Friday, September 18, 2009
കുഞ്ഞൂഞ്ഞേട്ടന്...(കഥ - അഷ്റഫ് കടന്നപ്പള്ളി)
കുഞ്ഞൂഞ്ഞേട്ടന്‍ ആത്മഹത്യ ചെയ്തു. അന്‍വര്‍ അബ്ദുള്ളയുടെ മൊബൈല്‍ സന്ദേശത്തിലൂടെ വിവരം അറിഞ്ഞ നിമിഷം ഒന്ന് പകച്ചു നിന്നെങ്കിലും കുഞ്ഞൂഞ്ഞേട്ടന്‍ തന്റെ ജീവിത ദൌത്യം നിറവേറ്റി യാത്രയായി എന്ന തോന്നലാണു പിന്നീടുണ്ടായത്. കുഞ്ഞൂഞ്ഞേട്ടന്‍ എന്നു മുതലാണോ തന്നെക്കുറിച്ച് തന്നെ ചിന്തിച്ചു തുടങ്ങുന്നത് അന്നു മുതല്‍ കുഞ്ഞൂഞ്ഞേട്ടന്‍ എന്ന വ്യക്തിത്വം ഇല്ലാതാകുമെന്ന് പത്തു വര്ഷത്തോളമായി നീണ്ടുനില്‍ക്കുന്ന അടുപ്പത്തിന്റെ പുറത്ത് എനിക്കു തോന്നിയിരുന്നു. ഒന്നുകില്‍ മാനസിക നില തെറ്റി തന്റെ ശരീരത്തെയും ബോധത്തെയും ചങ്ങലയില്‍ തളച്ചിടും, അല്ലെങ്കില്‍ സ്വയം മരണത്തിലേക്ക് നടന്നടുക്കും. ഒരാള്‍ എപ്പോഴാണ് മരണത്തെ അഭയമായി തിരഞ്ഞെടുക്കുന്നത്. ജീവിത പ്രയാണത്തിലെ ഏതെങ്കിലും ദശാ സന്ധിയില്‍ വഴി മുട്ടി നില്‍ക്കുമ്പോഴാകാം കൂടുതലും.പക്ഷേ, കുഞ്ഞൂഞ്ഞേട്ടന്‍ അങ്ങനെയല്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്, തന്റെ ജീവിത കര്‍മം പൂര്‍ത്തിയായി എന്ന വ്യക്തമായ തോന്നലുണ്ടായപ്പോള്‍ ഒന്ന്‍ തിരിഞ്ഞ് നോക്കിയതാകാം. അപ്പോള്‍ തന്നിലേല്‍പ്പിക്കപ്പെട്ട കര്‍മം പൂര്‍ത്തിയായെന്നും ജീവിത ഭാരം പേറിയുള്ള യാത്രയുടെ അന്ത്യമായെന്നുമുള്ള തിരിച്ചറിവില്‍ മടക്കയാത്ര നിര്‍വഹിച്ചു എന്നു മാത്രം.സുഹൃത്ത് സൂപ്പര്‍ വൈസറായുള്ള റോഡ് കണ്‍സ്ട്രക് ഷന്‍ സൈറ്റിലേക്ക് അവിചാരിതമായി എത്തിപ്പെട്ടപ്പോഴാണ് കുഞ്ഞൂഞ്ഞേട്ടനെ ആദ്യമായി കാണുന്നത്. റോഡിന്റെ പള്ളയിലേക്ക് വൈബ്രേറ്റര്‍ ഡ്രില്ലര്‍ കുത്തിയിറക്കി അതോടൊപ്പം വിറച്ചുകൊണ്ട് റോഡില്‍ ചാല് കീറിക്കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞൂഞ്ഞേട്ടനപ്പോള്‍. കുറേ രാജസ്ഥാനികള്‍ക്കിടയിലെ ഏക മലയാളിയെ കണ്ടപ്പോള്‍ ശ്രദ്ധ കുഞ്ഞൂഞ്ഞേട്ടനില്‍ തന്നെ ഉടക്കി നിന്നു. ഞാന്‍ ശ്രദ്ധിക്കുന്നത് കണ്ടിട്ടാകാം സുഹൃത്ത് പറന്ഞു, " അത് കുഞ്ഞൂഞ്ഞേട്ടന്‍. നല്ല അധ്വാനിയാ. പതിനാലു വര്‍ഷത്തോളമായി ഇവിടെത്തന്നെ ജോലി ചെയ്യുന്നു... ഒരു പാട് പ്രാരാബ്ധങ്ങളും പേറി..."നട്ടുച്ചയുടെ കനത്ത ചൂടില്‍ റോഡ് തിളക്കുകയായിരുന്നു അപ്പോള്‍. റോഡിന്റെ ഉപരിതലത്തില്‍ നിന്നും ചൂടിന്റെ അലകളുയരുന്നു. കുറച്ചുകൂടി സമയം അവിടെ നിന്നാല്‍ രോമം കരിഞ്ഞുപോകുമെന്നും ശരീരം ഉരുകിപ്പോകുമെന്നും എനിക്കു തോന്നി. പക്ഷേ, കുഞ്ഞൂഞ്ഞേട്ടനും ആ രാജസ്ഥാനികളും അതൊന്നുമറിയുന്നുണ്ടായിരുന്നില്ല, അല്ലെങ്കില്‍ അവരുടെ പൊള്ളുന്ന ജീവിത സമസ്യകള്‍ ആ ചൂടിനേക്കാള്‍ കാഠിന്യമേറിയതാകാം. അവിടുന്ന്‍ തിരിക്കുമ്പോള്‍ എന്തോ കുഞ്ഞൂഞ്ഞേട്ടന്റെ മുഖം എന്റെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു. ഒരു വലിയ മൗനത്തിന്റെ നിഗൂഢതകളടിഞ്ഞ മുഖം.തുടര്‍ന്നെത്തിയ ഒരൊഴിവു ദിനത്തിന്റെ വൈകുന്നേരത്തില്‍ സുഹൃത്തോടൊത്ത് സോനാപൂരിലെ കുഞ്ഞൂഞ്ഞേട്ടന്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിലേക്ക് നടന്നു. ഞങ്ങളെത്തുമ്പോള്‍ ക്യാമ്പ് സജീവമായിരുന്നു. ഒരൊഴിവുദിനത്തിന്റെ ആരവം. ഒരുപാട് പേര്‍ നാട്ടിലുള്ള ഭാര്യയുമായും കുട്ടികളുമായും സംസാരിച്ചതിലുള്ള ആഹ്ലാദത്തിലാണ്. അവരുടെ പരിഭവങ്ങളും പരാതികളുമാണ് കമ്പിയില്ലാക്കമ്പിയിലൂടെ കൂടുതല്‍ കേള്‍ക്കാറുള്ളതെങ്കിലും ഹൃദയാന്തരത്തില്‍ ആനന്ദത്തിന്റെ ചെറുതിരകളുയരും. ഗൃഹാതുരത്വത്തിന്റെ സുഖമുള്ള വേദന ഓര്‍മകളെ ഉണര്‍ത്തും. അവരുടെ മനസ് അല്‍പനേരത്തേക്കെങ്കിലും ഗ്രാമ വീഥിയിലൂടൊഴുകും.അപ്രതീക്ഷിതമായി എന്റെ സുഹൃത്തും കമ്പനി സൂപ്പര്‍വൈസറുമായ അന്‍വര്‍ അബ്ദുള്ളയെ കണ്ടപ്പോള്‍ തൊഴിലാളികളുടെ മുഖത്ത് വല്ലാത്തൊരമ്പരപ്പ് പരന്നു. പലരും ലഹരിയുടെ നിമ്ന്നോന്നതങ്ങളിലായിരുന്നു.