക് ഞാന്‍ ചെവിയോര്‍ക്കാതിരുന്നത് എന്നെ ഗുരുതരമായ ഒരവസ്ഥയിലെത്തിച്ചു.."ഞാന്‍ ആകാംക്ഷാഭരിതനായി.."സാബു എന്റെ നഗ്നത അവന്റെ കാമറയില്‍ പകര്‍ത്തി.. പിന്നെ പലതും.. എനിക്കെന്നെ നഷ്ടപ്പെട്ടു ബിനൂ.." അതും പറഞ്ഞവള്‍ പൊട്ടിക്കരഞ്ഞു. അവളൊന്ന്‍ പൊട്ടിക്കരയട്ടെയെന്നു കരുതി ഞാന്‍ മിണ്ടാതിരുന്നു.പക്ഷേ അവളുടെ ഭാവം മാറി വന്നത് പെട്ടെന്നാണ്. അവള്‍ ചിരിച്ചു.. അവളപ്പോഴും ഡ്രഗ്സ് കഴിച്ചിട്ടുണ്ടെന്ന്‍ എനിക്ക് മനസ്സിലായി.. പിന്നെ മെല്ലെയവള്‍ പടിയിറങ്ങി..."ജസീക്കാ നില്‍ക്ക്.. നമുക്ക് വഴിയുണ്ടാക്കാം...ഞാനും വരാം നിന്റെ കൂടെ..എന്റെ വാക്കുകളൊന്നും അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അല്ലെങ്കിലും അത്തരം ആശ്വാസ വാക്കുകളിലെ നിസ്സഹായത ആ അവസ്ഥയിലും അവള്‍ ഊഹിച്ചെടുത്തതാകാം.അന്നു വൈകുന്നേരം ആകസ്മികമായൊരു മഴ തിമര്‍ത്തു പെയ്തു. ആ മഴക്കുള്ളിലൂടവള്‍ കടലിലേക്ക് നടന്നു. മഴത്തുള്ളികളോടൊപ്പം അവളും കടലിലൊരു ഒരു തുള്ളിയായലിഞ്ഞു.****ഇരമ്പിയെത്തിയ മഴമേഘങ്ങള്‍ ആകാശം നിറഞ്ഞു. മരുഭൂമിയിലെവിടെയോ രൂപം കൊണ്ടൊരു മണല്‍ക്കാറ്റ് നഗര വീഥിയിലേക്ക് വീശിയെത്തി. ചുട്ടുപഴുത്തിരുന്ന ഭൂമി മഴത്തുള്ളികളുടെ നനുത്ത സ്പര്‍ശമേറ്റ് പുളകിതയായി. നഗരവാസികള്‍ക്കപൂര്‍വ കാഴ്ചയായി വേനല്‍ മഴ പെയ്തിറങ്ങി. ഫ്ലാറ്റിലെ ചില്ലു ജാലകം തുറന്ന്‍ ഞാന്‍ മഴയെ നോക്കികണ്ടു. കാറ്റിനോടൊപ്പം ദിശതെറ്റിയ മഴത്തുള്ളികള്‍ എന്റെ മുഖത്തേക്ക് വീണു...പക്ഷേ അവയ്ക്ക് കുളിരുണ്ടായിരുന്നില്ല..അവ എന്നെ കുത്തി നോവിച്ചു..ഞാന്‍ ചില്ലു വാതിലുകള്‍ വലിച്ചടച്ചു..

Friday, September 18, 2009

കുഞ്ഞൂഞ്ഞേട്ടന്‍...(കഥ - അഷ്റഫ് കടന്നപ്പള്ളി)

കുഞ്ഞൂഞ്ഞേട്ടന്‍ ആത്മഹത്യ ചെയ്തു. അന്‍വര്‍ അബ്ദുള്ളയുടെ മൊബൈല്‍ സന്ദേശത്തിലൂടെ വിവരം അറിഞ്ഞ നിമിഷം ഒന്ന് പകച്ചു നിന്നെങ്കിലും കുഞ്ഞൂഞ്ഞേട്ടന്‍ തന്റെ ജീവിത ദൌത്യം നിറവേറ്റി യാത്രയായി എന്ന തോന്നലാണു പിന്നീടുണ്ടായത്. കുഞ്ഞൂഞ്ഞേട്ടന്‍ എന്നു മുതലാണോ തന്നെക്കുറിച്ച് തന്നെ ചിന്തിച്ചു തുടങ്ങുന്നത് അന്നു മുതല്‍ കുഞ്ഞൂഞ്ഞേട്ടന്‍ എന്ന വ്യക്തിത്വം ഇല്ലാതാകുമെന്ന് പത്തു വര്ഷത്തോളമായി നീണ്ടുനില്‍ക്കുന്ന അടുപ്പത്തിന്റെ പുറത്ത് എനിക്കു തോന്നിയിരുന്നു. ഒന്നുകില്‍ മാനസിക നില തെറ്റി തന്റെ ശരീരത്തെയും ബോധത്തെയും ചങ്ങലയില്‍ തളച്ചിടും, അല്ലെങ്കില്‍ സ്വയം മരണത്തിലേക്ക് നടന്നടുക്കും. ഒരാള്‍ എപ്പോഴാണ് മരണത്തെ അഭയമായി തിരഞ്ഞെടുക്കുന്നത്. ജീവിത പ്രയാണത്തിലെ ഏതെങ്കിലും ദശാ സന്ധിയില്‍ വഴി മുട്ടി നില്‍ക്കുമ്പോഴാകാം കൂടുതലും.പക്ഷേ, കുഞ്ഞൂഞ്ഞേട്ടന്‍ അങ്ങനെയല്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്, തന്റെ ജീവിത കര്‍മം പൂര്‍ത്തിയായി എന്ന വ്യക്തമായ തോന്നലുണ്ടായപ്പോള്‍ ഒന്ന്‍ തിരിഞ്ഞ് നോക്കിയതാകാം. അപ്പോള്‍ തന്നിലേല്‍പ്പിക്കപ്പെട്ട കര്‍മം പൂര്‍ത്തിയായെന്നും ജീവിത ഭാരം പേറിയുള്ള യാത്രയുടെ അന്ത്യമായെന്നുമുള്ള തിരിച്ചറിവില്‍ മടക്കയാത്ര നിര്‍വഹിച്ചു എന്നു മാത്രം.സുഹൃത്ത് സൂപ്പര്‍ വൈസറായുള്ള റോഡ് കണ്‍സ്ട്രക് ഷന്‍ സൈറ്റിലേക്ക് അവിചാരിതമായി എത്തിപ്പെട്ടപ്പോഴാണ് കുഞ്ഞൂഞ്ഞേട്ടനെ ആദ്യമായി കാണുന്നത്. റോഡിന്റെ പള്ളയിലേക്ക് വൈബ്രേറ്റര്‍ ഡ്രില്ലര്‍ കുത്തിയിറക്കി അതോടൊപ്പം വിറച്ചുകൊണ്ട് റോഡില്‍ ചാല് കീറിക്കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞൂഞ്ഞേട്ടനപ്പോള്‍. കുറേ രാജസ്ഥാനികള്‍ക്കിടയിലെ ഏക മലയാളിയെ കണ്ടപ്പോള്‍ ശ്രദ്ധ കുഞ്ഞൂഞ്ഞേട്ടനില്‍ തന്നെ ഉടക്കി നിന്നു. ഞാന്‍ ശ്രദ്ധിക്കുന്നത് കണ്ടിട്ടാകാം സുഹൃത്ത് പറന്ഞു, " അത് കുഞ്ഞൂഞ്ഞേട്ടന്‍. നല്ല അധ്വാനിയാ. പതിനാലു വര്‍ഷത്തോളമായി ഇവിടെത്തന്നെ ജോലി ചെയ്യുന്നു... ഒരു പാട് പ്രാരാബ്ധങ്ങളും പേറി..."നട്ടുച്ചയുടെ കനത്ത ചൂടില്‍ റോഡ് തിളക്കുകയായിരുന്നു അപ്പോള്‍. റോഡിന്റെ ഉപരിതലത്തില്‍ നിന്നും ചൂടിന്റെ അലകളുയരുന്നു. കുറച്ചുകൂടി സമയം അവിടെ നിന്നാല്‍ രോമം കരിഞ്ഞുപോകുമെന്നും ശരീരം ഉരുകിപ്പോകുമെന്നും എനിക്കു തോന്നി. പക്ഷേ, കുഞ്ഞൂഞ്ഞേട്ടനും ആ രാജസ്ഥാനികളും അതൊന്നുമറിയുന്നുണ്ടായിരുന്നില്ല, അല്ലെങ്കില്‍ അവരുടെ പൊള്ളുന്ന ജീവിത സമസ്യകള്‍ ആ ചൂടിനേക്കാള്‍ കാഠിന്യമേറിയതാകാം. അവിടുന്ന്‍ തിരിക്കുമ്പോള്‍‍ എന്തോ കുഞ്ഞൂഞ്ഞേട്ടന്റെ മുഖം എന്റെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു. ഒരു വലിയ മൗനത്തിന്റെ നിഗൂഢതകളടിഞ്ഞ മുഖം.