ഇരമ്പിയെത്തിയ മഴമേഘങ്ങള്‍ ആകാശം നിറഞ്ഞു. മരുഭൂമിയിലെവിടെയോ രൂപം കൊണ്ടൊരു മണല്‍ക്കാറ്റ് നഗര വീഥിയിലേക്ക് വീശിയെത്തി. ചുട്ടുപഴുത്തിരുന്ന ഭൂമി മഴത്തുള്ളികളുടെ നനുത്ത സ്പര്‍ശമേറ്റ് പുളകിതയായി. നഗരവാസികള്‍ക്കപൂര്‍വ കാഴ്ചയായി വേനല്‍ മഴ പെയ്തിറങ്ങി.

Tuesday, September 22, 2009

കോഴിക്കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ - കഥ - അഷ് റഫ് കടന്നപ്പള്ളി.

*** കോഴിക്കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ ***
---------------------------------------
കുന്നുമ്പ്രത്ത് മാളിക വീട്ടില്‍ അയ്സുമ്മാന്റെ വീട്ടുമുറ്റത്ത് നിറയെ കോഴികളാണ്. അരിക്കിക്കോഴി, ചങ്കന്‍ കോഴി, പുള്ളിക്കോഴി തുടങ്ങി അയ്സുമ്മാന്റെ നാവിന്‍ തുമ്പില്‍ നിന്നും വീഴുന്ന വിവിധ വിളിപ്പേരുകളിലറിയപ്പെടുന്ന ഒരു വലിയ കോഴിപ്പട തന്നെയത്. വീടിനു ചുറ്റുമുള്ള തെങ്ങിന്‍ തോപ്പില്‍ മേയാനിറങ്ങിയ കോഴികള്‍ പറമ്പിലൂടോടിക്കളിക്കുന്നത് അയ്സുമ്മ കണ്‍കുളിര്‍ക്കെ കണ്ടു രസിക്കും. കുഞ്ഞന്‍ കോഴികള്‍ ചിക്കിപ്പെറുക്കുന്നതും പാറ്റകളുടെ പിന്നാലെയോടി കൊത്തിവലിക്കുന്നതും കാണുമ്പോള്‍ അയ്സുമ്മാന്റെ മുഖത്ത് പുഞ്ചിരി വിരിയും.
അപ്പോള്‍ അയ്സുമ്മാന്റെ മൂത്ത മരുമോള്‍ കദീസു പറയും..
" ഈയുമ്മാന്റെയൊരു കോയിപ്പിരാന്ത്"
"ഈ ദുനിയാവിലെ മുഴ്വന്‍ മന്‍സമ്മാരും പിന്നെ ആകാശത്തൂന്ന്‍ മലക്കോളും മക്കാറാക്കിയാലും* നമ്മക്കൊന്നും ബരാന്‍ പോണില്ല" എന്നു അയ്സുമ്മ അതിനു മറുപടി പറയും.
