ഇരമ്പിയെത്തിയ മഴമേഘങ്ങള്‍ ആകാശം നിറഞ്ഞു. മരുഭൂമിയിലെവിടെയോ രൂപം കൊണ്ടൊരു മണല്‍ക്കാറ്റ് നഗര വീഥിയിലേക്ക് വീശിയെത്തി. ചുട്ടുപഴുത്തിരുന്ന ഭൂമി മഴത്തുള്ളികളുടെ നനുത്ത സ്പര്‍ശമേറ്റ് പുളകിതയായി. നഗരവാസികള്‍ക്കപൂര്‍വ കാഴ്ചയായി വേനല്‍ മഴ പെയ്തിറങ്ങി.

Friday, September 18, 2009

എന്റെ ഗ്രാമത്തിന്റെ അടയാളങ്ങള്‍ തേടി - കഥ - അഷ് റഫ് കടന്നപ്പള്ളി.

പിടിതരാതോടുന്ന ജീവിത യാത്രയില്‍ നാം എത്ര മനുഷ്യരുമായി പരിചയപ്പെടുന്നു. പക്ഷേ, എന്തു കൊണ്ടാണ് ചില മനുഷ്യര്‍ മാത്രം മനസ്സിന്റെ തിരക്കൊഴിഞ്ഞ ഇടവേളകളില്‍ നമ്മോട് എന്നും സവദിക്കുന്നത്. ചിലര്‍ മാത്രം എന്താണ് കാലത്തിന്റെ ഏത് കുത്തൊഴുക്കിലും ഒലിച്ചു പോകാതെ ഓര്‍മകളുടെ ഏതോ കോണില്‍നിന്നും തന്റെ സാന്നിധ്യം എപ്പോഴും അറിയിച്ച് കൊണ്ടിരിക്കുന്നത്...നാരായണേട്ടന്‍ എന്ന മനുഷ്യന്‍ ഓര്‍മയിലേക്ക് ഓര്‍ക്കാപ്പുറത്തെത്തുമ്പോഴൊക്കെ എനിക്കങ്ങിനെ തോന്നാറുണ്ട്.പത്തുവയസ്സുള്ളപ്പോള്‍ ഗ്രാമത്തിന്റെ നിഷ്കളങ്കതയില്‍നിന്നും ദൂരെ ദൂരെ കടലും കടന്ന്‍ നഗരത്തിന്റെ യാന്ത്രികതയിലേക്ക് പറിച്ചു നടപ്പെടുന്നതിന് മുമ്പ് തന്നെ നാരായണേട്ടന്‍ എന്റെ ബോധതലത്തില്‍ ഒരു ബിന്ദുവായി മാറിയിരുന്നു. പിന്നീടങ്ങോട്ട് എന്നും തിരക്കേറിയ ജീവിതത്തിന്റെ ഏകാന്തതകളില്‍ ആബിന്ദു നാരായണേട്ടന്റെ മുഖമായി മന്നസിലേക്ക് കടന്നുവരും. അപ്പോള്‍ ഗ്രാമം എന്റെ മുമ്പില്‍ ഇതള്‍ വിടര്‍ത്തുകയായി...ഭൂത കാലത്തിന്റെ നാട്ടുവഴികള്‍ തുറക്കപ്പെടുകയായ്..അതിലൂടെ ഗ്രാമത്തിന്റെ മണം ഒരു കുളിര്‍ കറ്റായ് വീശിയെത്തുകയായ്..പിന്നെ ഞാനൊരഞ്ചു വയസ്സുകാരനാകും..അഞ്ച് വയസ്സുകാരനാകാന്‍ കാരണമുണ്ട്, എന്റെ ഓര്‍മപ്പട്ടികയിലെ ആദ്യതാള്‍ തുടങ്ങുന്നത് അഞ്ചാം വയസ്സിലാണ്...അമ്മയുടെ വിരല്‍ ത്തുമ്പില്‍ തൂങ്ങി സ്കൂളിന്റെ പടിവാതില്‍ക്കലെത്തി..എനിക്ക് പേടിയുണ്ടായിരുന്നോ..അതോ സന്തോഷമോ..കണ്ണിനു ചുറ്റും ചുകപ്പുള്ള ഹെഡ്മാഷിനു മുമ്പില്‍ അമ്മയോടൊത്ത് നിന്നു..അമ്മയോട് ചോദിച്ച് മാഷ് എന്തൊക്കെയോ കുറിച്ചു..പിന്നെ എന്റെ മുഖത്ത് തട്ടി മിടുക്കനാകണം എന്നു പറഞ്ഞു.അതുകഴിഞ്ഞ് അമ്മ എന്നെയും കൂട്ടി സ്കൂളിന്റെ എതിര്‍വശത്തുള്ള ചായക്കടയിലേക്ക് പോയി.."