തുടര്‍ന്നെത്തിയ ഒരൊഴിവു ദിനത്തിന്റെ വൈകുന്നേരത്തില്‍ സുഹൃത്തോടൊത്ത് സോനാപൂരിലെ കുഞ്ഞൂഞ്ഞേട്ടന്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിലേക്ക് നടന്നു. ഞങ്ങളെത്തുമ്പോള്‍ ക്യാമ്പ് സജീവമായിരുന്നു. ഒരൊഴിവുദിനത്തിന്റെ ആരവം. ഒരുപാട് പേര്‍ നാട്ടിലുള്ള ഭാര്യയുമായും കുട്ടികളുമായും സംസാരിച്ചതിലുള്ള ആഹ്ലാദത്തിലാണ്. അവരുടെ പരിഭവങ്ങളും പരാതികളുമാണ് കമ്പിയില്ലാക്കമ്പിയിലൂടെ കൂടുതല്‍ കേള്‍ക്കാറുള്ളതെങ്കിലും ഹൃദയാന്തരത്തില്‍ ആനന്ദത്തിന്റെ ചെറുതിരകളുയരും. ഗൃഹാതുരത്വത്തിന്റെ സുഖമുള്ള വേദന ഓര്‍മകളെ ഉണര്‍ത്തും. അവരുടെ മനസ് അല്‍പനേരത്തേക്കെങ്കിലും ഗ്രാമ വീഥിയിലൂടൊഴുകും.അപ്രതീക്ഷിതമായി എന്റെ സുഹൃത്തും കമ്പനി സൂപ്പര്‍വൈസറുമായ അന്‍വര്‍ അബ്ദുള്ളയെ കണ്ടപ്പോള്‍ തൊഴിലാളികളുടെ മുഖത്ത് വല്ലാത്തൊരമ്പരപ്പ് പരന്നു. പലരും ലഹരിയുടെ നിമ്ന്നോന്നതങ്ങളിലായിരുന്നു.അന്‍വര്‍ തൊഴിലാളികളോട് വളരെ സൗമ്യമായി പെരുമാറുന്ന വ്യക്തിയായിരുന്നത് കൊണ്ട് അവര്‍ക്കൊക്കെ അന്‍വറിനോട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. എന്റെ കണ്ണുകള്‍ കുഞ്ഞൂഞ്ഞേട്ടനെ തിരഞ്ഞു. പുറത്തെ ആഘോഷങ്ങള്‍ക്കിടയിലൊന്നും കുഞ്ഞൂഞ്ഞേട്ടനെ കണ്ടില്ല. കുഞ്ഞൂഞ്ഞേട്ടന്‍ താമസിക്കുന്ന റൂമിലേക്ക് ഒരാള്‍ ഞങ്ങള്‍ക്ക് വഴി കാണിച്ചു. ആ ഇടുങ്ങിയ മുറിയിലൊരു മൂലയിലെ ഡബ്ള്‍ ഡക്കര്‍ കട്ടിലിന്റെ കറുത്ത കമ്പിക്കാലില്‍ മുഖം മുട്ടിച്ച് കുഞ്ഞൂഞ്ഞേട്ടന്‍ ഒരു വലിയ മൗനത്തിലിരിക്കുന്നുണ്ട്. ഞങ്ങള്‍ മുറിയിലേക്ക് കടന്നൊതൊന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. ഓര്‍മകളുടെ ഏതോ ഇടവഴിയില്‍ അയാളുടെ മനസ്സ് അലയുകയായിരുക്കും. അയാള്‍ പരിസര ബോധത്തിലേക്ക് തിരിച്ചു വന്നത് അന്‍വറിന്റെ കുഞ്ഞൂഞ്ഞേട്ടാ എന്ന വിളി കേട്ടാണ്.അവിചാരിതമായെത്തിയ അതിഥികളെ കണ്ട് അയാള്‍ ഒന്ന്‍ പകച്ചു. "കുഞ്ഞൂഞ്ഞേട്ടനെന്താ ഇങ്ങിനെ ഒറ്റക്കിരിക്കുന്നേ" അന്‍വര്‍ ചോദിച്ചു. അയാള്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഒരു വിളറിയ ചിരി മുഖത്ത് പരന്നു.ഞാന്‍ അയാളെ തന്നെ നോക്കുയായിരുന്നു. അയാള്‍ എന്നെയും. അന്‍വര്‍ എന്നെ കുഞ്ഞൂഞ്ഞേട്ടന് പരിചയപ്പെടുത്തി. അയാള്‍ തികച്ചും യാന്ത്രികമെന്നോണം എഴുന്നേറ്റ് കൈ തന്നു. പരിചയപ്പെടുമ്പോള്‍ കൈ കൊടുക്കണം എന്ന്‍ ആരോ പറഞ്ഞു കൊടുത്ത പോലെ.ഞാന്‍ വെറുതെ കുറെ ചോദ്യങ്ങള്‍ അയാളോട് ചോദിച്ചു. ചെറിയ ആലോചനകളുടെ ഇടവേളകള്‍ക്ക് ശേഷമാണ് എല്ലാറ്റിനും മറുപടി പറഞ്ഞത്. കൂടുതലൊന്നും തുറന്നു പറയാന്‍ ഇഷ്ടപ്പെടാത്ത വ്യക്തിത്വമാണ് കുഞ്ഞൂഞ്ഞേട്ടന്റേതെന്ന്‍ എനിക്കു തോന്നി. അല്ലെങ്കില്‍ അമിതമായ ജീവിത ഭാരം ഉണ്ടാക്കിയ ഈ ഒറ്റപ്പെടല്‍ അയാളുടെ വാക്കുകളെ മുറിച്ചിരിക്കുന്നു. ഏകാന്തതയുടെ തുരുത്തില്‍ ഒറ്റപ്പെട്ട യാത്രക്കാരനെപ്പോലെ മൗനത്തെ പുണരാന്‍ അയാള്‍ വിധിക്കപ്പെട്ടിരിക്കുന്നു. ആരോടെങ്കിലും എന്തെങ്കിലും പറയാതെ ഈ മനുഷ്യന്‍ എങ്ങിനെ ജീവിക്കുന്നു.അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു കുഞ്ഞൂഞ്ഞേട്ടന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും അതുകൊണ്ട് ആ വക കാര്യങ്ങളൊന്നും ചോദിക്കരുതെന്നും. അവിടെ നിന്നിറങ്ങുമ്പോള്‍ കുഞ്ഞൂഞ്ഞേട്ടനെക്കൊണ്ട് എന്തെങ്കിലും സംസാരിപ്പിക്കണം എന്ന ആഗ്രഹം എന്നിലുണ്ടായിരുന്നു. തിരക്കുകളൊഴിഞ്ഞ ആഴ്ചയിലെ ഒഴിവുദിനത്തിലെ ഇടവേളകളില്‍ ഞാന്‍ കുഞ്ഞൂഞ്ഞേട്ടനെ സന്ദര്‍ശിക്കാന്‍ തുടങ്ങി. എന്റെ ദൗത്യം വിജയിക്കുന്ന ലക്ഷണങ്ങളുണ്ട്. കുഞ്ഞൂഞ്ഞേട്ടന്‍ ഓരോരോ കാര്യങ്ങള്‍ ഇപ്പോള്‍ എന്നോട് പറയും. ഞാന്‍ അയാളെയും കൂട്ടി നടക്കാനിറങ്ങും. വിളിച്ചുപറഞ്ഞാല്‍ ഞാനെത്തുമ്പോഴേക്കും കുഞ്ഞൂഞ്ഞേട്ടന്‍ തയാറായിരിക്കുന്നുണ്ടാകും. സായം സന്ധ്യയുടെ നേര്‍ത്ത കുളിര്‍മയേറ്റ് തിരക്കൊഴിഞ്ഞ റോഡിലൂടെ ഞങ്ങള്‍ കുറേ നടക്കും. കുഞ്ഞൂഞ്ഞേട്ടനിലെ മൗനത്തിന്റെ മഞ്ഞുമലകള്‍ ക്രമേണ ഉരുകിത്തുടങ്ങി.****പതിനാലാം വയസ്സില്‍ അച്ഛന്റെ മരണത്തിനു ശേഷം, കുഞ്ഞൂഞ്ഞ് പഠനം മതിയാക്കി തൊഴിലിനിറങ്ങിയതാണ്. കുഞ്ഞൂഞ്ഞിന്റെയും നാലനുജത്തിമാരുടെയും രോഗിണിയയ അമ്മയുടെയും മുമ്പില്‍ അച്ഛന്റെ ആകസ്മിക മരണം തുടര്‍ ജീവിതത്തെ ഒരു വന്‍ മല പോലെ ഉയര്‍ത്തി നിര്‍ത്തി. അങ്ങനെയാണ് കുഞ്ഞൂഞ്ഞ് അമ്മയുടെ ഒരകന്ന ബന്ധുവിന്റെ സഹായത്തോടെ മരമില്ലില്‍ പണിക്ക് നിന്നത്. ജീവിത ഭാരം പേറിയുള്ള കുഞ്ഞൂഞ്ഞിന്റെ യാത്ര അന്ന്‍ തുടങ്ങിയതാണ്. അമ്മയുടെ ചികിത്സക്ക്, സഹോദരിമാരുടെ പഠനത്തിന്, അവരുടെ വിവാഹത്തിന്.. അങ്ങനെയങ്ങിനെ അവരുടെ ഒത്തിരി ആവശ്യങ്ങള്‍ക്കു വേണ്ടി കുഞ്ഞൂഞ്ഞ് അധ്വാനിച്ചു. ഈ അധ്വാനയാത്രയില്‍ കുഞ്ഞൂഞ്ഞ് പല നാടുകല്‍ താണ്ടി, നഗരങ്ങള്‍ താണ്ടി ഒടുവില്‍ എത്തിയതാണീ മരുഭൂമിയില്‍. ഇതിനിടയിലെപ്പോഴോ ആണ് അയാള്‍ മൗനത്തെ അഭയമായി തിരഞ്ഞെടുത്തത്. അസ്വസ്ഥമാകുന്ന മനസ്സിനെ കുഞ്ഞൂഞ്ഞ് മൗനം കൊണ്ട് നേരിട്ടു.വളരെ അപൂര്‍വമായി മാത്രമേ ഞാന്‍ കുഞ്ഞൂഞ്ഞേട്ടനോട് അയാളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നുള്ളൂ. അത്തരം ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന്‍ അയാളുടെ അപ്പോഴത്തെ മുഖഭാവത്തിലൂടെ എനിക്ക് തോന്നിയിരുന്നു."