മൂത്ത മരുമോള്‍ കദീസൂനോ മറ്റ് രണ്ട് ഇളയ മരുമോള്‍മാര്‍ക്കോ അറിയില്ല അയ്സുമ്മയും കോഴികളും തമ്മിലുള്ള ആത്മബന്ധം. അയ്സുമ്മ കോശിമുട്ട വില്‍ക്കുന്നത് ഈയിടെ ഇരുപത്തിയഞ്ച് പൈസ വര്‍ധിപ്പിച്ച് രണ്ട് രൂപ എഴുപത്തിയഞ്ച് പൈസക്കാണ്. പാകമായ് വളര്‍ന്നു കഴിഞ്ഞ പൂവന്‍ കോഴികളെയും അയ്സുമ്മ വില്‍ക്കും. പിടക്കോഴികളെ ഒരിക്കലും അയ്സുമ്മ വില്‍ക്കില്ല. കോഴികളുടെ എണ്ണം കുറയുന്നു എന്നു തോന്നുമ്പോള്‍ ഇരുപത്തിയൊന്ന്‍ മുട്ടയെടുത്ത് കാപ്പില്‍ വെച്ച് വിരിയിക്കും. ഇരുപത്തിയൊന്ന്‍ എന്നത് അയ്സുമ്മാക്ക് മാത്രമറിയാവുന്ന കോഴികളുടെ ഒരു ജീവല്‍ രഹസ്യമാണ്. കാപ്പിലിരിക്കാന്‍ ഭാഗ്യം കിട്ടുന്ന പിടക്കോഴികള്‍ അയ്സുമ്മാന്റെ പ്രത്യേക ശ്രദ്ധക്ക് വിധേയമായതായിരിക്കും. അസമയത്ത് ചേങ്കൂടാന്‍* വരുന്ന പൂവന്‍ കോഴികളോട് പോലും മത്സരിച്ച് ജയിക്കാനുള്ള ഉശിര്, പ്രാപ്പിടിയന്മാരില്‍നിന്നും കുഞ്ഞന്‍കോഴികളെ രക്ഷിക്കാനുള്ള കഴിവ് എന്നിവയെ ആസ്പദമാക്കിയാണ് കാപ്പിലിരിക്കാനുള്ള കോഴികളെ അയ്സുമ്മ തിരഞ്ഞെടുക്കുന്നത്. കൊതിയൂറും കൊക്കുകളുമായി മരക്കൊമ്പിലിരുന്ന്‍ അയ്സുമ്മാന്റെ കുഞ്ഞന്‍കോഴികളെ നോക്കി നെടുവീര്‍പ്പിടാനേ കാക്കള്‍ക്കും പ്രാപ്പിടിയന്മാര്‍ക്കും വിധിയുള്ളൂ. അയ്സുമ്മാന്റെ കണ്ണ് വെട്ടിച്ച് ഇന്നേവരെ ഒരു കുഞ്ഞന്‍കോഴിയെ തട്ടിയെടുക്കാന്‍ ആണായിട്ടോ പെണ്ണായിട്ടോ പിറന്ന ഒരു കാക്കയ്ക്കും പരുന്തിനും കഴിഞ്ഞിട്ടില്ല..
അയ്സുമ്മാന്റെ അയല്‍ക്കാരി നാരായണി കൊല്ലത്തിലൊരിക്കലോ മറ്റോ പത്തോ പന്ത്രണ്ടോ മുട്ട അയ്സുമ്മാനോട് കടം വാങ്ങി കാപ്പിലിരുത്തി വിരിയിക്കുന്നതിനെ ഓരോന്നിനെയായി കാക്കയോ പരുന്തോ കൊണ്ട് പോകുമ്പോള്‍ അയ്സുമ്മ ചോദിക്കും,
"അല്ല നാരണീ.. ന്റെ കണ്ണെബ്ടെയാ..."
.. നാരയണിക്കാകെ ബാക്കിയാകുക മൂന്നോ നാലോ എണ്ണം മാത്രം..നാരാണീടെ പുരുവന്‍* കോരന്‍ കള്ളും കുടിച്ച് വന്ന ഏതെങ്കിലുമൊരു ദിവസം കോഴിയിറച്ചി തിന്നാന്‍ പൂതി മൂത്താല്‍പിന്നെ രണ്ടാമതൊന്ന്‍ ആലോചിക്കാതെ ഒരു കോഴിയെപ്പിടിച്ച് കഴുത്ത് മുരടി വലിച്ചെറിയും. ഒടിഞ്ഞ കഴുത്തുമായി പ്രാണനുവേണ്ടി നിലത്തു കിടന്നു പിടയുന്ന കോഴിയെ കണ്ടാല്‍ നാരായണിക്ക് സങ്കടം വരും. നാരായണി എന്തെങ്കിലും മറുത്ത് പറഞ്ഞാല്‍ പിന്നെ കോരന്റെ വക തെറിയും തൊഴിയും ബാക്കി.നാരായണിയുടെയും രണ്ട് മക്കളുടെയും കരച്ചില്‍ കേട്ട് അയ്സുമ്മ ഓടിവന്ന്‍ രണ്ട് വഴക്ക് പറഞ്ഞാലേ കോരന്‍ ഒന്നടങ്ങൂ. അയ്സുമ്മാന്റെ മുമ്പില്‍ കോരന്‍ മിണ്ടാപ്പൂച്ചയാണ്.