അന്‍വര്‍ തൊഴിലാളികളോട് വളരെ സൗമ്യമായി പെരുമാറുന്ന വ്യക്തിയായിരുന്നത് കൊണ്ട് അവര്‍ക്കൊക്കെ അന്‍വറിനോട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. എന്റെ കണ്ണുകള്‍ കുഞ്ഞൂഞ്ഞേട്ടനെ തിരഞ്ഞു. പുറത്തെ ആഘോഷങ്ങള്‍ക്കിടയിലൊന്നും കുഞ്ഞൂഞ്ഞേട്ടനെ കണ്ടില്ല. കുഞ്ഞൂഞ്ഞേട്ടന്‍ താമസിക്കുന്ന റൂമിലേക്ക് ഒരാള്‍ ഞങ്ങള്‍ക്ക് വഴി കാണിച്ചു. ആ ഇടുങ്ങിയ മുറിയിലൊരു മൂലയിലെ ഡബ്ള്‍ ഡക്കര്‍ കട്ടിലിന്റെ കറുത്ത കമ്പിക്കാലില്‍ മുഖം മുട്ടിച്ച് കുഞ്ഞൂഞ്ഞേട്ടന്‍ ഒരു വലിയ മൗനത്തിലിരിക്കുന്നുണ്ട്. ഞങ്ങള്‍ മുറിയിലേക്ക് കടന്നൊതൊന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. ഓര്‍മകളുടെ ഏതോ ഇടവഴിയില്‍ അയാളുടെ മനസ്സ് അലയുകയായിരുക്കും. അയാള്‍ പരിസര ബോധത്തിലേക്ക് തിരിച്ചു വന്നത് അന്‍വറിന്റെ കുഞ്ഞൂഞ്ഞേട്ടാ എന്ന വിളി കേട്ടാണ്.അവിചാരിതമായെത്തിയ അതിഥികളെ കണ്ട് അയാള്‍ ഒന്ന്‍ പകച്ചു. "കുഞ്ഞൂഞ്ഞേട്ടനെന്താ ഇങ്ങിനെ ഒറ്റക്കിരിക്കുന്നേ" അന്‍വര്‍ ചോദിച്ചു. അയാള്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഒരു വിളറിയ ചിരി മുഖത്ത് പരന്നു.ഞാന്‍ അയാളെ തന്നെ നോക്കുയായിരുന്നു. അയാള്‍ എന്നെയും. അന്‍വര്‍ എന്നെ കുഞ്ഞൂഞ്ഞേട്ടന് പരിചയപ്പെടുത്തി. അയാള്‍ തികച്ചും യാന്ത്രികമെന്നോണം എഴുന്നേറ്റ് കൈ തന്നു. പരിചയപ്പെടുമ്പോള്‍ കൈ കൊടുക്കണം എന്ന്‍ ആരോ പറഞ്ഞു കൊടുത്ത പോലെ.ഞാന്‍ വെറുതെ കുറെ ചോദ്യങ്ങള്‍ അയാളോട് ചോദിച്ചു. ചെറിയ ആലോചനകളുടെ ഇടവേളകള്‍ക്ക് ശേഷമാണ് എല്ലാറ്റിനും മറുപടി പറഞ്ഞത്. കൂടുതലൊന്നും തുറന്നു പറയാന്‍ ഇഷ്ടപ്പെടാത്ത വ്യക്തിത്വമാണ് കുഞ്ഞൂഞ്ഞേട്ടന്റേതെന്ന്‍ എനിക്കു തോന്നി. അല്ലെങ്കില്‍ അമിതമായ ജീവിത ഭാരം ഉണ്ടാക്കിയ ഈ ഒറ്റപ്പെടല്‍ അയാളുടെ വാക്കുകളെ മുറിച്ചിരിക്കുന്നു. ഏകാന്തതയുടെ തുരുത്തില്‍ ഒറ്റപ്പെട്ട യാത്രക്കാരനെപ്പോലെ മൗനത്തെ പുണരാന്‍ അയാള്‍ വിധിക്കപ്പെട്ടിരിക്കുന്നു. ആരോടെങ്കിലും എന്തെങ്കിലും പറയാതെ ഈ മനുഷ്യന്‍ എങ്ങിനെ ജീവിക്കുന്നു.അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു കുഞ്ഞൂഞ്ഞേട്ടന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും അതുകൊണ്ട് ആ വക കാര്യങ്ങളൊന്നും ചോദിക്കരുതെന്നും. അവിടെ നിന്നിറങ്ങുമ്പോള്‍ കുഞ്ഞൂഞ്ഞേട്ടനെക്കൊണ്ട് എന്തെങ്കിലും സംസാരിപ്പിക്കണം എന്ന ആഗ്രഹം എന്നിലുണ്ടായിരുന്നു. തിരക്കുകളൊഴിഞ്ഞ ആഴ്ചയിലെ ഒഴിവുദിനത്തിലെ ഇടവേളകളില്‍ ഞാന്‍ കുഞ്ഞൂഞ്ഞേട്ടനെ സന്ദര്‍ശിക്കാന്‍ തുടങ്ങി. എന്റെ ദൗത്യം വിജയിക്കുന്ന ലക്ഷണങ്ങളുണ്ട്. കുഞ്ഞൂഞ്ഞേട്ടന്‍ ഓരോരോ കാര്യങ്ങള്‍ ഇപ്പോള്‍ എന്നോട് പറയും. ഞാന്‍ അയാളെയും കൂട്ടി നടക്കാനിറങ്ങും. വിളിച്ചുപറഞ്ഞാല്‍ ഞാനെത്തുമ്പോഴേക്കും കുഞ്ഞൂഞ്ഞേട്ടന്‍ തയാറായിരിക്കുന്നുണ്ടാകും. സായം സന്ധ്യയുടെ നേര്‍ത്ത കുളിര്‍മയേറ്റ് തിരക്കൊഴിഞ്ഞ റോഡിലൂടെ ഞങ്ങള്‍ കുറേ നടക്കും. കുഞ്ഞൂഞ്ഞേട്ടനിലെ മൗനത്തിന്റെ മഞ്ഞുമലകള്‍ ക്രമേണ ഉരുകിത്തുടങ്ങി.****പതിനാലാം വയസ്സില്‍ അച്ഛന്റെ മരണത്തിനു ശേഷം, കുഞ്ഞൂഞ്ഞ് പഠനം മതിയാക്കി തൊഴിലിനിറങ്ങിയതാണ്. കുഞ്ഞൂഞ്ഞിന്റെയും നാലനുജത്തിമാരുടെയും രോഗിണിയയ അമ്മയുടെയും മുമ്പില്‍ അച്ഛന്റെ ആകസ്മിക മരണം തുടര്‍ ജീവിതത്തെ ഒരു വന്‍ മല പോലെ ഉയര്‍ത്തി നിര്‍ത്തി. അങ്ങനെയാണ് കുഞ്ഞൂഞ്ഞ് അമ്മയുടെ ഒരകന്ന ബന്ധുവിന്റെ സഹായത്തോടെ മരമില്ലില്‍ പണിക്ക് നിന്നത്. ജീവിത ഭാരം പേറിയുള്ള കുഞ്ഞൂഞ്ഞിന്റെ യാത്ര അന്ന്‍ തുടങ്ങിയതാണ്. അമ്മയുടെ ചികിത്സക്ക്, സഹോദരിമാരുടെ പഠനത്തിന്, അവരുടെ വിവാഹത്തിന്.. അങ്ങനെയങ്ങിനെ അവരുടെ ഒത്തിരി ആവശ്യങ്ങള്‍ക്കു വേണ്ടി കുഞ്ഞൂഞ്ഞ് അധ്വാനിച്ചു. ഈ അധ്വാനയാത്രയില്‍ കുഞ്ഞൂഞ്ഞ് പല നാടുകല്‍ താണ്ടി, നഗരങ്ങള്‍ താണ്ടി ഒടുവില്‍ എത്തിയതാണീ മരുഭൂമിയില്‍. ഇതിനിടയിലെപ്പോഴോ ആണ് അയാള്‍ മൗനത്തെ അഭയമായി തിരഞ്ഞെടുത്തത്. അസ്വസ്ഥമാകുന്ന മനസ്സിനെ കുഞ്ഞൂഞ്ഞ് മൗനം കൊണ്ട് നേരിട്ടു.