നാരാണേട്ടാ ഇവനൊരു വെള്ളച്ചായയും ബെന്നും കൊടുത്തേ.."അപ്പോള്‍ ഞാന്‍ നാരാണേട്ടന്റെ മുഖത്ത് നോക്കി. നാരാണേട്ടന്‍ എന്നെയും. ചിരിച്ചുകൊണ്ട്..ഞാന്‍ നാരാണേട്ടന്‍ ചായ തണുപ്പിക്കുന്നത് തന്നെ നോക്കി നിന്നു..ഒരു കൈ വളരെ ഉയര്‍ത്തിക്കൊണ്ട് ചായക്കപ്പില്‍നിന്നും വളരെ താഴ്ത്തിപ്പിടിച്ചിരിക്കുന്ന മറ്റേ കൈയിലെ ഗ്ലാസ്സിലേക്ക് വളരെ അനായസമായി ചായ ഒഴിച്ചു കൊണ്ടിരുന്നു..അതുപോലെ തിരിച്ചും.. ഞാന്‍ എന്റെ ഉണ്ടക്കണ്ണുകള്‍ പരമാവധി മിഴിച്ച് ആ അല്‍ഭുതക്കാഴ്ച നോക്കിക്കൊണ്ടിരുന്നു.."ഇവന്‍ നാരണേട്ടന്‍ ചായയേന്തുന്നത് തന്നെ നോക്കേന്ന്‍.." അമ്മ ചിരിച്ച്കൊണ്ട് പറഞ്ഞു..എനിക്ക് നാണം തോന്നി..അമ്മ ഒരുകഷണം ബെന്ന്‍ വെള്ളച്ചായയില്‍ മുക്കി വായിലിട്ട് തന്നു.നല്ല സ്വാദ്..നല്ല മധുരം."സ്കൂളില്‍ വരാന്‍ പേടിക്കേന്നും വേണ്ട കുട്ടാ.. നാരാണേട്ടനില്ലെ ഇവിടെ.."ആ നാട്ടിലെ എല്ലാ അമ്മമാര്‍ക്കും ആ ഒരു ധൈര്യമുണ്ട്..തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ നാരാണേട്ടന്റെ മുഖം എന്റെ മനസ്സില്‍ തറച്ചു നിന്നു..ഇടയ്ക്കിടെ നാരാണേട്ടന്‍ ചായ പകരുന്ന രംഗം ഞാന്‍ കാണിച്ചു കൊണ്ടിരുന്നു. അന്ന് വീട്ടിലെത്തി കുളിമുറിയില്‍ കയറി രണ്ട് കപ്പില്‍ വെള്ളമെടുത്ത് അത് പലയാവര്‍ത്തി ചെയ്തു...അമ്മ കുറേ വഴക്ക് പറഞ്ഞപ്പോഴാണ് നിര്‍ത്തിയത്...***നാരാണേട്ടന്‍ എന്റെ നാടിന്റെ വിശേഷണം കൂടിയാണ്."സ്കൂളെവിടെയാ""നാരണേട്ടന്റെ ചായക്കടേടെ എതിര്‍ ഭാഗത്ത്""ബാര്‍ബര്‍ഷോപ്പെവിടെയാ""നാരാണേട്ടന്റെ കടയുടെ തൊട്ടിപ്പുറത്ത്""ആ ബാലേട്ടന്റെ വെടെവിടെയാ""അത് നാരാണേട്ടന്റെ കടയുടെ തൊട്ടപ്പുറത്തെ ഇടേലൂടെ താഴോട്ടിറങ്ങിയാ മതി"ഇങ്ങിനെ എന്തിനും ഏതിനും നാരാണേട്ടന്‍ ഒരു വിശേഷണമാണ്. നാരാണേട്ടന്റെ കടയെവിടെയാണെന്ന്‍ ആരും ആരോടും ചോദിക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല. ആ നാട്ടിലെ ആ ചെറിയ കവല നിയന്ത്രിക്കുന്നത് നാരണേട്ടനാണ്. കവലയെന്നു പറഞ്ഞാല്‍ ആകെ നാരാണേട്ടന്റെ ചായക്കട, കാദര്‍ക്കാന്റെ പീടിക, ബാലകൃഷ്ണന്റെ ബാര്‍ബര്‍ ഷാപ്പ്, എല്‍.