Saturday, September 19, 2009
ഒരു മഴയുടെ ഓര്‍മ്മയ്ക്ക്...(കഥ - അഷ്റഫ് കടന്നപ്പള്ളി)
ഗോര്‍ഫഖാന്‍ മലനിരകള്‍ക്കപ്പുറത്ത് നിന്നും മഴമേഘങ്ങള്‍ ഇരമ്പി വരുന്നത് നോക്കി നില്‍ക്കേ തുലാ മാസത്തിലെ ഒരു കുളിര്‍ മഴ ഞാന്‍ ഓര്‍ത്തെടുത്തു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ബേക്കല്‍ തീരത്ത് പെയ്ത ആ മഴയില്‍ എന്റെ കൂടെ ജസീക്കാ തോമസുമുണ്ടായിരുന്നു. കോട്ടയിലൊന്നിന്റെ നിരീക്ഷണ വിടവിലൂടെ കടലില്‍ മഴ പെയ്യുന്നത് ഞങ്ങള്‍ ഒരു കുടക്കീഴില്‍ നിന്ന്‍ നോക്കിക്കണ്ടു.കുളിര് പെയ്യുന്ന ആ മഴയിലും ജസീക്കാ തോമസിന്റെ ചുടു നിശ്വാസം എന്റെ നെഞ്ചിന്‍ കൂടിലേക്കൂര്‍ന്നിറങ്ങി." ജസീക്കാ നീ ഓര്‍ക്കുന്നുണ്ടോ, മനസ്സിലൊരു കുളിര്‍ മഴയായി നീ പെയ്തിറങ്ങുമ്പോള്‍..." എന്റെ പ്രണയ ലേഘനത്തിലെ ആദ്യാക്ഷരങ്ങള്‍."."പിന്നെ..." മഴത്തുള്ളികള്‍ നനച്ച എന്റെ കണ്ണുകളിലേക്ക് നോക്കി ജസീക്ക ചോദിച്ചു." ഹൃദയത്തില്‍ പ്രണയമുണര്‍ത്തുന്ന പ്രകൃതിയുടെ താളമാണ് മഴ.." ഞാന്‍ പറഞ്ഞു.ജസീക്ക ചിരിച്ചു, നിശ്ശബ്ദമായി, ചുണ്ടുകളില്‍ നേരിയ ഒരു ചലനം പോലുമില്ലാതെ. പക്ഷേ അവളുടെ ചിരി എനിക്കാ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞു."ജസീക്കാ നിന്റെ ഈ ചിരി എനിക്കു മാത്രമുള്ളതാണ്..." എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു.മൗനത്തില്‍ ചാലിച്ച അവളുടെ ഈ ചിരിയുടെ അര്‍ഥമെന്താണ്."നോക്കൂ ജസീക്കാ കടലില്‍ മഴ പെയ്യുന്നത്. എത്ര വേഗമാണ് ആ മഴത്തുള്ളികള്‍ കടലിന്റെ അപാരതയിലലിയുന്നത്."" ബിനൂ നീ മനോഹരമായി സംസാരിക്കുന്നു. നിന്റെ വിരല്‍ത്തുമ്പില്‍ കവിത വിരിയുമോ." ജസീക്ക ചോദിച്ചു.എനിക്ക് പറയണമെന്നുണ്ടായിരുന്നു.ജസീക്കാ കവിത എന്റെ വിരല്‍ത്തുമ്പിലല്ല, എന്റെ ഹൃദയത്തിലാണ്.നിന്റെ സാമീപ്യ, ഈ മഴയുടെ സാന്നിധ്യം, പ്രണയാര്‍ദ്രമായ ഈ സായന്തനം, നമ്മെ പൊതിയുന്ന ഈ കടല്‍ക്കാറ്റിന്റെ കുളിര്‍മ, അതിന്റെ ആരവം.. എന്നിലുണര്‍ത്തുന്നത് പ്രണയ പരവശനായ ഒരു കാമുകന്റെ ആത്മ ഗീതമാണ്. കേള്‍ക്കുന്നില്ലേ ഒരു മഴപ്പാട്ടിന്റെ മാധുരി അലയടിച്ചെത്തുന്നത്..