ഇരമ്പിയെത്തിയ മഴമേഘങ്ങള്‍ ആകാശം നിറഞ്ഞു. മരുഭൂമിയിലെവിടെയോ രൂപം കൊണ്ടൊരു മണല്‍ക്കാറ്റ് നഗര വീഥിയിലേക്ക് വീശിയെത്തി. ചുട്ടുപഴുത്തിരുന്ന ഭൂമി മഴത്തുള്ളികളുടെ നനുത്ത സ്പര്‍ശമേറ്റ് പുളകിതയായി. നഗരവാസികള്‍ക്കപൂര്‍വ കാഴ്ചയായി വേനല്‍ മഴ പെയ്തിറങ്ങി.

Tuesday, May 25, 2010

അബ്ദുള്ള മുസ്ലിയാര്‍ - കഥ

ജാലകം
അടഞ്ഞു കിടന്ന ജാറത്തിന്റെ വാതില്‍ തുറന്ന്‍ അബ്ദുള്ള മുസ്ലിയാര്‍ ഔലിയാക്കള്‍ക്ക് സലാന്‍ ചൊല്ലി. പിന്നെ ജനല്‍പ്പാളികള്‍ തുറന്ന്‍ ഇരുട്ട് നിറഞ്ഞ ജാറത്തിനകത്തേക്ക് പ്രകാശം പരത്തി.
"അകത്തേക്ക് ബരിന്‍" പുറത്ത് കാത്തുനില്‍കുന്ന സന്ദര്‍ശകരോട് പറഞ്ഞ് ഈണത്തില്‍ ഫാത്തിഹ വിളിച്ചു.
" ഇലാ ഹള്റത്ത് റൂഹ് നബിയ്യിനാ...."
ഫാതിഹയും യാസീനുമോതി മുസ്ലിയാര്‍ ദുആ തുടങ്ങി. ആദ്യം കുറച്ച് അറബിയിലും പിന്നെ മലയാളത്തിലുമായി തുടരുന്ന ദുആയില്‍ മുസ്ല്യാര്ടെ കണ്ണുകള്‍ നിറയും.
"ഇവിടെ അന്തിയുറങ്ങുന്ന ഔലിയാക്കളുടെ ബര്‍കത്ത് കൊണ്ട് നാഥാ നീ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും തട്ടി മാറ്റണമേ.. "
മൂന്ന്‍ സലാത്തോട് കൂടി ദുആ അവസാനിപ്പിച്ച് വന്നവരോട് വിശേഷം തിരക്കി.. പേര് സ്ഥലം ജോലി ഇത്യാദി ചെറു വിശേഷങ്ങള്‍ മാത്രം. വന്നവര്‍ എന്തെങ്കിലും കൈമടക്കു നല്‍കി മുസ്ലിയാരെ സന്തോഷിപ്പിച്ച് യാത്രയാകുന്നു. വളരെ അപൂര്‍വമായി മാത്രമേ സന്ദര്‍ശകര്‍ അവിടെ വരാറുള്ളൂ...മറ്റുള്ളവര്‍ക്ക് വേണ്ടി ഈ പ്രാര്‍ത്ഥന തുടങ്ങിയിട്ട് എത്ര വര്‍ഷമായി..തനിക്കു വേണ്ടി സ്വന്തമായി അയാള്‍ എന്നെങ്കിലും ദുആ ഇരന്നിട്ടുണ്ടോ ...
തലയ്ക്കല്പം ലൂസുള്ള ബീരാന്‍കുട്ടി ചോദിക്കും..
"അല്ല മൌലിയാരെ നിങ്ങളീ ജാറത്തിനകതിരുന്നു ദുആരന്നിട്ടു നിങ്ങള്‍ക്കെന്ത്‌ കിട്ടി.. അഞ്ച്എണ്ണത്തില്‍ ഒന്നിനെയെങ്കിലും കെട്ടിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞോ..ഞാന്‍ മറ്റേതാ .. നമ്മക്കീ ജാറത്തിലോന്നും വിശ്വാസമില്ല..നമ്മളെല്ലാം പടച്ചോനോട് നേരിട്ടാ .."