"ഏതായാലും ഓന്‍ കൊന്നില്ലേ. ഇനി നീയതൊന്ന്‍ കറിയാക്ക്."
അയ്സുമ്മ പോകാന്‍ തുടങ്ങുമ്പോള്‍ നരായണീനോട് പറയും.
"അങ്ങിനെ ഓക്ക് പുത്തി പറഞ്ഞ് കൊട്ക്ക് അയ്സുമ്മാത്താ.." എന്ന്‍ കള്ളച്ചിരിയോടെ കുഴഞ്ഞ നാവോടെ കോരന്‍ പറയും.അവസാനം നാരായണി തന്നെ മുളകും മല്ലിയും വറുത്തരച്ച് ഒന്നാന്തരം കോഴിക്കറിയുണ്ടാക്കും. കോരനും നാരായണിയും രണ്ട് മക്കളും അന്ന്‍ കോഴിക്കറി കഴിച്ച് സുഖമായുറങ്ങും.
അയ്സുമ്മാന്റെ ഓര്‍മകളെ എന്നും വേട്ടയാടുന്ന ഒരു പേമാരിയുണ്ട്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ കര്‍ക്കടകത്തിലെ ഒരു ഏഴാം നാള്‍. കാട്ടാനക്കൂട്ടങ്ങളെപ്പോലെ പാഞ്ഞെത്തിയ കാര്‍മേഘ്ങ്ങള്‍ പൊട്ടിപ്പിളര്‍ന്ന്‍ മഴ പെയ്തിറങ്ങി. കുന്നിന്‍പുറങ്ങളില്‍ നിന്നും മലവെള്ളം കുത്തിയൊലിച്ച് തോടുകളും പുഴകളും നിറഞ്ഞു കവിഞ്ഞ രാത്രി. തിമര്‍ത്താടിക്കൊണ്ടൊരു കൊടുങ്കാറ്റും മഴയോടൊപ്പം വീശിയെത്തി. ഭീകര ശബ്ദത്തോടെ മരങ്ങള്‍ കടപുഴകി. ജനലുകളും വാതിലുകളും കൊട്ടിയടച്ച് പേടിച്ചരണ്ട നാലാത്മാക്കള്‍ ഒരു ചെറിയ കുടിലിനകത്ത്. അയ്സുവും എട്ടും ആറും മൂന്നും വയസ്സുള്ള മൂന്നാണ്‍കുട്ടികളും. ഖല്‍ബ് നിറയെ പ്രാര്‍ത്ഥനയുമായി അയ്സു കുട്ടികളുടെ ബാപ്പ അന്ത്രുവിന്റെ വരവിനായി കാത്തിരിക്കുകയാണ്. പുറത്ത് മഴ തിമര്‍ത്ത് പെയ്യുന്നു...അക്കരെ മരമില്ലില്‍ പണിക്കു പോയ അന്ത്രുവിനു തോടിനു കുറുകെയുള്ള മരപ്പാലം കടന്നു വേണം തിരിച്ചു വരാന്‍...മഴ ഒന്നടങ്ങിയിരുന്നുവെങ്കില്‍...പക്ഷേ അന്ത്രു അന്ന്‍ തിരിച്ചു വന്നില്ല. അന്നെന്നല്ല എന്നെന്നേക്കുമായി.. മരപ്പാലത്തിനുമേല്‍ അന്ത്രു കാലെടുത്ത് വെച്ചതേയുള്ളൂ..ഏതോ കുന്നിനുമുകളില്‍ നിന്നും ഒന്നിച്ചിറങ്ങിയ മലവെള്ളം പാഞ്ഞെത്തിയതും അപ്പോഴായിരുന്നു,..പാലത്തിനോടൊപ്പം അന്ത്രുവും..മൈലുകള്‍ക്കപ്പുറത്ത് മലവെള്ളം ഉപേക്ഷിച്ച അന്ത്രുവിന്റെ മയ്യത്ത് കാണാന്‍ അയ്സുവിന് ബോധം ഉണ്ടായിരുന്നില്ല.