കാണുന്നില്ലേ മഴനൂലുകള്‍ അവയുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നത്..കരയിലേക്കിരമ്പി വരുന്ന തിരമാലകള്‍ ഒന്നിനു പിരകേ മറ്റൊന്നായി ഒരു നൃത്ത മഹോത്സവം തീര്‍ക്കുന്നത്...പക്ഷേ ഞാനൊന്നും പറഞ്ഞില്ല. ഞങ്ങള്‍ക്കിടയില്‍ പലപ്പോഴും ആവശ്യമില്ലാതെ മൗനം കടന്നു വരാറുണ്ട്. പറയാനുള്ളത് പലതും പറയാതെ....."ജസീക്കാ നാമെന്തേ ഇങ്ങിനെ..""മനസ്സിന്റെ വിശുദ്ധിയാണ് മൗനം.. നമുക്ക് മൗനം കൊണ്ട് സംസാരിക്കാം"അതും പറഞ്ഞ് അവള്‍ ചിരിച്ചു. എനിക്കു മാത്രമായുള്ള അവളുടെ ചിരി.****കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ആ ചരിത്ര സംവാദത്തിലേക്ക് അവിചാരിതമായ എന്റെ എത്തിപ്പെടല്‍ എന്നെ ജസീക്കയിലേക്കടുപ്പിക്കുകയായിരുന്നു. സംവാദത്തിലേര്‍പ്പെട്ട് തികച്ചും വ്യത്യസ്തമായ് ജസീക്ക സംസാരിച്ചപ്പോള്‍ ഞാനവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു..എന്താണ് എന്നെ നിന്നിലേക്കടുപ്പിച്ചത്.. നിന്റെ മൂര്‍ച്ചയേറിയ വാക് ചാതുരിയോ, നിന്റെ ആശയങ്ങളോ, അതോ നിന്റെ കണ്ണുകളുടെ അഗാധതയില്‍ മറഞ്ഞു കിടന്നിരുന്ന പ്രണയത്തിന്റെ തരംഗവീചികളോ.. ഒരു പരിചയപ്പെടലിന്റെ മുഖവുരയുമായി ഞാന്‍ അവളിലേക്ക് ചെന്നപ്പോള്‍ അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി. നീ എന്താണെന്റെ കണ്ണുകളില്‍ കണ്ടത്. ഒരു പരിചയപ്പെടല്‍ മാത്രമല്ലല്ലോ ഞാന്‍ ഉദ്ധേശിച്ചത്. അത് നീ എങ്ങിനെ തിരിച്ചറിഞ്ഞു..."ബിനൂ നീ എന്നെ പ്രണയിക്കുന്നോ.. എന്തോ നിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ എനിക്കങ്ങിനെ തോന്നുന്നു..."തികച്ചും അപ്രതീക്ഷിതമായ ചോദ്യം. ഞാന്‍ തീര്‍ത്തും പകച്ചു പോയി. അപ്പോള്‍ പുറത്ത് ഒരു മഴ പെയ്യുന്നുണ്ടായിരുന്നു...ജസീക്കാ നിന്നെ കണ്ടത് മുതല്‍ നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു.****പ്രണയ ദിനങ്ങള്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങളാണെന്ന്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു.. അന്നു മുതല്‍ മഴയുടെ പ്രണയ താളം ഞാനറിഞ്ഞു...