പടച്ചോനോട് നേരിട്ടായത് കൊണ്ടാണോ നിന്റെ തലയുടെ പിരി ഇളകിയതെന്നു മുസ്ലിയര്‍ക്ക്‌ ചോദിക്കണമെന്നുണ്ടായിരുന്നു..പിന്നെ എല്ലാം അല്ലാഹുവിലര്‍പ്പിച്ച് ക്ഷമിക്കും. പടച്ചവന്‍ തനിക്കേറ്റവും ഇഷ്ടമുള്ളവരെ കൂടുതല്‍ പരീക്ഷിക്കും ..പട്ടിണി നല്‍കും.. കടം ഏറ്റും..രോഗങ്ങള്‍ നല്‍കും..താമസിക്കാന്‍ നല്ലൊരു വീട് വരെ നല്‍കില്ല..പരീക്ഷണത്തില്‍ തളരാതെ എത്രത്തോളം പിടിച്ച് നില്‍ക്കാന്‍ തന്റെ ഇഷ്ടപ്പെട്ട അടിമക്ക് കഴിയും? ജീവിതമാകുന്ന ഈ ചെറിയ ഇടവേളയില്‍ കഷ്ടപ്പാടുകള്‍ വകവെക്കാതെ ദുനിയാവിന്റെ മോഹ വലയത്തില്‍ മയങ്ങിപ്പോകാതെ മരണശേഷം ലഭിക്കാന്‍ പോകുന്ന സ്വര്‍ഗം മാത്രം സ്വപ്നം കണ്ട് റബ്ബിനു ഇബാദത്ത് ചെയ്തു ജീവിക്കാന്‍ എത്ര പേര്‍ക്ക് കഴിയും? അബ്ദുള്ള മുസ്ലിയാര്‍ക്ക് അതിനു കഴിയും. ഉറക്കമില്ലാ രാത്രിയുടെ അന്ത്യ യാമങ്ങളില്‍ പള്ളിക്കകത്തെ കനത്ത ഇരുട്ടിലിരുന്നു അയാള്‍ നാഥനോട് സംവദിക്കും.
വീട്ടിലെ പട്ടിണിയില്‍നിന്നും ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് പതിമൂന്നാം വയസ്സില്‍ ഉപ്പ അബ്ദുല്ലയെ തങ്ങളുസ്ഥാതിന്റെ ദര്‍സില്‍ കൊണ്ടാക്കിയത്. താഴെയുള്ളതു രണ്ടനുജന്മാരും അനിയത്തിയും. അവനുവേണ്ടി നീക്കിവെക്കുന്ന ഭക്ഷണതില്‍നിന്നും അവരുടെ വിശപ്പിനെങ്കിലും ചെറിയ ആശ്വാസം ലഭിക്കട്ടെ എന്ന് ഉപ്പ കരുതിക്കാണും. ചിട്ടയായ ദര്‍സ് ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട ബാല്യം. അഞ്ച് വക്ത് നിസ്കാരം, ഖുര്‍ആന്‍ പാരായണം, കിതാബ്ഓത്ത് ..ഇങ്ങിനെ നീളുന്നു ദര്‍സ് ജീവിതം. ഭക്ഷണം നാട്ടിലെ ഓരോ വീട്ടില്‍നിന്നും..
ആത്മീയ ജീവിതത്തിന്റെ ഉത്തമ മാതൃകയാണ് തങ്ങള്‍ഉസ്താത് ..ആറു വര്‍ഷത്തോളം നീണ്ടു നിന്നു തങ്ങളുസ്തത്തിന്റെ കീഴിലെ പഠനം. വീട്ടിലെ അവസ്ഥ പിന്നെ പഠനം തുടരാന്‍ അനുവദിച്ചില്ല .. ചെറിയ പള്ളിയിലെ മുക്രിപ്പണിയില്‍ തുടങ്ങി ജീവിതം..
*****
ഇളം നിലാവെട്ടത്തില്‍ പള്ളിക്കുള ത്തിന്റെ പടവുകളിറങ്ങുമ്പോള്‍ കമ്മിറ്റി പ്രസിടന്റ്റ് ബീരാന്‍ ഹാജിയുടെ വാക്കുകള്‍ തന്നെ അബ്ദുള്ള മുസ്ലിയാര്‍ ഓര്‍ത്തു.
"ഈ വരുന്ന നോമ്പ് മുതല്‍ മുസ്ലിയാര്‍ വേറെ പള്ളി നോക്കിക്കോളൂ .. ഞങ്ങളിവിടെ വേറെ ആളെ നിര്‍ത്താന്‍ പോവുകയാ..."