പി. സ്കൂള്‍, ഒരു തപാല്‍പെട്ടി, അശോകന്റെ മിഠായിപ്പീടിക, നവ കേരള വായനാശാല, പിന്നെ സ്കൂളോട് ചേര്‍ന്നൊരു ചെറിയ കളിസ്ഥലവും. കവലയെ ആദ്യമുണര്‍തുന്നത് നാരാണേട്ടനാണ്. സുബിഹ് നിസ്കാരവും കഴിഞ്ഞ് കാദര്‍ക്ക പീടിക തുറക്കാന്‍ എത്തുമ്പോഴേക്കും നാരാണേട്ടന്‍ കട തുറന്ന്‍ വെള്ളം തിളപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. നാരാണേട്ടന്റെ ആദ്യത്തെ കട്ടന്‍ ചായ കാദര്‍ക്കാക്കാണ്. പിന്നെ ഒന്നെടുത്ത് നാരണേട്ടനും കുടിക്കും.ഇരുവരും ചായ കുടിച്ച് കഴിയുമ്പോഴേക്കു മാത്രമേ രാമേട്ടന്‍ പാലും കൊണ്ട് എത്തുകയുള്ളൂ. അപ്പോഴേക്കും ഓരോരുത്തരായി എത്താന്‍ തുടങ്ങും. സുലൈമാനിക്ക, കേളപ്പേട്ടന്‍, രാമേട്ടന്‍, കണ്ണേട്ടന്‍...ഏതു മഴയിലും മഞ്ഞിലും അവരെത്തും. കാദര്‍ക്കാന്റെ കടയിലെ ദിനേഷ് ബീഡിയും നാരാണേട്ടന്റെ ചായയും..ഇതൊഴിവാക്കിയാല്‍ ഒരു ദിവസം തുടങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍...ഒരു പാട് വിശേഷങ്ങള്‍ പങ്കുവെച്ച് ചായകുടി ഒരാഘോഷമാക്കി മാറ്റും അവര്‍..നാട്ടുകാര്യങ്ങള്‍ മുതല്‍ അന്തര്‍ദേശീയ കാര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്ത്..ഉണര്‍ത്തുന്നത് പോലെ തന്നെ കവലയെ ഉറ‍ക്കുന്നതും നാരാണേട്ടന്‍ തന്നെ. അവസാനത്തെ നിരപ്പലകയും ചാലൊപ്പിച്ച് ചേര്‍ത്തുവെച്ച് വലിയ ഇരുമ്പ് താഴിട്ട് പൂട്ടി റാന്തല്‍ തിരി അണച്ച് കവലയെ ഇരുട്ടിലേക്കും നിശ്ശബ്ധതയിലേക്കും തള്ളിവിട്ട് നാരാണേട്ടന്‍ വീട്ടിലേക്ക് പോകും. ആകവലയില്‍ ആകെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിക്കീഴിലിരുന്ന്‍ ചര്‍ച്ച നടത്തുന്നവരും നാരണേട്ടന്‍ കടയടക്കാന്‍ തുടങ്ങുമ്പോഴേക്കും പിരിഞ്ഞു പോകും.നാരാണേട്ടനും അച്ഛനും കുടുംബ സുഹൃത്തുക്കളെപ്പോലെയാണ്. അച്ഛന്‍ അവധിക്ക് നാട്ടില്‍ വന്നാല്‍ എന്നും നാരാണേട്ടന്റെ കടയില്‍ പോകും. അവിടന്നേ ചായ കുടിക്കൂ..നാരാണേട്ടന്റെ കടയിലേക്കുള്ള നെയ്യപ്പം, ദോശ, കടലക്കറി എന്നിവ ഉണ്ടാക്കുന്നത് നാരണേട്ടന്റെ ഭാര്യ ലക്ഷ്മിച്ചേച്ചിയാണ്..ഒരുദിവസം അച്ഛന്‍ എനിക്ക് ദോശയും കടലക്കറിയും വാങ്ങിത്തന്നു..അതിനൊരു പ്രത്യേക രുചി തന്നെയായിരുന്നു. ലക്ഷ്മിച്ചേച്ചിക്കും എന്നെ വലിയ കാര്യമായിരുന്ന്‍.ഇടയ്ക്കിടെ എന്റെ മുടിയിഴകള്‍ക്കിടയിലൂടെ വിരലുകളോടിച്ച് എന്നോട് സ്നേഹം പ്രകടിപ്പിക്കും.