അറബി എന്നോ ഒഴിഞ്ഞു പോയ പഴയ വില്ല. അതിനുള്ളിലൊരു ഇടുങ്ങിയ മുറി. വാതിലൊഴിച്ചുള്ള മൂന്നു മൂലയില്‍ മൂന്നു കട്ടിലുകള്‍. വിന്‍ഡോ എസിയുടെ അലറുന്ന ശബ്ദം. മറ്റു രണ്ടു റൂം മേറ്റ്കളുടെ വാതുറന്ന കൂര്‍ക്കം വലി. ഞാന്‍ സീന കുര്യന്‍ ഈ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ഉറക്കം വരാതെ ...ഓര്‍മകളിലെക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്..ഭൂമിയിലും ആകാശത്തും നക്ഷത്രങ്ങള്‍ കത്തി നില്‍ക്കുന്ന ക്രിസ്തുമസ് രാത്രി... നക്ഷത്രങ്ങള്‍ മിന്നുന്ന ജോസിന്റെ കണ്ണുകള്‍..."സീന നീയെന്റെ മഴയാണ് ..സ്നേഹത്തിന്റെ പെരുമഴ.."മഞ്ഞു പെയ്ത രാത്രിയില്‍ അവന്റെ കണ്ണുകളില്‍ നിന്നും പെയ്തിറങ്ങിയ വാക്കുകള്‍. അപ്പോഴാണവള്‍ കരയുക. പിന്നെ ജോസിന്റെ ആലിംഗനത്തില്‍ നിന്നും തെന്നി മാറി ആകാശത്തിലേക്ക് നോട്ടമെറിയും.."ജോസ് നിന്നെയെനിക്ക് കിട്ടില്ല.."ഇന്ന് അമീര്‍ ഭായിയുടെ വിളി വന്നിരുന്നില്ല. ക്ലൈന്റ്സിനെ ഒന്നും കിട്ടിയിട്ടുണ്ടാകില്ല..അതുകൊണ്ട് ഇവിടെ തന്നെ ഉറങ്ങാന്‍ കഴിഞ്ഞു..അല്ലെങ്കില്‍ അമീര്‍ ഭായിയുടെ ക്ലൈന്റ്സി ന്റെ കൂടെ ഏതെങ്കിലും ഹോടലിലെ ശീതീകരിച്ച മുറിയില്‍.. മാസാവസാനം രാത്രികളുടെ കണക്കെണ്ണി അമീര്‍ ഭായി തരുന്ന ദിര്‍ഹംസ് കയ്യില്‍ കിട്ടുമ്പോള്‍ ബാത്‌റൂമില്‍ ഇരുന്നു ഓക്കാനിച്ച രാത്രികളെ മറക്കാം..സിഗരറ്റിന്റെയും മദ്യത്തിന്റെയും മണമുള്ള ചുണ്ടുകളുടെ ആര്‍ത്തിയും പെരുമ്പാമ്പിനെപ്പോലെ ചുറ്റിപ്പിണയുന്ന കൈകാലുകളുടെ മുറുക്കവും മറക്കാം.. ബാങ്കിലേക്ക് പണമയചിടുണ്ട് എന്ന മകളുടെ സന്ദേശവും കാത്ത് ഒരപ്പനുണ്ട് നാട്ടില്‍..കോണ്‍ട്രാക്റ്റ് പണിയിലൂടെ കടക്കാരനായ ഒരപ്പന്‍..മകളുടെ പണത്തിന്റെ വരവനുസരിച്ച് അച്ഛന്‍ കൊടുത്ത ചെക്ക് മാറാന്‍ കാത്തുനില്‍കുന്ന പലിശക്കാര്‍..
പലിശക്കാര്‍ വന്നു അച്ഛനെ ഭീഷണിപ്പെടുത്തിയ ദിവസം ജോലിചെയ്യുന്ന കടയില്‍ നിന്നും നേരെ പോയത് പാസ്പോര്‍ട്ട് കോപ്പിയും കൊണ്ട് മജീദിക്കയുടെ ട്രാവല്‍സിലെക്കാണ്. ഇനി ഒരു പുനര്‍ചിന്ത വേണ്ട. ജീവിക്കണം. ജീവിപ്പികുകയും വേണം. ഒരാളെയല്ല. ആറുപേരെ.അതിനു പണം വേണം. വില്‍ക്കാന്‍ ശരീരമുണ്ട്. ആവശ്യക്കാര്‍ ഏറെയും.. നാട്ടിലും വിദേശത്തും..അല്ലെങ്കില്‍ ഒരു കുടുംബത്തിന്റെ ആത്മഹത്യാ കഥ ജനങ്ങള്‍ക്ക് പത്രത്തില്‍ വായിക്കാം... എന്നിട്ട് നെടുവീര്‍പിടാം..