ബീരാനാജിയുടെ വാക്കുകള്‍ കേട്ട മുസ്ലിയാര്‍ ഒന്ന് പകച്ചെങ്കിലും സൌമ്യതയോടെ ചിരിച്ച് ആയ്ക്കോട്ടെ എന്ന മറുപടിയും പറഞ്ഞു. മുസ്ലിയാര്‍ കാരണമൊന്നും ചോദിച്ചില്ല. അല്ലെങ്കിലും എന്തിനാണ് വെറുതെ.. വാര്‍ധക്യം മനുഷ്യന്റെ ഓര്‍മകളെയും കൊണ്ട് പോകുന്നു... ..ആദ്യമായിട്ടെപ്പോഴായിരുന്നു.. വൈകുന്നേരം അസര്‍ നിസ്കാരം കഴിഞ്ഞു കിടന്നതാണ് ഒരിക്കല്‍ ..എഴുന്നേറ്റ് നോക്കുമ്പോള്‍ സമയം അഞ്ചര..രാവിലെയാണെന്ന് കരുതി സുബിഹ് ബാങ്ക് വിളിച്ചു. മഹല്‍ നിവാസികള്‍ അമ്പരന്നു. പള്ളിക്കടുത്ത് തന്നെ താമസിക്കുന്ന കമ്മിറ്റി പ്രസിഡണ്ട്‌ പാഞ്ഞെത്തി മുസ്ലിയാരെ ചോദ്യം ചെയ്തു.. മുസ്ലിയാര്‍ തലയ്ക്കു കൈകൊടുത്തിരുന്നു... വൈകുന്നേരം ഉറക്കം പതിവില്ലാത്തതയിരുന്നു.. അന്നെന്തോ..
" അസറിനു ശേഷം ഉറങ്ങരുത്..മനുഷ്യന്റെ മനോനില തെറ്റിക്കുമത്." അയാള്‍ തങ്ങളുസ്തത്തിന്റെ വാക്കുകള്‍ ഓര്‍ത്തു.
പിന്നെ പിന്നെ ഓര്‍മപ്പിഷകുകള്‍ ഇടക്കിടെ സംഭവിച്ചു കൊണ്ടിരുന്നു.. മൂന്നു റക്ഹത്ത് മഗ്രിബ് ചിലപ്പോള്‍ നാലിലേക്ക് നീളുന്നു..നിസ്കാരതിനിടയിലെ ഖുര്‍ആന്‍ അദ്ധ്യായങ്ങള്‍ ഇടക്കിടെ തെറ്റുന്നു.എത്രായിരം പ്രാവശ്യം മനപ്പാഠമാക്കിയ അധ്യായങ്ങളാണ് .ബാങ്ക് വിളി പോലും ഇടയ്ക്ക് മുറിഞ്ഞു പോകുന്നു..
പണ്ടൊക്കെ എത്ര ഈണത്തിലായിരുന്നു ബാങ്ക് വിളിച്ചിരുന്നത്.. രാവിന്റെ നിശബ്ദമായ ആലസ്യത്തിലുറങ്ങുന്ന ആകാശത്തിലൂടെ പറന്നു പോകുന്ന ശബ്ദ വീചികള്‍ .. ഉറങ്ങുന്ന ഓരോ മഹല്‍ നിവാസിയുടെയും കാതുകളിലേക്ക് അവരറിയാതെ ഇറങ്ങിചെല്ലുന്ന സ്വര മാധുരി .. ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു..
വെള്ളത്തിന്റെ ഉപരിതലത്തില്‍ പരന്ന് കിടന്ന പായല്‍ നീക്കി മുസ്ലിയാര്‍ വുളു എടുത്തു. പടവുകള്‍ തിരിച്ചു കയറുമ്പോള്‍ മുമ്പില്‍ സൈദലവി.. മുസ്ലിയരോട് കരുണയുള്ള വ്യക്തിയാണ് ..
"ബീരാന്‍ ഹാജി വിവരം പറഞ്ഞു അല്ലെ? "
"ഉം" മുസ്ലിയാര്‍ മൂളി.
"കമ്മിറ്റി യോഗത്തില്‍ ഞാന്‍ പറഞ്ഞു നോക്കിയതാ. മുസ്ലിയരുറെയും കുടുംബത്തിന്റെയും അവസ്ഥ."..."പക്ഷെ ഭൂരി പക്ഷവും മുസ്ലിയാരെ ഒഴിവാക്കണമെന്ന അഭിപ്രായക്കാരാ "
" എന്തിനാ സൈദാലീ ഞമ്മക്ക് വേണ്ടി നിങ്ങള്‍ മറ്റുള്ളവരുടെ വെറുപ്പ് പിടിച്ചു പറ്റുന്നെ..പടച്ചവന്‍ എന്തെങ്കിലുമൊരു വഴി കാണിച്ചു തരാതിരിക്കില്ല"