എന്റെ ഗ്രാമാത്തോട് ഞാന്‍ വിട പറയുമ്പോള്‍ എന്റെ ഗ്രാമത്തിന്റെ രുചിയും യാഥാഥ്യങ്ങളും എന്റെ കൂടെയുണ്ടായിരുന്നു.****അമ്മയുടെ മരിച്ചുകൊണ്ടിരിക്കുന്ന ഓര്‍മകളില്‍നിന്നും കുറിച്ചെടുത്ത വഴിവിവരവുമായി ഞാനെന്റെ ഗ്രാമത്തിലേക്ക് യാത്രയായി. യാത്ര തിരിക്കുമ്പോള്‍ തന്നെ നാരണേട്ടന്‍ ജീവിച്ചിരിപ്പുണ്ടാവില്ല എന്ന്‍ തന്നെ മനസ്സ് ഉറപ്പിച്ചിരുന്നു. ഉണ്ടെങ്കില്‍ തന്നെ തൊണ്ണൂറു കഴിഞ്ഞിട്ടുണ്ടാകും.അമ്മയെക്കാള്‍ പത്തിരുപത് വയസ്സ് മൂപ്പ് വരും എന്നാണമ്മ പറഞ്ഞത്. അമ്മയ്ക്ക് എഴ്പത് കഴിഞ്ഞു.മനസ്സ് നിറയെ ആകാംക്ഷയായിരുന്നു. എന്തെല്ലാം മാറ്റങ്ങളായിരിക്കും എന്റെ നാട്ടിനുണ്ടാകുക. നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ കൊഴിഞ്ഞു..എന്തിനാണീ യാത്ര..എന്നെ അറിയുന്നവര്‍ ആരാണുണ്ടാകുക. എങ്കിലും ഈ യാത്ര ഒരനിവാര്യതയാണ്. പൊക്കിള്‍കൊടി അലിഞ്ഞ് ചേര്‍ന്ന മണ്ണ് തേടിയുള്ള യാത്ര. സ്വന്തം അസ്തിത്വം തേടിയുള്ള യാത്ര. എയര്‍പോര്‍ട്ടില്‍ നിന്നും കാറില്‍ കയറുമ്പോള്‍ ഹൃദയം തുടിച്ചു. ഇതാ എന്റെ നാടിന്റെ മണം എന്റെ നാസാദ്വാരങ്ങളിലേക്കിപ്പോള്‍ ഒഴുകിയെത്തും. അതെന്നെ ഒരു പുതിയ അനുഭൂതിയുടെ ഉന്നത തലങ്ങളിലെത്തിക്കും. എന്റെ ഗ്രാമ വീഥികള്‍.. അതിലൂടെ ഒരഞ്ച് വയസ്സുകാരനായി ഓടിക്കളിക്കണം..കുന്നുകളില്‍നിന്നും കുത്തിയൊഴുകി വരുന്ന കാണിച്ചാല്‍തോടിലെ തെളിനീര്‍ കൊണ്ട് മുഖം കഴുകണം. മരങ്ങളോടും പക്ഷികളോടും സല്ലപിക്കണം..എന്റെ ചിന്ത ഒരു കുട്ടിയുടെ പോലെ ബാലിശമാകാന്‍ തുടങ്ങി...ആ ഗ്രാമത്തില്‍ ഞാനൊരു കുട്ടി തന്നെയാ..ഒരുപാട് വാശികളുള്ള ഒരു കുട്ടി.ചിന്തകളെ സ്വതന്ത്രമായി മേയാന്‍ വിട്ടപ്പോള്‍ സമയം പോയതറിഞ്ഞില്ല. അതിനിടയില്‍ ഡ്രൈവര്‍ ഒന്നു രണ്ട് സ്ഥലത്ത് നിര്‍ത്തി വഴി ചോദിച്ചിരുന്നു.എനിക്ക് തികച്ചും അപരിചിതമായ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി."സാര്‍ ഇതാണ് സാര്‍ അന്വേഷിക്കുന്ന സ്ഥലം എന്നു തോന്നുന്നു."ഇതാകാന്‍ വഴിയില്ലല്ലോ എന്ന ആത്മഗതത്തോടെ വണ്ടിയില്‍‍ നിന്നും ഇറങ്ങി ഞാന്‍ പരിസരം വീക്ഷിച്ചു.ഇതൊരു ചെറിയ പട്ടണമാണല്ലോ.."നമുക്ക് തെറ്റിയെന്നു തോന്നുന്നു" ഞാന്‍ ഡ്രൈവറോട് പറഞ്ഞു." ഏയ് ഇല്ല സാര്‍ " അയാള്‍ തറപ്പിച്ചു പറഞ്ഞു.വഴിയേ പോകുന്ന ഒരാളോട് ഞാന്‍ അന്വേഷിച്ചു. അയാളും അത് സ്ഥിരീകരിച്ചു.