കുഞ്ഞൂഞ്ഞേട്ടന്‍ സ്വപ്നങ്ങള്‍ കാണാറുണ്ടോ?", അയാള്‍ അല്‍പം വാചാലത പ്രകടിപ്പിച്ച ഒരു ദിവസത്തിലാണ് ഞാനങ്ങിനെ ചോദിച്ചത്. എന്റെ ചോദ്യം അയാളെ നിശബ്ദനാക്കി. മുഖത്ത് വേര്‍തിരിച്ചറിയാനകാത്ത വികാരങ്ങളുടെ മേഘങ്ങളടിഞ്ഞു. അന്നു പിന്നെ അയാള്‍ ഒന്നും സംസാരിച്ചില്ല.കുറേ ദിവസങ്ങള്‍ക്കു ശേഷമാണ് കുഞ്ഞൂഞ്ഞേട്ടന്‍ തന്റേത് മാത്രമായ ഒരു സ്വകാര്യ ദു:ഖത്തിന്റെ കെട്ടഴിച്ചത്. അന്ന്‍ ഞങ്ങള്‍ ജുമേര കടല്‍ തീരത്തു കൂടി നടക്കുകയായിരുന്നു. തിരമാലകളെ തഴുകി വരുന്ന ഇളം കുളിര്‍ കാറ്റ് ഞങ്ങളെ തലോടുന്നുണ്ടായിരുന്നു.. അയാള്‍ കോയമ്പത്തൂരിലെ ഒരു മരമില്ലില്‍ പണിയെടുക്കുന്ന കാലം, ജീവിതപ്രാരബ്ധങ്ങള്‍കൊണ്ട് അസ്വസ്ഥതയേറിയ അയാളുടെ യൗവ്വന ഹൃദയത്തിലേക്ക് സ്നേഹത്തിന്റെ പരിമളവുമായി അവളെത്തി.. പരിമളമെന്ന തമിഴത്തിപ്പെണ്ണ്. അവര്‍ ഹൃദയം കൊണ്ടടുത്തു. അയാളുടെ കിനാവുകളില്‍ സ്നേഹത്തിന്റെ ഊഷ്മളതയുമായി അവള്‍ നിറഞ്ഞു. അവളുടെ രക്ഷിതാക്കള്‍ അവളെ അയാള്‍ക്ക് നല്‍കാന്‍ തയ്യാരയിരുന്നു. പക്ഷേ യാഥാര്‍ഥ്യത്തോടടുത്തപ്പോള്‍ അയാള്‍ കുടുംബത്തെക്കുറിച്ചോര്‍ത്തു. അമ്മയുടെ എഴുത്തില്‍ എന്നും കാണുന്ന രണ്ടു വരികളുണ്ട്, " മോനേ നിനക്കു താഴെ പറക്കമുറ്റാത്ത നാല് പെണ്‍കുട്ടികളാണ്. അവര്‍ക്ക് നീ മാത്രമേയുള്ളൂ..""എന്റെ അനുജത്തിമാര്‍ക്ക് ഞാന്‍ മാത്രമേയുള്ളൂ. അത് കൊണ്ട് ഞാന്‍ എന്റേതായ ജീവിതത്തെക്കുറിച്ചൊന്നും ചിന്തിക്കരുത്. എനിക്ക് പ്രണയമുണ്ടാകരുത്.."ആ തീരുമാനമെടുത്ത്, നിറഞ്ഞകണ്ണുകളുമായി നില്‍ക്കുന്ന പരിമളത്തിന്റെ മുമ്പില്‍ തന്റെ നിസ്സഹായതയുടെ ഭാണ്ഡക്കെട്ടഴിച്ച്, കോയമ്പത്തൂര്‍ വിട്ട കഥ കുഞ്ഞൂഞ്ഞേട്ടന്‍ പറഞ്ഞു നിര്‍ത്തിയത് നിറഞ്ഞ കണ്ണുകളോടെയായിരുന്നു.കുഞ്ഞൂഞ്ഞേട്ടന്‍ പറഞ്ഞു, " അവള്‍ എന്റെ ജീവിതത്തിലേക്ക് വരാത്തതെത്ര നന്നായി. അവള്‍ക്ക് നല്‍കാന്‍ എന്റെ കയ്യില്‍ സ്നേഹം പോലുമുണ്ടാകില്ലല്ലോ..." കുഞ്ഞൂഞ്ഞേട്ടനോടെന്ത് പറയണം. എല്ലാം വിധിയാണെന്നുള്ള പാഴ്വാക്ക് പറഞ്ഞ് ഞാനയാളെ എങ്ങിനെ ആശ്വസിപ്പിക്കാനണ്. ഇത്തരം അവസ്ഥയിലാണ് നമ്മുടെ യഥാര്‍ഥ നിസ്സഹായത വെളിവാകുക. ഒരു സാന്ത്വന വാക്ക് പോലും പറയാനാകതെ...അതിനു ശേഷമാകാം അയാള്‍ തന്റെ മോഹങ്ങളും കിനാവുകളും മൗനത്തില്‍ ചേര്‍ത്തത്. ബോധാവബോധതലങ്ങളെ മരവിപ്പിച്ച് തന്റെ വിദൂര സ്മ്രിതിയിലേക്ക് പോലും അവളുടെ പ്രണയത്തെ കടന്നു വരാനനുവദിക്കാതെ ആ വലിയ മൗനത്തിന്റെ നിഗൂഢതകൊണ്ട് അയാള്‍ ജീവിത ദൗത്യം നിറവേറ്റി.നാട്ടിലേക്കുള്ള അവസാന യാത്രയുടെ ഒരാഴ്ച മുമ്പാണ് കുഞ്ഞൂഞ്ഞേട്ടന്‍ ഏറ്റവും ഇളയ അനുജത്തിയുടെ എഴുത്ത് എന്റെ മുമ്പില്‍ തുറന്നത്. അവളുടെ ഇളയ മകള്‍ക്ക് കുഞ്ഞൂഞ്ഞേട്ടന്‍ വരുമ്പോള്‍ ഒരു മാലയും വളയും കൊണ്ട് വരണം എന്നതായിരുന്നു എഴുത്തിന്റെ ചുരുക്കം. അയാളുടെ കയ്യില്‍ അതു വങ്ങാനുള്ള പണം തികയില്ലെന്നും അതുകൊണ്ട് അന്‍വറിനോട് പറഞ്ഞ് കമ്പനിയില്‍നിന്ന്‍ കുറച്ച് കടം അനുവദിച്ച് തരാന്‍ അഭ്യര്‍ഥിക്കണം എന്ന്‍ പറയാനണ് എന്റെ മുമ്പില്‍ കത്ത് തുറന്നത്. തിരിച്ച് വന്ന്‍ പണിയെടുക്കാന്‍ തുടങ്ങിയാല്‍ ശമ്പളത്തില്‍ നിന്ന്‍ മാസാമാസം തിരികെക്കൊടുക്കാം എന്നും പറഞ്ഞു. അന്‍വറിനോട് ഞാന്‍ കാര്യം പറഞ്ഞു. കമ്പനിയില്‍ അങ്ങനെ കടം കൊടുക്കുന്ന ഏര്‍പ്പാടില്ലെന്നും പിന്നെ തന്റെ ആളായത് കൊണ്ട് എന്തെങ്കിലും ആനുകൂല്യം വാങ്ങിക്കൊടുക്കാം എന്നും അന്‍വര്‍ പറഞ്ഞു. രണ്ട് ദിവസകത്തിനകം തന്നെ അന്‍വര്‍ കാശ് ശരിയാക്കിക്കൊടുത്തു. അതിന് നന്ദി പറയാന്‍ കുഞ്ഞൂഞ്ഞേട്ടന്‍ എന്നെ വിളിച്ചു. " എന്റെ അനുജത്തിമാരുടെ ഒരാവശ്യവും ഞാന്‍ ഇതുവരെ നിറവേറ്റിക്കൊടുക്കാതിരുന്നിട്ടില്ല. മാഷ് വിചാരിച്ചത് കൊണ്ട് ഇതും നടന്നു.."കുഞ്ഞൂഞ്ഞേട്ടന്‍ യാത്രയാകുന്ന ദിവസം എയര്‍പോര്‍ട്ടിലേക്കുള്ള വഴി മധ്യേയാണ് തലേന്ന്‍ രാത്രി അഛന്‍ സ്വപ്നത്തില്‍ വന്ന കാര്യം പറഞ്ഞത്. മരണമടഞ്ഞശേഷമുള്ള മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് അച്ഛന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നത്.."സ്വപ്നത്തില്‍ ഞാനൊരു ബാല്യം വിട്ടു മാറതിരുന്ന പതിനാലുകാരന്‍ കുഞ്ഞൂഞ്ഞായിരുന്നു.. അച്ഛന്‍ ചിരിക്കുന്ന മുഖവുമായിട്ടായിരുന്നു സ്വപ്നത്തിലേക്കു വന്നത്.. എന്നെ ഒത്തിരി തലോടി.. എന്തൊക്കെയോ കാര്യങ്ങള്‍ പറഞ്ഞു.. ഒന്നും ഓര്‍മയില്‍ വരുന്നില്ല.. പക്ഷേ അച്ഛന്‍ തിരിച്ചു പോകുമ്പോള്‍ കരഞ്ഞിരുന്നു..." അതു പറഞ്ഞു കഴിഞ്ഞപ്പോള്‍ കുഞ്ഞൂഞ്ഞേട്ടന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ അയാളുടെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു. കുഞ്ഞൂഞ്ഞേട്ടന്‍ എയര്‍പ്പോര്‍ട്ടിനകത്തേക്കുള്ള വഴിയില്‍ എന്റെ കണ്ണുകളില്‍നിന്ന്‍ മറയുമ്പോള്‍ എന്റെ മനസ്സില്‍ വെറുതെ ഒരു ഭയം ഉടലെടുത്തിരുന്നു. കുഞ്ഞൂഞ്ഞേട്ടന്‍ ഇനി തിരിച്ചു വരില്ലേ..