വളരെ അപൂര്‍വമായി മാത്രമേ ഞാന്‍ കുഞ്ഞൂഞ്ഞേട്ടനോട് അയാളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നുള്ളൂ. അത്തരം ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന്‍ അയാളുടെ അപ്പോഴത്തെ മുഖഭാവത്തിലൂടെ എനിക്ക് തോന്നിയിരുന്നു."കുഞ്ഞൂഞ്ഞേട്ടന്‍ സ്വപ്നങ്ങള്‍ കാണാറുണ്ടോ?", അയാള്‍ അല്‍പം വാചാലത പ്രകടിപ്പിച്ച ഒരു ദിവസത്തിലാണ് ഞാനങ്ങിനെ ചോദിച്ചത്. എന്റെ ചോദ്യം അയാളെ നിശബ്ദനാക്കി. മുഖത്ത് വേര്‍തിരിച്ചറിയാനകാത്ത വികാരങ്ങളുടെ മേഘങ്ങളടിഞ്ഞു. അന്നു പിന്നെ അയാള്‍ ഒന്നും സംസാരിച്ചില്ല.കുറേ ദിവസങ്ങള്‍ക്കു ശേഷമാണ് കുഞ്ഞൂഞ്ഞേട്ടന്‍ തന്റേത് മാത്രമായ ഒരു സ്വകാര്യ ദു:ഖത്തിന്റെ കെട്ടഴിച്ചത്. അന്ന്‍ ഞങ്ങള്‍ ജുമേര കടല്‍ തീരത്തു കൂടി നടക്കുകയായിരുന്നു. തിരമാലകളെ തഴുകി വരുന്ന ഇളം കുളിര്‍ കാറ്റ് ഞങ്ങളെ തലോടുന്നുണ്ടായിരുന്നു.. അയാള്‍ കോയമ്പത്തൂരിലെ ഒരു മരമില്ലില്‍ പണിയെടുക്കുന്ന കാലം, ജീവിതപ്രാരബ്ധങ്ങള്‍കൊണ്ട് അസ്വസ്ഥതയേറിയ അയാളുടെ യൗവ്വന ഹൃദയത്തിലേക്ക് സ്നേഹത്തിന്റെ പരിമളവുമായി അവളെത്തി.. പരിമളമെന്ന തമിഴത്തിപ്പെണ്ണ്. അവര്‍ ഹൃദയം കൊണ്ടടുത്തു. അയാളുടെ കിനാവുകളില്‍ സ്നേഹത്തിന്റെ ഊഷ്മളതയുമായി അവള്‍ നിറഞ്ഞു. അവളുടെ രക്ഷിതാക്കള്‍ അവളെ അയാള്‍ക്ക് നല്‍കാന്‍ തയ്യാരയിരുന്നു. പക്ഷേ യാഥാര്‍ഥ്യത്തോടടുത്തപ്പോള്‍ അയാള്‍ കുടുംബത്തെക്കുറിച്ചോര്‍ത്തു. അമ്മയുടെ എഴുത്തില്‍ എന്നും കാണുന്ന രണ്ടു വരികളുണ്ട്, " മോനേ നിനക്കു താഴെ പറക്കമുറ്റാത്ത നാല് പെണ്‍കുട്ടികളാണ്. അവര്‍ക്ക് നീ മാത്രമേയുള്ളൂ..""