എന്റെ ഓര്‍മയിലെ നാടിന്റെ ഏതെങ്കിലും അടയാളത്തിനു വേണ്ടി ഞാന്‍ തിരഞ്ഞു. വലിയ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, ഷോപ്പുകള്‍..ഞാന്‍ റോഡരികിലൂടെ നടന്നു. വീതിയേറിയ റോഡില്‍കൂടി വാഹനങ്ങള്‍ ചീറിപ്പായുന്നു. കുറച്ച് ദൂരം നടന്നു ഞാന്‍. ഇനിയും ഇങ്ങിനെ വെറുതെ നടക്കുന്നതിലര്‍ഥമില്ലെന്നു കരുതി ഒരു വഴിപോക്കനോട് ഇവിടെ ഒരു നാരായണേട്ടനുണ്ടോ എന്നു ചോദിച്ചു, അവരുടെ മകന്‍ ഹരി..ഇങ്ങിനെയുള്ള ഒരു പട്ടണത്തില്‍ ചെന്ന്‍ ഒരു വ്യക്തിയെക്കുറിച്ച് അന്വേഷിക്കുന്നതിലെ അര്‍ത്ഥശൂന്യത എനിക്ക് ബോധ്യമുണ്ടായിട്ടും വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ചോദിച്ചു. അയാള്‍ എന്നെ ആകമാനം ഒന്നു നോക്കി, അറിയില്ല എന്നു പറഞ്ഞ് നടന്നു നീങ്ങി. ഞാന്‍ അറ്റ കൈക്ക് വേറൊരാളോട് കൂടി ചോദിച്ചു.' ഹരി?' അയാള്‍ എന്തോ ആലോചിച്ചിട്ടെന്ന പോലെ കുറച്ചകലേക്ക് കൈചൂണ്ടി പറഞ്ഞു.."ആ കാണുന്ന കാസിനോ റെസ്റ്റോറന്റ് നടത്തുന്നത് ഹരികുമാര്‍ എന്നൊരാളാണ്. നിങ്ങള്‍ അവിടെ ഒന്നന്വേഷിച്ച് നോക്ക്" എന്നു പറഞ്ഞു. ഞാന്‍ അങ്ങോട്ട് നടന്നു. വലിയ റെസ്റ്റോറന്റ്, രണ്ട് നിലകളിലായി. "ചൈനീസ് ഫൂഡ് അവൈലബ്ള്‍ എന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്. കാഷ് കൗണ്ടറില്‍ തടിച്ച് കട്ടിമീശ വെച്ച ഒരാള്‍ ഇരിപ്പുണ്ട്. മധ്യ വയസ്സ് കഴിഞ്ഞ ഒരാള്‍. ഞാന്‍ അയാളുടെ അടുത്ത് ചെന്നു.." ഹരി കുമാര്‍".."അതെ", അയാള്‍ പറഞ്ഞു..."നാരാണേട്ടന്റെ ..പണ്ട് ഇവിടെ ചായക്കട നടത്തിയിരുന്ന നാരാണേട്ടന്റെ മകന്‍ ഹരി...""അതേ" അയാള്‍ അല്‍പം ആകാംക്ഷയോടെ ചോദിച്ചു, "നിങ്ങളാരാ""ഞാന്‍ വളരെ മുമ്പ് ഇവിടെ താമസിച്ചിരുന്നതാ.. അച്ഛനിപ്പോള്‍..""അച്ഛന്‍ മരിച്ചിട്ട് പത്തു പതിനഞ്ച് വര്‍ഷം കഴിഞ്ഞു""ഈ നാട് വളരെ മാറിയിരിക്കുന്നു. എനിക്ക് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല"അയാള്‍ ഒന്നു കുലുങ്ങിച്ചിരിച്ചു."