കുഞ്ഞൂഞ്ഞേട്ടനെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ലേ..ആ ഭയം വെറുതെയാണെന്നാശ്വസിച്ച് മനസ്സിനെ തിരിച്ചു പിടിച്ച് റൂമിലേക്ക് മടങ്ങുമ്പോള്‍ എന്തോ നഷ്ടപ്പെട്ട ഒരവസ്ഥയുടെ തീരത്തായിരുന്നു ഞാന്‍.****ഓര്‍മകളിലലയാന്‍ പോയ മനസ്സ് മടങ്ങി വന്നത് അന്‍വറിന്റെ മൊബൈല്‍കോള്‍ വീണ്ടും വന്നപ്പോഴാണ്. അന്‍ വര്‍ ചോദിച്ചു, "നീ എന്തു ചെയ്യുന്നു""ഞാന്‍ വെറുതെ ഓരോന്നാലോചിച്ച് ..." മനസ്സിനകത്തെ വിങ്ങല്‍ കൊണ്ട് എന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു."സാരമില്ലെടാ.. ജനിച്ചാല്‍ എപ്പോഴായാലും മരണത്തിനു കീഴടങ്ങിയല്ലേ പറ്റൂ എന്ന തത്വ ശാസ്ത്രമൊന്നും നിന്നോട് ഞാന്‍ പറയേണ്ടല്ലോ..." അതും പറഞ്ഞ് അന്‍വര്‍ ചെറുതായി ചിരിച്ചു. ഞാനും വെറുതെ ചിരിച്ചുവെന്ന്‍ വരുത്തി പറഞ്ഞു, നമുക്കിന്ന്‍ വൈകുന്നേരം കുഞ്ഞൂഞ്ഞേട്ടന്റെ റൂം വരെയൊന്നു പോകണം.."ജീവിതയാത്രയിലെ അനേകം സന്ധികളില്‍ ഭൂത കാലതിലേക്ക് മനസ്സ് അറിയാതെ സഞ്ചരിച്ച ഏതെങ്കിലും വേളയില്‍ കുഞ്ഞൂഞ്ഞേട്ടന്‍ എന്തെങ്കിലും എവിടെയെങ്കിലും കുത്തിക്കുറിച്ചിട്ടുണ്ടെങ്കില്‍.. അതെനിക്കു മാത്രം അവകാശപ്പേട്ടതാണ്..അച്ഛനെക്കുറിച്ച്.. അമ്മയെക്കുറിച്ച്..പരിമളത്തെക്കുറിച്ച്.. അനുജത്തിമാരെക്കുറിച്ച്..അല്ലെങ്കില്‍ എന്നെക്കുറിച്ച്തന്നെ...അങ്ങനെ എന്തെങ്കിലും ഇല്ലാതിരിക്കില്ല..പക്ഷേ എന്റെ ആശ വെറുതയായിരുന്നു...*** കുഞ്ഞൂഞ്ഞേട്ടന്‍ മരിച്ചതിന്റെ അഞ്ചാം ദിവസമാണ് ആ എഴുത്ത് എനിക്ക് ലഭിച്ചത്.." മാഷ് എന്നോട് ക്ഷമിക്കണം..ഇനി നമ്മള്‍ കണ്ടെന്നു വരില്ല..അച്ഛന്‍ അന്ന്‍ കിനാവില്‍ വന്നതിനു ശേഷം മനസ്സ് വല്ലാതെ അസ്വസ്ഥമാണ്..എന്റെ അനുജത്തിമാരൊക്കെ സന്തോഷവതികളാണ്..അമ്മയുടെയും അച്ഛന്റെയുമടുത്തേക്കുള്ള യാത്രക്കു സമയമായെന്നു തോന്നുന്നു..കമ്പനിക്കുള്ള ആ കടം മാഷ് വീട്ടണം..പിന്നെ ഒരു ചോദ്യം.. അതിനുത്തരം തരാന്‍ മാഷിനു മാത്രമേ കഴിയൂ.. എന്റെ ജീവിതം ഒരു പരാജയമോ അതോ വിജയമോ..."

ഒരു പ്രണയത്തിന്റെ ബാക്കിപത്രം....(കഥ - അഷ്റഫ് കടന്നപ്പള്ളി)

ഈ കഥ എഴുതാന്‍ തുടങ്ങുമ്പോള്‍ ഇതിലെ കഥാപാത്രത്തിന് ഒരു കാര്യം നിര്‍ബന്ധമുണ്ടായിരുന്നു. കഥ കഥാപാത്രം പറയും. എഴുത്തുകാരനടക്കം കേള്‍വിക്കാരയിരിക്കണം. വായനക്കാരെന്നു വിളിക്കുന്നതിനേക്കാള്‍ കേള്‍വിക്കാര്‍ എന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം."ഞാന്‍ തുടങ്ങട്ടെ. നിങ്ങള്‍ എഴുതിക്കോളൂ. വെട്ടുകയും തിരുത്തുകയൊന്നും വേണ്ട. ഈ ജബര്‍ മലനിരകളുടെ താഴ്വാരത്തു കൂടിയൊഴുകുന്ന നദിയുടെ ഒഴുക്കുപോലെ എന്നില്‍ നിന്നും എന്റെ കഥയൊഴുകും. ഈ നിലാവിന്റെ ദീപ്തി പോലെ സത്യമാണത്. എന്റെ മസ്തിഷ്ക്കത്തില്‍ നിറഞ്ഞിരിക്കുന്ന ഭ്രാന്തന്‍ പുഴുക്കളുടെ ജല്‍പനങ്ങളല്ലിത്. നിങ്ങളിഷ്ട്ടപ്പെടുന്ന സാഹിത്യമൊന്നും അതിലുണ്ടായെന്നു വരില്ല. പക്ഷേ എഴുത്തുകാരാ നിങ്ങള്‍ ഒരു ലോല ഹൃദയനാണെങ്കില്‍, നിങ്ങള്‍ എപ്പോഴെങ്കിലും പ്രണയിക്കപ്പെടാന്‍ കൊതിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ കരഞ്ഞെന്നു വരും..ഞാനും അവളും എപ്പോഴാണ് പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നറിയില്ല..പക്ഷേ അന്ന്‍ ഈ താഴ്വാരത്തില്‍ ഒരു മഴ പെയ്തിട്ടുണ്ടാകണം.. വ്യഥിത ചിന്തകള്‍ക്ക് സാന്ത്വനമേകി ഒരാശ്വത്തിന്റെ തേന്‍മഴ. ഈ പുഴയുടെ ഒഴുക്കുപോലുള്ളൊരനിവാര്യത പോലെ എന്റെ സങ്കട ചിന്തകളില്‍ ഒരു പനിനീര്‍ പൂവിന്റെ സൗരഭ്യവുമായി അവള്‍ കടന്നു വന്നു..ആ വെള്ളാരം കണ്ണുള്ള സുന്ദരി. ഒരു വസന്തത്തിന്റെ തളിര്‍നാമ്പ് പോലെ..ഈ മലനിരകള്‍ സാക്ഷിയായി ഒരിക്കല്‍ ഞാനവളോട് ചോദിച്ചു.."മറിയം, കാലത്തിന്റെ അനന്തതയ്ക്ക് മായ്ക്കാന്‍ കഴിയാത്തതായി എന്തെങ്കിലുമുണ്ടോ.."അവള്‍ ഒന്നും മനസ്സിലാകാതെ എന്റെ പ്രേമമൂറുന്ന കണ്ണുകളുടെ ആഴങ്ങളിലേക്ക് മിഴിയെറിഞ്ഞു.ഞങ്ങള്‍ക്കിടയില്‍ മലയുടെ നിശ്ശബ്ധത പോലെ വെറുതെ ഒരു മൗനം കനപ്പെട്ടു. തെല്ലിട കഴിഞ്ഞ് ഞാന്‍ തന്നെ തുടര്‍ന്നു.."ഉണ്ട്. ഈ സ്നേഹം, ഈ പ്രണയം.. നോക്കൂ, എന്റെ ചിന്തകള്‍, എന്റെ മോഹങ്ങള്‍ം എന്റെ സ്വപ്നങ്ങള്‍, എന്റെ ജീവന്റെ ഓരോ സ്പന്ദനവും നിന്നെക്കുറിച്ച് മാത്രമാണ്. നീ എന്നെ ശരിക്കും പ്രണയിക്കുന്നില്ലേ.. ഹൃദയം കൊണ്ട്.. ജീവന്‍ കൊണ്ട്.."എന്റെ വാക്കുകള്‍ വല്ലാതെ പതറിയിരുന്നു..അപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.. പിന്നെ മെല്ലെയവള്‍ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.