മുസ്ലിയാര്‍ അങ്ങിനെ പറയുമ്പോഴും അറിയാം ഇനി വേറൊരു പള്ളിയില്‍ ആരും നിര്‍ത്തില്ല എന്ന്. പ്രായം തന്നെ പ്രശ്നം. ഈ പാടു കിഴവന്മാരെ ആര്‍ക്കു വേണം ഇനി. സ്വന്തം മക്കള്‍ക്ക്‌ പോലും വേണ്ടാത്ത ഇവരെ നാട്ടുകാര്‍ എന്തിനു ചുമക്കണം. നിസ്സഹായതയുടെ ഒരു നോട്ടമെറിഞ്ഞ് സൈദാലി നടന്നു നീങ്ങി...
******
പ്രവാസ ജീവിതത്തിനിടയിലെ എന്റെ ആദ്യ വെക്കേഷനില്‍ നാടിലെത്തിയതായിരുന്നു ഞാന്‍.. വീട്ടു മുറ്റത്തൊരു കസേരയില്‍ കുളിര്‍ത്ത സായന്തന കാറ്റ് ഏറ്റ് ഇരിക്കുകയായിരുന്നു. അടുത്ത് ഉമ്മയുണ്ട്. വെറുതെ ഓരോ നാട്ടു കാര്യങ്ങള്‍ പറഞ്ഞ്‌..വളരെ ബുധിമുട്ടോടെ എന്റെ വീടിന്റെ കല്‍പടവുകള്‍ ഒരാള്‍ കയറി വരുന്നു.. മുഷിഞ്ഞ വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്നു.. തൊലിക്കകത് മാംസമുണ്ടോ എന്ന് സംശയിക്കാവുന്ന രൂപം..
"ഉമ്മാ ആരാ അത് ,,തീരെ വയ്യാത്ത ഒരാള്‍ "
" അല്ല..അത് നമ്മടെ അബ്ദുള്ള മൌലാരല്ലേ.. " അതും പറഞ്ഞ്‌ ഉമ്മ അകത്തേക്ക് പോയി.
എന്തൊരു രൂപം. കാലം ഇത്രയൊക്കെ മാറ്റങ്ങള്‍ വരുത്തുമോ ഒരു മനുഷ്യനില്‍..ഞാന്‍ ചെന്ന് കൈപിടിച് അകത്തേക്ക് കയറ്റി.. ആഴങ്ങലിലാണ്ട കണ്ണുകളില്‍ ഒരു ജീവിതത്തിലനുഭവിച്ച തീക്ഷ്ണതകള്‍ മുഴുവനും എനിക്ക് വായിച്ചെടുക്കാം.. ഞാന്‍ അകത്തേക്ക് ചെന്നു.. ഉമ്മ പറഞ്ഞു 'ഇപ്പോള്‍ ഇങ്ങിനെയാ..എല്ലായിടത്തും പോകും ഇവിടെയും ഇടയ്ക്കിടെ വരും ..ഇതിപ്പോള്‍ നീ വന്നിട്ടുണ്ട് എന്നറിഞ്ഞിട്ടു കൂടി വന്നതായിരിക്കും..പുരയില്‍ അഞ്ചാറു വയര്‍ പിഴയ്ക്കണ്ടേ ..."
ഞാന്‍ കൊടുത്തതും വാങ്ങി കീശയില്‍ തിരുകി സലനും ചൊല്ലി അയാള്‍ നടന്നു നീങ്ങുന്നത്‌ നിസ്സഹായതയോടെ ഞാന്‍ നോക്കി നിന്നു...

4 comments:

  1. ആർക്കും വേണ്ടാതാവുന്ന വാർദ്ധക്യത്തിന്റെ വിഷമതകളെ അബ്ദുല്ല മുസ്ല്യാരുടെ കഥയിലൂടെ നന്നായി പറഞ്ഞു.

    എഴുത്ത് തുടരുക
    ആശംസകൾ!

    ReplyDelete
  2. ഇന്ന് ഞാന്‍ നാളെ നീ ...അത് വാര്‍ധക്യത്തിന്റെ കാര്യത്തിലും അങ്ങിനെ തന്നെ ...എല്ലാര്‍ക്കും എന്നും ചെറുപ്പവും ഉഷാറും കാണില്ലല്ലോ ...അത് മനസ്സിലാക്കാന്‍ എല്ലാവരും കൊണ്ടേ അറിയൂ എന്ന് വാശി പിടിക്കതിരിക്കുന്നതാ ബുദ്ധി ...നല്ല ഒഴുക്കുള്ള അവസരോചിതമായ പോസ്റ്റ്‌ ..ഇനിയും എഴുതുക ...ആശംസകള്‍

    ReplyDelete