എല്ലാം വളരെ പെട്ടെന്നായിരുന്നു. ഇവിടെ മെഡികല്‍ കോളേജും സൂപര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും വന്നതിനു ശേഷം ഒരു കുതിച്ച് കയറ്റമായിരുന്നു. ആ പിന്നെ നിങ്ങളെ എനിക്കു മനസ്സിലായില്ല""ഹരികുമാറിന് ഓര്‍മയുണ്ടോ എന്നറിയില്ല. പണ്ട് ഇവിടെ താമസിച്ചിരുന്ന കൃഷ്ണന്റെ മകന്‍ അനന്തു""എനിക്കങ്ങോട്ട് ശരിക്ക് ഓര്‍മയില്‍ വരുന്നില്ല. പഴയ നാട്ടുകാരായിട്ട് ഇവിടെ ഇപ്പോള്‍ വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ ഉള്ളൂ. മെഡികല്‍ കോളേജ് വന്ന്‍ സ്ഥലത്തിന് വില കുത്തനെ കൂടിയപ്പോള്‍ നല്ല കാശിന് സ്ഥലം വിറ്റ് കുറെപേര്‍ ഈ നാടിനോട് വിട പറഞ്ഞു..ലക്ഷങ്ങളാ സെന്റിന് വില. ഞാനും കുറച്ച് വിറ്റു. അത് കൊണ്ടാ ഇത് കെട്ടിപ്പൊക്കിയത്."" ഞങ്ങള്‍ ഇതൊക്കെ വരുന്നതിന് വളരെ മുമ്പേ പൊയതാ.. പത്ത് നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്." ഞാന്‍ പറഞ്ഞു."അത് കൊണ്ടാ എനിക്ക് തീരെ ഓര്‍മയില്‍ വരാത്തത്.""അച്ഛന്റെ ചായക്കട ഇരുന്ന സ്ഥലം തന്നെയല്ലെ ഇത്" ഞാന്‍ നിര്‍വികാരനായി ചോദിച്ചു."അതെ"ഞാന്‍ എതിര്‍ വശത്തെ പഴയ സ്കൂള്‍ ഇരുന്ന സ്ഥലത്തേക്ക് നോക്കി."എവറസ്റ്റ് ഹോട്ടെല്‍. ബാര്‍ അറ്റാച്ച്ഡ്".. ഞാന്‍ അന്ധാളിച്ചു.പഴയ സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞത് കൊണ്ട് അവര്‍ പൂട്ടി. സ്ഥലവും വിറ്റു. പിന്നെ രണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വന്നു. എന്റെ അന്ധാളിപ്പ് കണ്ട് ഹരി പറഞ്ഞു."ഇപ്പോള്‍ ഇത് വളരെ ബിസി ഏരിയയാ.. ഫ്ലാറ്റുകളും കുറെ വന്നു. എയര്‍പോര്‍ട്ടിന്റെ പണി കൂടി തീരുമ്പോഴേക്കും പിന്നെ പറയാതിരിക്കുന്നതാ നല്ലത്..പല വി.ഐ.പികളും സെറ്റ്ല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതിവിടെയാ..എന്തൊരു പുരോഗതിയാ നമ്മുടെ നാടിന്..." അയാള്‍ പറഞ്ഞു കൊണ്ടിരുന്നു..എനിക്ക് വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി.എവിടെ എന്റെ ഗ്രാമം. എന്റെ ഗ്രാമ ഭാഷ.നട്ടുച്ചയുടെ കനത്ത ചൂടില്‍ വിയര്‍ത്തുകിടന്ന നഗര വീഥിയിലൂടെ ഞാന്‍ നടന്നു..എന്റെ സ്വപ്നങ്ങളിലേക്ക് സുന്ദരമായ എന്റെ ഗ്രാമം ഇനി കടന്നു വരുമോ..വര്‍ഷങ്ങളോളം ഞാന്‍ മനസ്സില്‍ താലോലിച്ചിരുന്ന എന്റെ ഗ്രാമത്തിന്റെ അടയാളങ്ങള്‍ തേടിയുള്ള യാത്രയുടെ ഗതിയോര്‍ത്ത് എനിക്ക്...

1 comment:

  1. hey man!! just now read it completely> you braught me over there..pls. post it on kadannappalli koottam..

    ReplyDelete