അവള്‍ മറിയം സാദത്ത്.. ചെറുപ്പത്തിലേ അനാഥ.. അവളുടെ ബാപ്പ ഈ ഗ്രാമത്തിലെ അറിയപ്പെടുന്ന പണക്കാരനായിരുന്നു.. പക്ഷേ വിധി.. അതവളെ വളരെ ക്രൂരമയാണ് വേട്ടയാടിയത്.. ബാപ്പയുടെ മരണ ശേഷം അവള്‍ക്കവകാശപ്പെട്ട സ്വത്തുക്കള്‍ മുഴുവന്‍ അവളുടെ ഇളയുപ്പ കൈക്കലാക്കി.. അവരുടെ കൂടെയാണ് അവള്‍ വളര്‍ന്നത്..ഞാനും അനാഥന്‍ തന്നെ.. മൂത്ത സഹോദരന്റെ തണലില്‍ വളര്‍ന്നു..ചെറുപ്പത്തിലേ അധ്വാനിക്കാന്‍ തുടങ്ങി..****കാലഭേദങ്ങള്‍ക്കൊപ്പം ഞങ്ങളുടെ പ്രണയവും വളര്‍ന്നു..ഒടുവില്‍ വിവഹാഭ്യര്‍ഥനയുമായി ഞാന്‍ അവളുടെ ഇളയുപ്പയെ സമീപിച്ചു. പക്ഷേ അദ്ദേഹം പറഞ്ഞ മഹര്‍ പണം.. ഞാനും സഹോദരനും സ്തബ്ധരായി..ഇത്രയും വലിയ തുക ഞാനെവിടുന്നുണ്ടാകാനണ്.. അവളെ സ്വന്തമാക്കണമെങ്കില്‍ അവരാവശ്യപ്പെട്ട പണം നല്‍കണം.. അത് നാട്ടിലെ അലംഘനീയ നിയമമണ്..അവരണെങ്കില്‍ നാട്ടു പ്രമാണിമാരും.. എനിക്കതിനുള്ള കഴിവില്ല എന്നറിഞ്ഞത് കൊണ്ട് തന്നെയാണ് അവര്‍ വിവാഹത്തിന് സമ്മതം മൂളിയത്..അവസാനം ഞാനൊരു പോംവഴി കണ്ടെത്തി.. ഒരു യാത്ര.. ഏതെങ്കിലും പട്ടണത്തില്‍ ചെന്ന്‍ സ്ഥിരമായ ഒരു ജോലി കണ്ടെത്തി പണം സമ്പാദിക്കുക.. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞെന്നു വരാം.. അവള്‍ കാത്തിരിക്കും..ഒരു നാള്‍ ജബര്‍ മലനിരകളും കടന്ന്‍ ഞാന്‍ യാത്രയാകുന്നത് അവള്‍ നിറമിഴികളോടെ നോക്കി നിന്നു..ദിവസങ്ങള്‍ നീണ്ടുനിന്ന യാത്രക്കു ശേഷം ഞാനൊരു മഹാ നഗരത്തിലെത്തി..നീണ്ട അലച്ചിലിനൊടുവില്‍ എനിക്കൊരു വ്യാപാര സംഘത്തില്‍ ജോലി ലഭിച്ചു.. കിട്ടുന്ന ഓരോ റിയാലും ഞാന്‍ സൂക്ഷിചു വെച്ചു..മൂന്നു വര്‍ഷങ്ങല്‍ കടന്നു പോയി.. എന്നിട്ടും സംഖ്യ തികഞ്ഞില്ല..പക്ഷേ അവിചാരിതമായ ചില സൗഭഗ്യങ്ങള്‍ ചിലപ്പോള്‍ നമ്മെ തേടി വരുമല്ലോ..ഒരു നാള്‍ സംഘത്തലവന്‍ എന്റെ ഈ എകാന്ത ജീവിതത്തിന്റെ പൊരുള്‍ അന്വേഷിച്ചു..തികയാതെ വന്ന തുകയും യാത്രാ ചെലവിനും വിവാഹ ചെലവിനുമുള്ള പണം എന്നെ ഏല്‍പിച്ച് ആ മഹാ മനസ്കന്‍ എന്നെ എന്റെ ഗ്രാമത്തിലേക്ക് യാത്രയാക്കി...ഒരു വെളുപ്പിന് നിലാവ് പുണര്‍ന്നുറങ്ങുന്ന ജബര്‍ മലനിരകളിറങ്ങി ഞാന്‍ എന്റെ ഗ്രാമത്തില്‍ വീണ്ടുമെത്തി..ഒരു മഹാ സാഗരത്തോളം സ്വപ്നങ്ങളുമായി..പുഴയുടെ നേര്‍ത്ത ശബ്ദം എന്റെ ഹൃദയത്തില്‍ ഒരു മുഹബ്ബത്ത് പാട്ടിന്റെ ഓളങ്ങളുണര്‍ത്തി.. അവിടെ താളങ്ങളുടെ നിലീന ലയമുണ്ടായി..നിദ്രപുല്‍കിക്കിടക്കുന്ന ആ താഴ്വാരമാകെ കേള്‍ക്കെ എനിക്ക് ഉച്ചത്തില്‍ വിളിച്ചു പറയണമെന്നു തോന്നി..ഞാനിതാ വന്നിരിക്കുന്നു എന്റെ പ്രാണസഖിയെ സ്വന്തമാക്കാന്‍...ഞാന്‍ എന്റെ സഹോദരന്റെ വീട്ടിലെത്തി.. അവരെ വിളിച്ചുണര്‍ത്തി..സന്തോഷാധിക്യത്താല്‍ ഞാനെന്റെ സഹോദരനെ കെട്ടിപ്പിടിച്ചു. എന്നെ ആ സമയത്ത് കണ്ട് അവര്‍ ആശ്ചര്യപ്പെട്ട് നില്‍ക്കുകയായിരുന്നു. നേരം വെളുത്ത ഉടനെ അവളുടെ വീട്ടിലേക്ക് പോകണമെന്നും അവരവശ്യപ്പെട്ട പണം കൊണ്ടാണ് ഞാന്‍ വന്നതെന്നും ഞാന്‍ പറഞ്ഞപ്പോള്‍ ജ്യേഷ്ഠനും ഭാര്യയും വല്ലാതെ പതറി.. അയാളുടെ കണ്ണുകള്‍ എന്റെ കണ്ണുകളെ നേരിടാനാകാതെ താഴ്ന്നു. അയാളുടെ ചുണ്ടുകള്‍ വിതുമ്പി." നീ അകതേക്ക് വാ.. എല്ലാം ഞാന്‍ പറയാം" അയാള്‍ സമചിത്തത വീണ്ടെടുത്ത് പറഞ്ഞു.പക്ഷേ എനിക്ക് സാവകാശമുണ്ടായിരുന്നില്ല.. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ പറഞ്ഞു..അവളെ നിര്‍ബന്ധിച്ച് പട്ടണത്തിലെ എതോ പണക്കാരന് വിവാഹം ചെയ്ത് കൊടുത്തെന്നും അവള്‍ ഇവിടുന്ന്‍ അയാളൊടൊപ്പം പോയെന്നും...അവള്‍ നിസ്സഹായയായിരുന്നു...ഏത് കടല്‍ക്ഷോഭമാണ് എന്റെ കാതുകളിലിരമ്പുന്നത്.. എന്റെ കണ്ണുകളിലെന്താണ് ഇരുള്‍ വന്ന്‍ മൂടുന്നത്..ഞാനേതോ അഗാധ ഗര്‍ത്തത്തിലേക്ക് പതിക്കുകയണോ..ഞാന്‍ ഇല്ലതാവുകയാണ്...മരണം ... മരണത്തിന്റെ ചിരിക്കുന്ന മുഖം എന്റെ ഉറക്കം കെടുത്താന്‍ തുടങ്ങി..മരണത്തെ ഞാന്‍ സ്നേഹിച്ചു തുടങ്ങി...ഈ ലോകത്തെ സര്‍വ്വ നശ്വര ചിന്തകളെയും ത്യജിച്ച് വിദൂരതയിലെവിടെയോ കാത്തിരിക്കുന്ന ഒരനശ്വര പ്രണയത്തെ തേടി...സ്നേഹത്തിന്റെ പ്രതീകങ്ങളായ മാലാഖമാരുടെ തോളിലേറി ഒരന്ത്യ യാത്ര..അവളുടെ വരവിനായി അവിടെ കാത്തിരിക്കാം.. അവള്‍ക്കും വരാതിരിക്കാനാകില്ലല്ലോ...ദൂരെ ഇരമ്പുന്ന കടല്‍ അടുത്തടുത്ത് വന്നു..കടല്‍കാറ്റ് എന്റെ ദേഹമാകെ തഴുകുന്നു..തിര എന്റെ കാലുകളെ തലോടി നെഞ്ചോളമെത്തുന്നു...പിന്നെ അതെന്നെ പൊതിഞ്ഞു..എന്താനന്തം..തിരകളെന്നെ ഊഞ്ഞാലാട്ടുന്നു...അവയുടെ താളത്തിനൊത്ത് ഞാനും ആടിയുലഞ്ഞ്..എന്നെ ശ്വസിക്കാന്‍ വിടാതെ..കാഴ്ചകള്‍ മറച്ച്..ചിന്തകള്‍ മറച്ച്...സര്‍വ നാഡിമിടിപ്പുകളെയും തടുത്ത്..പക്ഷേ എപ്പോഴോ എന്റെ നാസദ്വാരങ്ങളിലേക്ക് പ്രാണ വായു ഒരു കടല്‍ക്കാറ്റിന്റെ ആരവത്തോടെ ഇരമ്പിയെത്തുന്നു..അവ വലിച്ചെടുക്കാന്‍ എന്റെ ശ്വസനേന്ദ്രിയങ്ങള്‍ പാടുപെടുന്നു..എവിടെ നിന്നോ വെളിച്ചത്തിന്റെ സ്ഥൂല കണികകള്‍ എന്റെ കണ്ണുകളിലേക്ക്.... ഹൃദയ മിടിപ്പിന്റെ ശബ്ദ വീചികള്‍...