എന്റെ അനുജത്തിമാര്‍ക്ക് ഞാന്‍ മാത്രമേയുള്ളൂ. അത് കൊണ്ട് ഞാന്‍ എന്റേതായ ജീവിതത്തെക്കുറിച്ചൊന്നും ചിന്തിക്കരുത്. എനിക്ക് പ്രണയമുണ്ടാകരുത്.."ആ തീരുമാനമെടുത്ത്, നിറഞ്ഞകണ്ണുകളുമായി നില്‍ക്കുന്ന പരിമളത്തിന്റെ മുമ്പില്‍ തന്റെ നിസ്സഹായതയുടെ ഭാണ്ഡക്കെട്ടഴിച്ച്, കോയമ്പത്തൂര്‍ വിട്ട കഥ കുഞ്ഞൂഞ്ഞേട്ടന്‍ പറഞ്ഞു നിര്‍ത്തിയത് നിറഞ്ഞ കണ്ണുകളോടെയായിരുന്നു.കുഞ്ഞൂഞ്ഞേട്ടന്‍ പറഞ്ഞു, " അവള്‍ എന്റെ ജീവിതത്തിലേക്ക് വരാത്തതെത്ര നന്നായി. അവള്‍ക്ക് നല്‍കാന്‍ എന്റെ കയ്യില്‍ സ്നേഹം പോലുമുണ്ടാകില്ലല്ലോ..." കുഞ്ഞൂഞ്ഞേട്ടനോടെന്ത് പറയണം. എല്ലാം വിധിയാണെന്നുള്ള പാഴ്വാക്ക് പറഞ്ഞ് ഞാനയാളെ എങ്ങിനെ ആശ്വസിപ്പിക്കാനണ്. ഇത്തരം അവസ്ഥയിലാണ് നമ്മുടെ യഥാര്‍ഥ നിസ്സഹായത വെളിവാകുക. ഒരു സാന്ത്വന വാക്ക് പോലും പറയാനാകതെ...അതിനു ശേഷമാകാം അയാള്‍ തന്റെ മോഹങ്ങളും കിനാവുകളും മൗനത്തില്‍ ചേര്‍ത്തത്. ബോധാവബോധതലങ്ങളെ മരവിപ്പിച്ച് തന്റെ വിദൂര സ്മ്രിതിയിലേക്ക് പോലും അവളുടെ പ്രണയത്തെ കടന്നു വരാനനുവദിക്കാതെ ആ വലിയ മൗനത്തിന്റെ നിഗൂഢതകൊണ്ട് അയാള്‍ ജീവിത ദൗത്യം നിറവേറ്റി.നാട്ടിലേക്കുള്ള അവസാന യാത്രയുടെ ഒരാഴ്ച മുമ്പാണ് കുഞ്ഞൂഞ്ഞേട്ടന്‍ ഏറ്റവും ഇളയ അനുജത്തിയുടെ എഴുത്ത് എന്റെ മുമ്പില്‍ തുറന്നത്. അവളുടെ ഇളയ മകള്‍ക്ക് കുഞ്ഞൂഞ്ഞേട്ടന്‍ വരുമ്പോള്‍ ഒരു മാലയും വളയും കൊണ്ട് വരണം എന്നതായിരുന്നു എഴുത്തിന്റെ ചുരുക്കം. അയാളുടെ കയ്യില്‍ അതു വങ്ങാനുള്ള പണം തികയില്ലെന്നും അതുകൊണ്ട് അന്‍വറിനോട് പറഞ്ഞ് കമ്പനിയില്‍നിന്ന്‍ കുറച്ച് കടം അനുവദിച്ച് തരാന്‍ അഭ്യര്‍ഥിക്കണം എന്ന്‍ പറയാനണ് എന്റെ മുമ്പില്‍ കത്ത് തുറന്നത്. തിരിച്ച് വന്ന്‍ പണിയെടുക്കാന്‍ തുടങ്ങിയാല്‍ ശമ്പളത്തില്‍ നിന്ന്‍ മാസാമാസം തിരികെക്കൊടുക്കാം എന്നും