രാത്രിയുടെ ഏകാന്തതയില്‍ ജാലകപ്പഴുതിലൂടെത്തുന്ന കാറ്റിന് പ്രണയത്തിന്റെ കുളിര്‍ സ്പര്‍ശമുണ്ടെന്നറിഞ്ഞു...നിലാവ് നിറഞ്ഞൊരു പുഴ..പുഴയിലൊരു ചങ്ങാടം...പുഴയുടെ ഓളങ്ങള്‍ക്കൊപ്പം ചാഞ്ചാടുന്ന ചങ്ങാടം..ചങ്ങാടത്തില്‍ പരസ്പരാലിംഗനത്തിലേര്‍പ്പെട്ട രണ്ട് പ്രണയ നിഴലുകള്‍.. ഈ പുഴയ്ക്കൊരു കരയില്ലായിരുന്നെങ്കില്‍..ഈ നിലാവ് ഒരിക്കലും അസ്തമിക്കാതിരുന്നെങ്കില്‍...*****പക്ഷേ ജസീക്കാ നീ എപ്പോഴാണെന്നില്‍നിന്നുമകലാന്‍ തുടങ്ങിയത്.." ബിനൂ നീ എന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ അമിതമായി ഇടപെടുന്നു..എനിക്കതിഷ്ടമല്ല" ഒരിക്കല്‍ നീ എന്നോട് വെട്ടിത്തുറന്ന്‍ പറഞ്ഞപ്പോള്‍ നീയറിയുമോ ഞാനെത്രമാത്രം വേദനിച്ചെന്ന്‍...എന്താണ് ഞാന്‍ ചെയ്തത്? നിന്റെ ചുണ്ടുകളില്‍ എരിയുന്ന സിഗരറ്റുകളെ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടതോ..നിന്റെ കൈത്തണ്ടകളിലെ സിറിഞ്ചിന്റെ പാടുകളെ ഞാന്‍ ശ്രദ്ധ്രിച്ചതോ.. നിന്റെ സായന്തനങ്ങള്‍ ലഹരിയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയലഞ്ഞപ്പോള്‍ ഞാന്‍ വിലക്കിയതോ..അസ്തമയ സൂര്യന്റെ വര്‍ണശോഭയില്‍ മുങ്ങിയ കടല്‍തീരത്ത് കൂടി നടക്കുമ്പോള്‍ നിന്നെ ഞാന്‍ ഓര്‍മിപ്പിച്ചതല്ലേ.. സാബുവുമായുള്ള നിന്റെ കൂട്ട്കെട്ട് അത്ര നല്ലതല്ല എന്ന്‍..പക്ഷേ അന്ന്‍ നീ എന്നോട് കയര്‍ത്തു. പിന്നെ നീ എന്നില്‍ നിന്നും അകലുകയായിരുന്നു..പ്രണയാര്‍ദ്രമായ നിന്റെ കണ്ണുകള്‍, നിന്റെ പ്രണയ മൊഴികള്‍, നിന്റെ ചിരി എല്ലാം എനിക്ക് നഷ്ടപ്പെടുകയായിരുന്നു.. എന്നിട്ടും ജസീക്കാ നിന്റെ തിരിച്ചു വരവിനു വേണ്ടി എത്ര ഞാന്‍ കാത്തിരുന്നെന്നോ..എത്ര സായന്തനങ്ങള്‍ ഒരു പുതുമഴയുടെ ആകസ്മികതയോടെയുള്ള നിന്റെ വരവിനു വേണ്ടി കടലിന്റെ അനന്തയിലേക്ക് നോക്കി ഞാനിരുന്നെന്നോ..പക്ഷേ ജസീക്കാ നീ ...*****അവള്‍ വന്നു. നിര്‍ത്താതെയുള്ള ഡോര്‍ബെല്‍ ശബ്ദം കേട്ട് ഞാന്‍ പുറത്തിറങിയപ്പോള്‍ കണ്ടത് ദയനീയമായി വിറയ്ക്കുന്ന അവളുടെ മുഖം." ജസീക്കാ നീ ഇപ്പോള്‍ ഇവിടെ.." ഞാന്‍ പകച്ചു പോയി.