***
ഏതോ പുരാതന ഗന്ധവും പേറി നില്‍കുന്ന സ്കൂള്‍ മൈതാനിയിലെ ആല്‍മരച്ചോട്ടിലിരുന്നാണ് അന്ത്രു ആദ്യമായ് അയ്സുവിനെ പ്രണയിച്ചത്. മുകളില്‍ ആലിന്‍ കായകള്‍ക്ക് വേണ്ടി കലപില കൂട്ടുന്ന പക്ഷിക്കൂട്ടങ്ങള്‍. ഒപ്പം ആലിനെ പ്രണയിച്ച് ഇലകളില്‍ തങ്ങി ഒരു കാറ്റും. ഇടയ്ക്ക് താഴേക്കിറങ്ങി ഒന്നുതഴുകി കാറ്റ് മുകളിലേക്ക് തന്നെ തിരിച്ച് പോകും. ഒരിക്കല്‍ കാറ്റോടൊപ്പമാണ് മനസ്സില്‍ മുഹബ്ബത്തിന്റെ കുപ്പിവള കിലുക്കി അവള്‍ അന്ത്രുവിന്റെ ഖല്‍ബിലേക്കിറങ്ങി വന്നത്. കാറ്റോടൊപ്പം തിരിച്ചു പോകാതെ അവള്‍ അന്ത്രുവിന്റെ ഖല്‍ബില്‍ തങ്ങി.കസവു തട്ടമണിഞ്ഞ ഖല്‍ബുകളില്‍ കുസൃതിയൊളിപ്പിച്ച ഒരു മൊഞ്ചത്തി...പ്രണയ ദിനങ്ങള്‍ എത്ര മനോഹര ദിനങ്ങളാണ്..ജാലകപ്പഴ്തിലൂടിഴഞ്ഞെത്തുന്ന കാറ്റിനുണ്ട് പ്രണയത്തിന്റെ കുളിര്‍മ..ആകസ്മികമായ് പെയ്തിറങ്ങുന്ന കുളിര്‍മഴകള്‍ക്കുണ്ട് പ്രണയത്തിന്റെ താളം...
കൂലിപ്പണിക്കാരനായി ആ നാട്ടിലെത്തിയ പരദേശിയായ അന്ത്രുവിന് നല്‍കാന്‍ പെണ്ണില്ലെന്ന്‍ അയ്സുവിന്റെ ബാപ്പ തറപ്പിച്ച് പറഞ്ഞ ദിവസം രാത്രി നാടുവിടുമ്പോള്‍ അന്ത്രുവിന്റെ ബലിഷ്ഠമായ ഇടത്കൈയില്‍ വിറയാര്‍ന്ന കൈകള്‍ കുറുകെപ്പിടിച്ച് അയ്സുവുമുണ്ടായിരുന്നു.