നാഡിയുടെ സ്പന്ദനങ്ങള്‍.. ആദിയുടെ തുടിപ്പുകള്‍..വീണ്ടും പ്രാണന്റെ തരംഗങ്ങള്‍...ഞാന്‍ എന്നിലേക്ക് വീണ്ടും മടങ്ങിയെത്തുകയാണ്...ആരുടെയൊക്കെയോ സഹായത്തോടെ ഞാന്‍ വീണ്ടുമെന്റെ ഗ്രാമത്തിലേക്കെത്തി..അതെന്നില്‍ വീണ്ടും ഭ്രാന്തമായ ആവേശങ്ങളുണര്‍ത്താന്‍ തുടങ്ങി..ഞങ്ങളുടെ ഓരോ സംഗമസ്ഥലങ്ങളിലും ചെന്ന്‍ ഞാന്‍ ഭ്രാന്തമായി അലറാന്‍ തുടങ്ങി..എന്റെ വാക്കുകള്‍ക്ക്, ചിന്തകള്‍ക്ക്, കാഴ്ചകള്‍ക്ക്, ചലനങ്ങള്‍ക്ക് എപ്പോഴൊ മസ്ത്ഷ്കത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി..തലയ്ക്കകത്ത് ഒരു ചിതല്‍പുറ്റ് പെരുകി വരുന്നത് പോലെ...എന്റെ കഥയുടെ കേള്‍വിക്കാരേ ...നിങ്ങള്‍ ചെവിയോര്‍ക്കൂ..ജബര്‍ മലനിരകളില്‍ നിന്നും ഒരു ശബ്ദം, ഭീതിതമായ ഒരാത്മവിലാപം നിങ്ങള്‍ കേള്‍ക്കുന്നില്ലേ..എന്റെ നിലവിളികളുടെ പ്രതിധ്വനികള്‍..***പിടിതരാതോടുന്ന കാലദൂരങ്ങള്‍ക്കു സാക്ഷിയായി ഇന്നും അയാള്‍ ആ ഗ്രാമത്തില്‍ ജീവിക്കുന്നു..നീണ്ട അറുപത് വര്‍ഷങ്ങള്‍ ലോകത്തിനു വന്ന മാറ്റങ്ങളറിയാതെ.. മനസ്സിന്റെ, ഹൃദയത്തിന്റെ.. തലച്ചൊറിന്റെ സര്‍വ സങ്കീര്‍ണതകളിലും സമസ്യകളിലും കഴിഞ്ഞ കാലത്തിന്റെ നാട്ടുവഴിയിലെവിടെയോ തനിക്ക് നഷ്ടപ്പെട്ട തന്റെ പ്രിയകാമുകിയെക്കുറിച്ചുള്ള ചുട്ടുപൊള്ളുന്ന ഓര്‍മകളും പുണര്‍ന്ന്‍....

എന്റെ ഗ്രാമത്തിന്റെ അടയാളങ്ങള്‍ തേടി - കഥ - അഷ് റഫ് കടന്നപ്പള്ളി.

പിടിതരാതോടുന്ന ജീവിത യാത്രയില്‍ നാം എത്ര മനുഷ്യരുമായി പരിചയപ്പെടുന്നു. പക്ഷേ, എന്തു കൊണ്ടാണ് ചില മനുഷ്യര്‍ മാത്രം മനസ്സിന്റെ തിരക്കൊഴിഞ്ഞ ഇടവേളകളില്‍ നമ്മോട് എന്നും സവദിക്കുന്നത്. ചിലര്‍ മാത്രം എന്താണ് കാലത്തിന്റെ ഏത് കുത്തൊഴുക്കിലും ഒലിച്ചു പോകാതെ ഓര്‍മകളുടെ ഏതോ കോണില്‍നിന്നും തന്റെ സാന്നിധ്യം എപ്പോഴും അറിയിച്ച് കൊണ്ടിരിക്കുന്നത്...നാരായണേട്ടന്‍ എന്ന മനുഷ്യന്‍ ഓര്‍മയിലേക്ക് ഓര്‍ക്കാപ്പുറത്തെത്തുമ്പോഴൊക്കെ എനിക്കങ്ങിനെ തോന്നാറുണ്ട്.പത്തുവയസ്സുള്ളപ്പോള്‍ ഗ്രാമത്തിന്റെ നിഷ്കളങ്കതയില്‍നിന്നും ദൂരെ ദൂരെ കടലും കടന്ന്‍ നഗരത്തിന്റെ യാന്ത്രികതയിലേക്ക് പറിച്ചു നടപ്പെടുന്നതിന് മുമ്പ് തന്നെ നാരായണേട്ടന്‍ എന്റെ ബോധതലത്തില്‍ ഒരു ബിന്ദുവായി മാറിയിരുന്നു. പിന്നീടങ്ങോട്ട് എന്നും തിരക്കേറിയ ജീവിതത്തിന്റെ ഏകാന്തതകളില്‍ ആബിന്ദു നാരായണേട്ടന്റെ മുഖമായി മന്നസിലേക്ക് കടന്നുവരും. അപ്പോള്‍ ഗ്രാമം എന്റെ മുമ്പില്‍ ഇതള്‍ വിടര്‍ത്തുകയായി...ഭൂത കാലത്തിന്റെ നാട്ടുവഴികള്‍ തുറക്കപ്പെടുകയായ്..അതിലൂടെ ഗ്രാമത്തിന്റെ മണം ഒരു കുളിര്‍ കറ്റായ് വീശിയെത്തുകയായ്..പിന്നെ ഞാനൊരഞ്ചു വയസ്സുകാരനാകും..അഞ്ച് വയസ്സുകാരനാകാന്‍ കാരണമുണ്ട്, എന്റെ ഓര്‍മപ്പട്ടികയിലെ ആദ്യതാള്‍ തുടങ്ങുന്നത് അഞ്ചാം വയസ്സിലാണ്...അമ്മയുടെ വിരല്‍ ത്തുമ്പില്‍ തൂങ്ങി സ്കൂളിന്റെ പടിവാതില്‍ക്കലെത്തി..എനിക്ക് പേടിയുണ്ടായിരുന്നോ..അതോ സന്തോഷമോ..കണ്ണിനു ചുറ്റും ചുകപ്പുള്ള ഹെഡ്മാഷിനു മുമ്പില്‍ അമ്മയോടൊത്ത് നിന്നു..അമ്മയോട് ചോദിച്ച് മാഷ് എന്തൊക്കെയോ കുറിച്ചു..പിന്നെ എന്റെ മുഖത്ത് തട്ടി മിടുക്കനാകണം എന്നു പറഞ്ഞു.അതുകഴിഞ്ഞ് അമ്മ എന്നെയും കൂട്ടി സ്കൂളിന്റെ എതിര്‍വശത്തുള്ള ചായക്കടയിലേക്ക് പോയി.."നാരാണേട്ടാ ഇവനൊരു വെള്ളച്ചായയും ബെന്നും കൊടുത്തേ.."അപ്പോള്‍ ഞാന്‍ നാരാണേട്ടന്റെ മുഖത്ത് നോക്കി. നാരാണേട്ടന്‍ എന്നെയും. ചിരിച്ചുകൊണ്ട്..ഞാന്‍ നാരാണേട്ടന്‍ ചായ തണുപ്പിക്കുന്നത് തന്നെ നോക്കി നിന്നു..ഒരു കൈ വളരെ ഉയര്‍ത്തിക്കൊണ്ട് ചായക്കപ്പില്‍നിന്നും വളരെ താഴ്ത്തിപ്പിടിച്ചിരിക്കുന്ന മറ്റേ കൈയിലെ ഗ്ലാസ്സിലേക്ക് വളരെ അനായസമായി ചായ ഒഴിച്ചു കൊണ്ടിരുന്നു..അതുപോലെ തിരിച്ചും.. ഞാന്‍ എന്റെ ഉണ്ടക്കണ്ണുകള്‍ പരമാവധി മിഴിച്ച് ആ അല്‍ഭുതക്കാഴ്ച നോക്കിക്കൊണ്ടിരുന്നു.."ഇവന്‍ നാരണേട്ടന്‍ ചായയേന്തുന്നത് തന്നെ നോക്കേന്ന്‍.." അമ്മ ചിരിച്ച്കൊണ്ട് പറഞ്ഞു..എനിക്ക് നാണം തോന്നി..അമ്മ ഒരുകഷണം ബെന്ന്‍ വെള്ളച്ചായയില്‍ മുക്കി വായിലിട്ട് തന്നു.നല്ല സ്വാദ്..നല്ല മധുരം."സ്കൂളില്‍ വരാന്‍ പേടിക്കേന്നും വേണ്ട കുട്ടാ.. നാരാണേട്ടനില്ലെ ഇവിടെ.."ആ നാട്ടിലെ എല്ലാ അമ്മമാര്‍ക്കും ആ ഒരു ധൈര്യമുണ്ട്..തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ നാരാണേട്ടന്റെ മുഖം എന്റെ മനസ്സില്‍ തറച്ചു നിന്നു..ഇടയ്ക്കിടെ നാരാണേട്ടന്‍ ചായ പകരുന്ന രംഗം ഞാന്‍ കാണിച്ചു കൊണ്ടിരുന്നു. അന്ന് വീട്ടിലെത്തി കുളിമുറിയില്‍ കയറി രണ്ട് കപ്പില്‍ വെള്ളമെടുത്ത് അത് പലയാവര്‍ത്തി ചെയ്തു...അമ്മ കുറേ വഴക്ക് പറഞ്ഞപ്പോഴാണ് നിര്‍ത്തിയത്...***നാരാണേട്ടന്‍ എന്റെ നാടിന്റെ വിശേഷണം കൂടിയാണ്."