അവള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.."എന്തു പറ്റി നിനയ്ക്ക്.. എന്നോട് പറയ്.."പെട്ടെന്ന്‍ തന്നെ സാധാരണാവസ്ഥ വീണ്ടെടുത്ത് വളരെ ശാന്തമായ് പറഞ്ഞു.."ബിനു എന്നോട് ക്ഷമിക്കണം. നിന്റെ വാക്കുകള്‍ക്ക് ഞാന്‍ ചെവിയോര്‍ക്കാതിരുന്നത് എന്നെ ഗുരുതരമായ ഒരവസ്ഥയിലെത്തിച്ചു.."ഞാന്‍ ആകാംക്ഷാഭരിതനായി.."സാബു എന്റെ നഗ്നത അവന്റെ കാമറയില്‍ പകര്‍ത്തി.. പിന്നെ പലതും.. എനിക്കെന്നെ നഷ്ടപ്പെട്ടു ബിനൂ.." അതും പറഞ്ഞവള്‍ പൊട്ടിക്കരഞ്ഞു. അവളൊന്ന്‍ പൊട്ടിക്കരയട്ടെയെന്നു കരുതി ഞാന്‍ മിണ്ടാതിരുന്നു.പക്ഷേ അവളുടെ ഭാവം മാറി വന്നത് പെട്ടെന്നാണ്. അവള്‍ ചിരിച്ചു.. അവളപ്പോഴും ഡ്രഗ്സ് കഴിച്ചിട്ടുണ്ടെന്ന്‍ എനിക്ക് മനസ്സിലായി.. പിന്നെ മെല്ലെയവള്‍ പടിയിറങ്ങി..."ജസീക്കാ നില്‍ക്ക്.. നമുക്ക് വഴിയുണ്ടാക്കാം...ഞാനും വരാം നിന്റെ കൂടെ..എന്റെ വാക്കുകളൊന്നും അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അല്ലെങ്കിലും അത്തരം ആശ്വാസ വാക്കുകളിലെ നിസ്സഹായത ആ അവസ്ഥയിലും അവള്‍ ഊഹിച്ചെടുത്തതാകാം.അന്നു വൈകുന്നേരം ആകസ്മികമായൊരു മഴ തിമര്‍ത്തു പെയ്തു. ആ മഴക്കുള്ളിലൂടവള്‍ കടലിലേക്ക് നടന്നു. മഴത്തുള്ളികളോടൊപ്പം അവളും കടലിലൊരു ഒരു തുള്ളിയായലിഞ്ഞു.****ഇരമ്പിയെത്തിയ മഴമേഘങ്ങള്‍ ആകാശം നിറഞ്ഞു. മരുഭൂമിയിലെവിടെയോ രൂപം കൊണ്ടൊരു മണല്‍ക്കാറ്റ് നഗര വീഥിയിലേക്ക് വീശിയെത്തി. ചുട്ടുപഴുത്തിരുന്ന ഭൂമി മഴത്തുള്ളികളുടെ നനുത്ത സ്പര്‍ശമേറ്റ് പുളകിതയായി. നഗരവാസികള്‍ക്കപൂര്‍വ കാഴ്ചയായി വേനല്‍ മഴ പെയ്തിറങ്ങി. ഫ്ലാറ്റിലെ ചില്ലു ജാലകം തുറന്ന്‍ ഞാന്‍ മഴയെ നോക്കികണ്ടു. കാറ്റിനോടൊപ്പം ദിശതെറ്റിയ മഴത്തുള്ളികള്‍ എന്റെ മുഖത്തേക്ക് വീണു...പക്ഷേ അവയ്ക്ക് കുളിരുണ്ടായിരുന്നില്ല..അവ എന്നെ കുത്തി നോവിച്ചു..ഞാന്‍ ചില്ലു വാതിലുകള്‍ വലിച്ചടച്ചു..
Subscribe to:
Post Comments (Atom)
No comments:
Post a Comment