***
അന്ത്രുവിന്റെ മരണശേഷം അയ്സു എങ്ങിനെയാണ് ജീവിതത്തെ നോക്കിക്കാണേണ്ടത്.അയല്‍ക്കാരൊക്കെ പറഞ്ഞു ബാപ്പാന്റെയും ഉമ്മാന്റെയുമടുത്തേക്ക് തിരിച്ചു പോകാന്‍. അയ്സുവിന്റെ ബാപ്പ അബൂബക്കര്‍ ഹാജി അയ്സുവിനെ കൊണ്ട് പോകാന്‍ തയ്യാറായിരുന്നു. പക്ഷേ രണ്ട് നിബന്ധനകള്‍ മാത്രം. ഒന്ന്‍ കുട്ടികളെ ഏതെങ്കിലും യതീംഖാനയിലാക്കുക*. രണ്ട് ബാപ്പ പറയുന്ന ആരെങ്കിലുമായി രണ്ടാം വിവാഹത്തിനു സമ്മതിക്കുക. മൂന്നു പെറ്റെങ്കിലും അയ്സുവിന്റെ മൊഞ്ചിനൊരു കുറവും ഇല്ലാത്തത് കൊണ്ട് അവളെ കെട്ടിയൊളാക്കാന്‍ അബൂബക്കര്‍ ഹാജിയുടെ ചങ്ങായിമാര്‍ തന്നെ മത്സരിക്കും. പക്ഷേ രണ്ടിനും അയ്സുവിന് സമ്മതമല്ലായിരുന്നു. അഹങ്കാരി എന്നക്ഷേപിച്ച് അബൂബക്കര്‍ ഹാജി പടിയിറങ്ങിപ്പോകുന്നത് അയ്സു നിറമിഴികളോടെ നോക്കിനിന്നു.
****
അയ്സു ഇനി ജീവിതത്തെ നേരിടുകയാണ്. ഇത് റബ്ബിന്റെ പരീക്ഷണമാണ്. പരീക്ഷണങ്ങളെ അതിജീവിച്ച് ജീവിക്കണം. ഒരിക്കലും ഒടുക്കരുത്.ജീവിതത്തെ നിസ്സഹായതോടെ നോക്കിനില്‍ക്കാതെ ജീവിത യാഥാര്‍ഥ്യങ്ങളുമായി നിരന്തരം സംവദിച്ച് അനുഭവങ്ങളെ പാഠങ്ങാളാക്കി മുന്നേറണം. ഭര്‍ത്താവു മരിച്ച ഭാര്യമാരാരും ഈ ലോകത്ത് ജീവിക്കുന്നില്ലേ..അയ്സുവിന്റെ ചിന്തകളില്‍ ആത്മ വിശ്വാസത്തിന്റെ തിരകളടിച്ചു. അയല്‍ക്കാരിയായ ജാനകിയമ്മയോട് ഇരുപത്തിയൊന്ന്‍ മുട്ടകള്‍ കടം വാങ്ങിയാണ് അയ്സു ജീവിതത്തിന് ഒരു പുതുവഴി കണ്ട് പിടിച്ചത്. ഇരുപതാം ദിവസം ഇരുപത്തിയൊന്ന്‍ മുട്ടകളും പൊട്ടിവിരിഞ്ഞ് ഇരുപത്തിയൊന്ന്‍ കോഴിക്കുഞ്ഞുങ്ങള്‍. അയ്സുവും മക്കളും ഉരുണ്ടുരുണ്ടോടിക്കളിക്കുന്ന കുഞ്ഞന്‍ കോഴികളെ ഇമയനക്കാതെ നോക്കിയിരുന്നു. സന്തോഷത്താല്‍ അയ്സുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
" നിന്റെ കൈ നല്ല ഫലോള്ള കൈയ്യാ മോളേ..കണ്ടില്ലേ ഒന്നുപോലും കെട്ടുപൊകാതെ ഇരുപത്തിയൊന്നും വിരിഞ്ഞിരിക്കുന്നത് "