സ്കൂളെവിടെയാ""നാരണേട്ടന്റെ ചായക്കടേടെ എതിര്‍ ഭാഗത്ത്""ബാര്‍ബര്‍ഷോപ്പെവിടെയാ""നാരാണേട്ടന്റെ കടയുടെ തൊട്ടിപ്പുറത്ത്""ആ ബാലേട്ടന്റെ വെടെവിടെയാ""അത് നാരാണേട്ടന്റെ കടയുടെ തൊട്ടപ്പുറത്തെ ഇടേലൂടെ താഴോട്ടിറങ്ങിയാ മതി"ഇങ്ങിനെ എന്തിനും ഏതിനും നാരാണേട്ടന്‍ ഒരു വിശേഷണമാണ്. നാരാണേട്ടന്റെ കടയെവിടെയാണെന്ന്‍ ആരും ആരോടും ചോദിക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല. ആ നാട്ടിലെ ആ ചെറിയ കവല നിയന്ത്രിക്കുന്നത് നാരണേട്ടനാണ്. കവലയെന്നു പറഞ്ഞാല്‍ ആകെ നാരാണേട്ടന്റെ ചായക്കട, കാദര്‍ക്കാന്റെ പീടിക, ബാലകൃഷ്ണന്റെ ബാര്‍ബര്‍ ഷാപ്പ്, എല്‍.പി. സ്കൂള്‍, ഒരു തപാല്‍പെട്ടി, അശോകന്റെ മിഠായിപ്പീടിക, നവ കേരള വായനാശാല, പിന്നെ സ്കൂളോട് ചേര്‍ന്നൊരു ചെറിയ കളിസ്ഥലവും. കവലയെ ആദ്യമുണര്‍തുന്നത് നാരാണേട്ടനാണ്. സുബിഹ് നിസ്കാരവും കഴിഞ്ഞ് കാദര്‍ക്ക പീടിക തുറക്കാന്‍ എത്തുമ്പോഴേക്കും നാരാണേട്ടന്‍ കട തുറന്ന്‍ വെള്ളം തിളപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. നാരാണേട്ടന്റെ ആദ്യത്തെ കട്ടന്‍ ചായ കാദര്‍ക്കാക്കാണ്. പിന്നെ ഒന്നെടുത്ത് നാരണേട്ടനും കുടിക്കും.ഇരുവരും ചായ കുടിച്ച് കഴിയുമ്പോഴേക്കു മാത്രമേ രാമേട്ടന്‍ പാലും കൊണ്ട് എത്തുകയുള്ളൂ. അപ്പോഴേക്കും ഓരോരുത്തരായി എത്താന്‍ തുടങ്ങും. സുലൈമാനിക്ക, കേളപ്പേട്ടന്‍, രാമേട്ടന്‍, കണ്ണേട്ടന്‍...ഏതു മഴയിലും മഞ്ഞിലും അവരെത്തും. കാദര്‍ക്കാന്റെ കടയിലെ ദിനേഷ് ബീഡിയും നാരാണേട്ടന്റെ ചായയും..ഇതൊഴിവാക്കിയാല്‍ ഒരു ദിവസം തുടങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍...ഒരു പാട് വിശേഷങ്ങള്‍ പങ്കുവെച്ച് ചായകുടി ഒരാഘോഷമാക്കി മാറ്റും അവര്‍..നാട്ടുകാര്യങ്ങള്‍ മുതല്‍ അന്തര്‍ദേശീയ കാര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്ത്..ഉണര്‍ത്തുന്നത് പോലെ തന്നെ കവലയെ ഉറ‍ക്കുന്നതും നാരാണേട്ടന്‍ തന്നെ. അവസാനത്തെ നിരപ്പലകയും ചാലൊപ്പിച്ച് ചേര്‍ത്തുവെച്ച് വലിയ ഇരുമ്പ് താഴിട്ട് പൂട്ടി റാന്തല്‍ തിരി അണച്ച് കവലയെ ഇരുട്ടിലേക്കും നിശ്ശബ്ധതയിലേക്കും തള്ളിവിട്ട് നാരാണേട്ടന്‍ വീട്ടിലേക്ക് പോകും. ആകവലയില്‍ ആകെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിക്കീഴിലിരുന്ന്‍ ചര്‍ച്ച നടത്തുന്നവരും നാരണേട്ടന്‍ കടയടക്കാന്‍ തുടങ്ങുമ്പോഴേക്കും പിരിഞ്ഞു പോകും.നാരാണേട്ടനും അച്ഛനും കുടുംബ സുഹൃത്തുക്കളെപ്പോലെയാണ്. അച്ഛന്‍ അവധിക്ക് നാട്ടില്‍ വന്നാല്‍ എന്നും നാരാണേട്ടന്റെ കടയില്‍ പോകും. അവിടന്നേ ചായ കുടിക്കൂ..നാരാണേട്ടന്റെ കടയിലേക്കുള്ള നെയ്യപ്പം, ദോശ, കടലക്കറി എന്നിവ ഉണ്ടാക്കുന്നത് നാരണേട്ടന്റെ ഭാര്യ ലക്ഷ്മിച്ചേച്ചിയാണ്..ഒരുദിവസം അച്ഛന്‍ എനിക്ക് ദോശയും കടലക്കറിയും വാങ്ങിത്തന്നു..അതിനൊരു പ്രത്യേക രുചി തന്നെയായിരുന്നു. ലക്ഷ്മിച്ചേച്ചിക്കും എന്നെ വലിയ കാര്യമായിരുന്ന്‍.ഇടയ്ക്കിടെ എന്റെ മുടിയിഴകള്‍ക്കിടയിലൂടെ വിരലുകളോടിച്ച് എന്നോട് സ്നേഹം പ്രകടിപ്പിക്കും.എന്റെ ഗ്രാമാത്തോട് ഞാന്‍ വിട പറയുമ്പോള്‍ എന്റെ ഗ്രാമത്തിന്റെ രുചിയും യാഥാഥ്യങ്ങളും എന്റെ കൂടെയുണ്ടായിരുന്നു.****അമ്മയുടെ മരിച്ചുകൊണ്ടിരിക്കുന്ന ഓര്‍മകളില്‍നിന്നും കുറിച്ചെടുത്ത വഴിവിവരവുമായി ഞാനെന്റെ ഗ്രാമത്തിലേക്ക് യാത്രയായി. യാത്ര തിരിക്കുമ്പോള്‍ തന്നെ നാരണേട്ടന്‍ ജീവിച്ചിരിപ്പുണ്ടാവില്ല എന്ന്‍ തന്നെ മനസ്സ് ഉറപ്പിച്ചിരുന്നു. ഉണ്ടെങ്കില്‍ തന്നെ തൊണ്ണൂറു കഴിഞ്ഞിട്ടുണ്ടാകും.അമ്മയെക്കാള്‍ പത്തിരുപത് വയസ്സ് മൂപ്പ് വരും എന്നാണമ്മ പറഞ്ഞത്. അമ്മയ്ക്ക് എഴ്പത് കഴിഞ്ഞു.മനസ്സ് നിറയെ ആകാംക്ഷയായിരുന്നു. എന്തെല്ലാം മാറ്റങ്ങളായിരിക്കും എന്റെ നാട്ടിനുണ്ടാകുക. നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ കൊഴിഞ്ഞു..എന്തിനാണീ യാത്ര..എന്നെ അറിയുന്നവര്‍ ആരാണുണ്ടാകുക. എങ്കിലും ഈ യാത്ര ഒരനിവാര്യതയാണ്. പൊക്കിള്‍കൊടി അലിഞ്ഞ് ചേര്‍ന്ന മണ്ണ് തേടിയുള്ള യാത്ര. സ്വന്തം അസ്തിത്വം തേടിയുള്ള യാത്ര. എയര്‍പോര്‍ട്ടില്‍ നിന്നും കാറില്‍ കയറുമ്പോള്‍ ഹൃദയം തുടിച്ചു. ഇതാ എന്റെ നാടിന്റെ മണം എന്റെ നാസാദ്വാരങ്ങളിലേക്കിപ്പോള്‍ ഒഴുകിയെത്തും. അതെന്നെ ഒരു പുതിയ അനുഭൂതിയുടെ ഉന്നത തലങ്ങളിലെത്തിക്കും. എന്റെ ഗ്രാമ വീഥികള്‍.. അതിലൂടെ ഒരഞ്ച് വയസ്സുകാരനായി ഓടിക്കളിക്കണം..കുന്നുകളില്‍നിന്നും കുത്തിയൊഴുകി വരുന്ന കാണിച്ചാല്‍തോടിലെ തെളിനീര്‍ കൊണ്ട് മുഖം കഴുകണം. മരങ്ങളോടും പക്ഷികളോടും സല്ലപിക്കണം..എന്റെ ചിന്ത ഒരു കുട്ടിയുടെ പോലെ ബാലിശമാകാന്‍ തുടങ്ങി...ആ ഗ്രാമത്തില്‍ ഞാനൊരു കുട്ടി തന്നെയാ..ഒരുപാട് വാശികളുള്ള ഒരു കുട്ടി.ചിന്തകളെ സ്വതന്ത്രമായി മേയാന്‍ വിട്ടപ്പോള്‍ സമയം പോയതറിഞ്ഞില്ല. അതിനിടയില്‍ ഡ്രൈവര്‍ ഒന്നു രണ്ട് സ്ഥലത്ത് നിര്‍ത്തി വഴി ചോദിച്ചിരുന്നു.എനിക്ക് തികച്ചും അപരിചിതമായ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി."സാര്‍ ഇതാണ് സാര്‍ അന്വേഷിക്കുന്ന സ്ഥലം എന്നു തോന്നുന്നു."ഇതാകാന്‍ വഴിയില്ലല്ലോ എന്ന ആത്മഗതത്തോടെ വണ്ടിയില്‍‍ നിന്നും ഇറങ്ങി ഞാന്‍ പരിസരം വീക്ഷിച്ചു.ഇതൊരു ചെറിയ പട്ടണമാണല്ലോ.."നമുക്ക് തെറ്റിയെന്നു തോന്നുന്നു" ഞാന്‍ ഡ്രൈവറോട് പറഞ്ഞു." ഏയ് ഇല്ല സാര്‍ " അയാള്‍ തറപ്പിച്ചു പറഞ്ഞു.വഴിയേ പോകുന്ന ഒരാളോട് ഞാന്‍ അന്വേഷിച്ചു. അയാളും അത് സ്ഥിരീകരിച്ചു.എന്റെ ഓര്‍മയിലെ നാടിന്റെ ഏതെങ്കിലും അടയാളത്തിനു വേണ്ടി ഞാന്‍ തിരഞ്ഞു. വലിയ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, ഷോപ്പുകള്‍..ഞാന്‍ റോഡരികിലൂടെ നടന്നു. വീതിയേറിയ റോഡില്‍കൂടി വാഹനങ്ങള്‍ ചീറിപ്പായുന്നു. കുറച്ച് ദൂരം നടന്നു ഞാന്‍. ഇനിയും ഇങ്ങിനെ വെറുതെ നടക്കുന്നതിലര്‍ഥമില്ലെന്നു കരുതി ഒരു വഴിപോക്കനോട് ഇവിടെ ഒരു നാരായണേട്ടനുണ്ടോ എന്നു ചോദിച്ചു, അവരുടെ മകന്‍ ഹരി..ഇങ്ങിനെയുള്ള ഒരു പട്ടണത്തില്‍ ചെന്ന്‍ ഒരു വ്യക്തിയെക്കുറിച്ച് അന്വേഷിക്കുന്നതിലെ അര്‍ത്ഥശൂന്യത എനിക്ക് ബോധ്യമുണ്ടായിട്ടും വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ചോദിച്ചു. അയാള്‍ എന്നെ ആകമാനം ഒന്നു നോക്കി, അറിയില്ല എന്നു പറഞ്ഞ് നടന്നു നീങ്ങി. ഞാന്‍ അറ്റ കൈക്ക് വേറൊരാളോട് കൂടി ചോദിച്ചു.' ഹരി?' അയാള്‍ എന്തോ ആലോചിച്ചിട്ടെന്ന പോലെ കുറച്ചകലേക്ക് കൈചൂണ്ടി പറഞ്ഞു.."ആ കാണുന്ന കാസിനോ റെസ്റ്റോറന്റ് നടത്തുന്നത് ഹരികുമാര്‍ എന്നൊരാളാണ്. നിങ്ങള്‍ അവിടെ ഒന്നന്വേഷിച്ച് നോക്ക്" എന്നു പറഞ്ഞു. ഞാന്‍ അങ്ങോട്ട് നടന്നു. വലിയ റെസ്റ്റോറന്റ്, രണ്ട് നിലകളിലായി. "ചൈനീസ് ഫൂഡ് അവൈലബ്ള്‍ എന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്. കാഷ് കൗണ്ടറില്‍ തടിച്ച് കട്ടിമീശ വെച്ച ഒരാള്‍ ഇരിപ്പുണ്ട്. മധ്യ വയസ്സ് കഴിഞ്ഞ ഒരാള്‍. ഞാന്‍ അയാളുടെ അടുത്ത് ചെന്നു.." ഹരി കുമാര്‍".."അതെ", അയാള്‍ പറഞ്ഞു..."നാരാണേട്ടന്റെ ..പണ്ട് ഇവിടെ ചായക്കട നടത്തിയിരുന്ന നാരാണേട്ടന്റെ മകന്‍ ഹരി...""അതേ" അയാള്‍ അല്‍പം ആകാംക്ഷയോടെ ചോദിച്ചു, "നിങ്ങളാരാ""ഞാന്‍ വളരെ മുമ്പ് ഇവിടെ താമസിച്ചിരുന്നതാ.. അച്ഛനിപ്പോള്‍..""അച്ഛന്‍ മരിച്ചിട്ട് പത്തു പതിനഞ്ച് വര്‍ഷം കഴിഞ്ഞു""ഈ നാട് വളരെ മാറിയിരിക്കുന്നു. എനിക്ക് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല"അയാള്‍ ഒന്നു കുലുങ്ങിച്ചിരിച്ചു."എല്ലാം വളരെ പെട്ടെന്നായിരുന്നു. ഇവിടെ മെഡികല്‍ കോളേജും സൂപര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും വന്നതിനു ശേഷം ഒരു കുതിച്ച് കയറ്റമായിരുന്നു. ആ പിന്നെ നിങ്ങളെ എനിക്കു മനസ്സിലായില്ല""ഹരികുമാറിന് ഓര്‍മയുണ്ടോ എന്നറിയില്ല. പണ്ട് ഇവിടെ താമസിച്ചിരുന്ന കൃഷ്ണന്റെ മകന്‍ അനന്തു""എനിക്കങ്ങോട്ട് ശരിക്ക് ഓര്‍മയില്‍ വരുന്നില്ല. പഴയ നാട്ടുകാരായിട്ട് ഇവിടെ ഇപ്പോള്‍ വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ ഉള്ളൂ. മെഡികല്‍ കോളേജ് വന്ന്‍ സ്ഥലത്തിന് വില കുത്തനെ കൂടിയപ്പോള്‍ നല്ല കാശിന് സ്ഥലം വിറ്റ് കുറെപേര്‍ ഈ നാടിനോട് വിട പറഞ്ഞു..ലക്ഷങ്ങളാ സെന്റിന് വില. ഞാനും കുറച്ച് വിറ്റു. അത് കൊണ്ടാ ഇത് കെട്ടിപ്പൊക്കിയത്."" ഞങ്ങള്‍ ഇതൊക്കെ വരുന്നതിന് വളരെ മുമ്പേ പൊയതാ.. പത്ത് നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്." ഞാന്‍ പറഞ്ഞു."അത് കൊണ്ടാ എനിക്ക് തീരെ ഓര്‍മയില്‍ വരാത്തത്.""അച്ഛന്റെ ചായക്കട ഇരുന്ന സ്ഥലം തന്നെയല്ലെ ഇത്" ഞാന്‍ നിര്‍വികാരനായി ചോദിച്ചു."അതെ"ഞാന്‍ എതിര്‍ വശത്തെ പഴയ സ്കൂള്‍ ഇരുന്ന സ്ഥലത്തേക്ക് നോക്കി."എവറസ്റ്റ് ഹോട്ടെല്‍. ബാര്‍ അറ്റാച്ച്ഡ്".. ഞാന്‍ അന്ധാളിച്ചു.പഴയ സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞത് കൊണ്ട് അവര്‍ പൂട്ടി. സ്ഥലവും വിറ്റു. പിന്നെ രണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വന്നു. എന്റെ അന്ധാളിപ്പ് കണ്ട് ഹരി പറഞ്ഞു."ഇപ്പോള്‍ ഇത് വളരെ ബിസി ഏരിയയാ.. ഫ്ലാറ്റുകളും കുറെ വന്നു. എയര്‍പോര്‍ട്ടിന്റെ പണി കൂടി തീരുമ്പോഴേക്കും പിന്നെ പറയാതിരിക്കുന്നതാ നല്ലത്..പല വി.ഐ.പികളും സെറ്റ്ല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതിവിടെയാ..എന്തൊരു പുരോഗതിയാ നമ്മുടെ നാടിന്..." അയാള്‍ പറഞ്ഞു കൊണ്ടിരുന്നു..എനിക്ക് വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി.എവിടെ എന്റെ ഗ്രാമം. എന്റെ ഗ്രാമ ഭാഷ.നട്ടുച്ചയുടെ കനത്ത ചൂടില്‍ വിയര്‍ത്തുകിടന്ന നഗര വീഥിയിലൂടെ ഞാന്‍ നടന്നു..എന്റെ സ്വപ്നങ്ങളിലേക്ക് സുന്ദരമായ എന്റെ ഗ്രാമം ഇനി കടന്നു വരുമോ..വര്‍ഷങ്ങളോളം ഞാന്‍ മനസ്സില്‍ താലോലിച്ചിരുന്ന എന്റെ ഗ്രാമത്തിന്റെ അടയാളങ്ങള്‍ തേടിയുള്ള യാത്രയുടെ ഗതിയോര്‍ത്ത് എനിക്ക്...