പറഞ്ഞു. അന്‍വറിനോട് ഞാന്‍ കാര്യം പറഞ്ഞു. കമ്പനിയില്‍ അങ്ങനെ കടം കൊടുക്കുന്ന ഏര്‍പ്പാടില്ലെന്നും പിന്നെ തന്റെ ആളായത് കൊണ്ട് എന്തെങ്കിലും ആനുകൂല്യം വാങ്ങിക്കൊടുക്കാം എന്നും അന്‍വര്‍ പറഞ്ഞു. രണ്ട് ദിവസകത്തിനകം തന്നെ അന്‍വര്‍ കാശ് ശരിയാക്കിക്കൊടുത്തു. അതിന് നന്ദി പറയാന്‍ കുഞ്ഞൂഞ്ഞേട്ടന്‍ എന്നെ വിളിച്ചു. " എന്റെ അനുജത്തിമാരുടെ ഒരാവശ്യവും ഞാന്‍ ഇതുവരെ നിറവേറ്റിക്കൊടുക്കാതിരുന്നിട്ടില്ല. മാഷ് വിചാരിച്ചത് കൊണ്ട് ഇതും നടന്നു.."കുഞ്ഞൂഞ്ഞേട്ടന്‍ യാത്രയാകുന്ന ദിവസം എയര്‍പോര്‍ട്ടിലേക്കുള്ള വഴി മധ്യേയാണ് തലേന്ന്‍ രാത്രി അഛന്‍ സ്വപ്നത്തില്‍ വന്ന കാര്യം പറഞ്ഞത്. മരണമടഞ്ഞശേഷമുള്ള മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് അച്ഛന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നത്.."സ്വപ്നത്തില്‍ ഞാനൊരു ബാല്യം വിട്ടു മാറതിരുന്ന പതിനാലുകാരന്‍ കുഞ്ഞൂഞ്ഞായിരുന്നു.. അച്ഛന്‍ ചിരിക്കുന്ന മുഖവുമായിട്ടായിരുന്നു സ്വപ്നത്തിലേക്കു വന്നത്.. എന്നെ ഒത്തിരി തലോടി.. എന്തൊക്കെയോ കാര്യങ്ങള്‍ പറഞ്ഞു.. ഒന്നും ഓര്‍മയില്‍ വരുന്നില്ല.. പക്ഷേ അച്ഛന്‍ തിരിച്ചു പോകുമ്പോള്‍ കരഞ്ഞിരുന്നു..." അതു പറഞ്ഞു കഴിഞ്ഞപ്പോള്‍ കുഞ്ഞൂഞ്ഞേട്ടന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ അയാളുടെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു. കുഞ്ഞൂഞ്ഞേട്ടന്‍ എയര്‍പ്പോര്‍ട്ടിനകത്തേക്കുള്ള വഴിയില്‍ എന്റെ കണ്ണുകളില്‍നിന്ന്‍ മറയുമ്പോള്‍ എന്റെ മനസ്സില്‍ വെറുതെ ഒരു ഭയം ഉടലെടുത്തിരുന്നു. കുഞ്ഞൂഞ്ഞേട്ടന്‍ ഇനി തിരിച്ചു വരില്ലേ..കുഞ്ഞൂഞ്ഞേട്ടനെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ലേ..ആ ഭയം വെറുതെയാണെന്നാശ്വസിച്ച് മനസ്സിനെ തിരിച്ചു പിടിച്ച് റൂമിലേക്ക് മടങ്ങുമ്പോള്‍ എന്തോ നഷ്ടപ്പെട്ട ഒരവസ്ഥയുടെ തീരത്തായിരുന്നു ഞാന്‍.