അയ്സുവിനെ തലോടി ജാനകിയമ്മ പറഞ്ഞു.അന്ത്രു ഒരു പാര്‍ട്ടിക്കാരനായത് കൊണ്ട് സൊസൈറ്റിവക രണ്ട് പശുക്കളെ ലോണ്‍ കിട്ടി. ജാനകിയമ്മയുടെയും മറ്റ് അയല്‍ക്കാരുടെയും സഹായത്തോടെ അയ്സു എല്ലാം പഠിച്ചു. അയ്സു മാറുകയായിരുന്നു. ജീവിത വീക്ഷണത്തിലെ ഇടുങ്ങിയ ചുറ്റുവട്ടത്തിനപ്പുറത്തേക്ക് നീണ്ട പടവുകള്‍ താണ്ടി ധീരതയോടെ അയ്സു നടന്നു. വഴിമുടക്കി നിന്ന ദശാസന്ധികള്‍ മറികടന്ന്‍, പരിഹസിച്ചവര്‍ക്ക് നേരെ മൗനം കൊണ്ട് പ്രതികരിച്ച്, അനുഭവങ്ങളുടെ തീച്ചൂളകള്‍ കൊണ്ട് അയ്സു തന്റെ ജീവിതത്തെ മാറ്റി മറിച്ചു.മൂത്ത മോന്‍ മുഹമ്മദിനെ ദുബായിക്കയച്ചതിനു ശേഷമാണ് അയ്സുമ്മാക്കൊരല്‍പം ആശ്വാസമായത്. ഇന്നു അയ്സുമ്മാന്റെ മൂന്നാണ്മക്കളും ദുബായിലാണ്. മൂനുപേരും മാസാമാസം ഡ്രാഫ്റ്റ് അയക്കുന്നു. മൂന്നാണ്‍മക്കളുടെ കെട്ടിയോളുമാരും പേരമക്കളുമായും അയ്സുമ്മ ആ വലിയ വീട്ടില്‍ സുഖമായി ജീവിക്കുന്നു..
****
എല്ലാ കഥകള്‍ക്കും ഒരു ക്ലൈമാക്സുണ്ട്. കഥയിലെ കഥാപാത്രങ്ങളുടെ ജീവിതത്തിനും.ഇളയ മകന്‍ അലിയാണ് തന്റെ ഭാര്യയെയും മക്കളെയും ദുബായിലേക്ക് കൊണ്ട് വരാന്‍ ആദ്യമായി പദ്ധതിയിട്ടത്. പിന്നാലെ മറ്റ് രണ്ട് പേരും.
"അപ്പോള്‍ ഉമ്മ?"
പാതിമുറിഞ്ഞ ഒരു ചോദ്യം മൂത്ത മകനില്‍നിന്നും ഉതിര്‍ന്നു.പ്രായമേറിക്കഴിഞ്ഞാല്‍ അച്ഛനുമമ്മമാരും മക്കളുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞു നില്‍ക്കുന്നതെന്ത് കൊണ്ടാണ്. പോയ കാലത്തിന്റെ വളഞ്ഞു നീണ്ട വഴിത്താരകളില്‍ ഏതു പ്രതിസന്ധിയിലും ആരുടെ മുമ്പിലും ഒരു ചോദ്യ ചിഹ്നമായി ഉയര്‍ന്നു നില്‍ക്കാതിരുന്ന അയ്സുമ്മ പാതിമുറിഞ്ഞ മക്കളുടെ ചോദ്യത്തിനു മുമ്പില്‍ തളര്‍ന്നു..യതീംഖാനയുടെ കയ്പേറിയ അനുഭവങ്ങളിലേക്ക് തന്റെ മക്കളെ തള്ളി വിടാതെ അവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ജീവിച്ച അയ്സുമ്മ ഈ പ്രായമേറിയ കാലത്ത് അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ ണില്‍ക്കാതെ ഏതെങ്കിലും ശരണാലയത്തിന്റെ പടികള്‍ കയറാന്‍ വൈമുഖ്യം കാണിക്കില്ല.....
* മക്കാറാക്കിയാലും = പരിഹസിച്ചാലും
* ചേങ്കൂടാന്‍ = ഇണചേരാന്‍
* പുരുവന്‍ = ഭര്‍ത്താവ്
* യതീംഖാന = അനാഥാലയം

1 comment:

  1. ഒരു നിമിഷം സുഹൃത്തേ,
    നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
    താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

    അമ്മ നഗ്നയല്ല

    ReplyDelete