****ഓര്‍മകളിലലയാന്‍ പോയ മനസ്സ് മടങ്ങി വന്നത് അന്‍വറിന്റെ മൊബൈല്‍കോള്‍ വീണ്ടും വന്നപ്പോഴാണ്. അന്‍ വര്‍ ചോദിച്ചു, "നീ എന്തു ചെയ്യുന്നു""ഞാന്‍ വെറുതെ ഓരോന്നാലോചിച്ച് ..." മനസ്സിനകത്തെ വിങ്ങല്‍ കൊണ്ട് എന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു."സാരമില്ലെടാ.. ജനിച്ചാല്‍ എപ്പോഴായാലും മരണത്തിനു കീഴടങ്ങിയല്ലേ പറ്റൂ എന്ന തത്വ ശാസ്ത്രമൊന്നും നിന്നോട് ഞാന്‍ പറയേണ്ടല്ലോ..." അതും പറഞ്ഞ് അന്‍വര്‍ ചെറുതായി ചിരിച്ചു. ഞാനും വെറുതെ ചിരിച്ചുവെന്ന്‍ വരുത്തി പറഞ്ഞു, നമുക്കിന്ന്‍ വൈകുന്നേരം കുഞ്ഞൂഞ്ഞേട്ടന്റെ റൂം വരെയൊന്നു പോകണം.."ജീവിതയാത്രയിലെ അനേകം സന്ധികളില്‍ ഭൂത കാലതിലേക്ക് മനസ്സ് അറിയാതെ സഞ്ചരിച്ച ഏതെങ്കിലും വേളയില്‍ കുഞ്ഞൂഞ്ഞേട്ടന്‍ എന്തെങ്കിലും എവിടെയെങ്കിലും കുത്തിക്കുറിച്ചിട്ടുണ്ടെങ്കില്‍.. അതെനിക്കു മാത്രം അവകാശപ്പേട്ടതാണ്..അച്ഛനെക്കുറിച്ച്.. അമ്മയെക്കുറിച്ച്..പരിമളത്തെക്കുറിച്ച്.. അനുജത്തിമാരെക്കുറിച്ച്..അല്ലെങ്കില്‍ എന്നെക്കുറിച്ച്തന്നെ...അങ്ങനെ എന്തെങ്കിലും ഇല്ലാതിരിക്കില്ല..പക്ഷേ എന്റെ ആശ വെറുതയായിരുന്നു...*** കുഞ്ഞൂഞ്ഞേട്ടന്‍ മരിച്ചതിന്റെ അഞ്ചാം ദിവസമാണ് ആ എഴുത്ത് എനിക്ക് ലഭിച്ചത്.." മാഷ് എന്നോട് ക്ഷമിക്കണം..ഇനി നമ്മള്‍ കണ്ടെന്നു വരില്ല..അച്ഛന്‍ അന്ന്‍ കിനാവില്‍ വന്നതിനു ശേഷം മനസ്സ് വല്ലാതെ അസ്വസ്ഥമാണ്..എന്റെ അനുജത്തിമാരൊക്കെ സന്തോഷവതികളാണ്..അമ്മയുടെയും അച്ഛന്റെയുമടുത്തേക്കുള്ള യാത്രക്കു സമയമായെന്നു തോന്നുന്നു..കമ്പനിക്കുള്ള ആ കടം മാഷ് വീട്ടണം..പിന്നെ ഒരു ചോദ്യം.. അതിനുത്തരം തരാന്‍ മാഷിനു മാത്രമേ കഴിയൂ.. എന്റെ ജീവിതം ഒരു പരാജയമോ അതോ വിജയമോ..."
Subscribe to:
Post Comments (Atom)
No comments:
Post a Comment