ആദ്യമായി ഇവിടെ കാലുകുത്തിയ ദിനം..എയര്‍ പോര്‍ടില്‍നിന്നും സുല്‍താനയുടെ റൂമിലേക്ക് ..ഒരു മാറ്റത്തിന്റെ തുടക്കം..അവശേഷിച്ച നെഞ്ചിടിപ്പും കിതയ്പ്പും സുല്‍താന ഒരുദിവസം കൊണ്ട് മാറ്റിയെടുത്തു... അവളുടെ കരവിരുത് അപാരം തന്നെ..പിറ്റേ ദിവസം തന്റെ ശരീര വടിവിനു ഒത്ത വസ്ത്രം സുല്‍താന കൊണ്ടുവന്നപ്പോള്‍ കണ്ണ് മിഴിച്ച് നിന്ന് പോയി..ആവസ്ത്രത്തില്‍ തന്റെ ശരീരം ഒതുങ്ങുമോ എന്ന് ആദ്യം അമ്പരന്നെങ്കിലും അണിഞ്ഞപ്പോള്‍ തന്റെ ശരീര വടിവ് കണ്ടു അത്ഭുതത്തോടെ കണ്ണാടിയില്‍ നോക്കി നിന്നുപോയി...പിറകിലൂടെ വന്നു അരയിലൂടെ ചുറ്റിപ്പിടിച്ച് സുല്‍താന പറഞ്ഞു..
" നീ കായ്ക്കും മോളെ ..പൊന്ന് കായ്ക്കും.."
പിന്നെ കാലടികള്‍ പതറിയില്ല. ശരീരം വിറച്ചില്ല. ഒരോട്ടമായിരുന്നു .. ഇടയ്ക്കിടെ നാടും വീടും നിന്ന് തിളയ്ക്കും മനസ്സില്‍.
കമ്മ്യുണിസ്റ്റ് പച്ചകളും ചൊക്കിപ്പൂചെടികളും പൊതിഞ്ഞു നില്‍ക്കുന്ന ചെറിയ ചെറിയ ഇടവഴികള്‍. ഇലകള്‍ക്കുമേല്‍ കുണ്ങ്ങിയിരിക്കുന്ന മഞ്ഞു തുള്ളികള്‍. മരച്ചില്ലകളില്‍ കലപില കൂട്ടുന്ന വണ്ണാത്തിക്കിളികള്‍, സര്‍കസ് കളിക്കുന്ന അണ്ണാരക്കണ്ണന്‍മാര്‍..സ്കൂള്‍ ബാഗുമെടുത്ത് കൂട്ടുകാരികള്‍ക്കൊപ്പം ചെളിവെള്ളം ചവിട്ടി നടന്നു തീര്‍ത്ത വഴികള്‍. കാലു കൊണ്ട് കളങ്ങള്‍ വരച്ച് മാങ്ങക്കൊരട്ട എറിഞ്ഞു ഒറ്റക്കാലില്‍ തുള്ളിക്കളിച്ച ചരല്‍ പാതകള്‍.. കൂട്ടുകാരികള്‍ക്കൊപ്പം കുത്തിയിരുന്ന്‍ കൊത്തംകല്ല് കളിച്ച ചാണകം തേച്ചു മിനുക്കിയ ഇടനാഴികള്‍..
മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടേയിരുന്നു.. ഇടവഴികള്‍ കല്മതിലുകളാല്‍ അടക്കപ്പെടുകയും ചരല്‍ പാതകള്‍ക്കുമേല്‍ ടാര്‍ ഒഴിക്കുകയും ചാണകം തേച്ച ഇടനാഴികള്‍ സിമന്റിനും ജിബ്സത്തിനും ടൈല്‍സിനും വഴിമാറുകയും ചെയ്തു. ഭാഷയിലെ ലാളിത്യത്തിനു പകരം ക്രിത്വിമത്വവും ചിരികള്‍ക്ക് പകരം അമ്പരപ്പുകളും..ദാവണികള്‍ക്കും ബ്ലൌസിനും പകരം ഇറുകിയ ജീന്‍സും ടോപും. പ്രേമാര്‍ദ്രമായ കാമുകക്കണ്ണുകളില്ല പകരം കാമമൂറുന്ന കള്ളക്കണ്ണുകള്‍.. കുലച്ചു നിന്ന തെങ്ങിന്‍ തോപ്പുകളും ..നൃത്തം ചെയ്തിരുന്ന നെല്‍ വയലുകളും..പൂത്തു നിന്നിരുന്ന കശുമാവുകളും എങ്ങോ മറഞ്ഞു.. .. ദിനേന മുറിവേറ്റു വാങ്ങുന്ന റബര്‍ മരങ്ങളുണ്ടെങ്ങും.. ദിനേന കൂടിവരുന്ന വിലയും...
ഒരു മറിയാചേട്ടത്തിയുണ്ടായിരുന്നു.. . രാവും പകലുമെന്നില്ലാതെ വര്‍ത്തമാനം പറഞ്ഞു കൊണ്ടേയിരിക്കും. ഭൂമിയോടും ആകാശത്തോടും പുല്ലിനോടും മരങ്ങളോടും. ഞങ്ങള്‍ കുട്ടികള്‍ക്ക് മറിയാചേട്ടത്തി ഒരാവേശമാണ്. രാജകുമാരന്മാരുടെയും രാജകുമാരിമാരുടെയും മൃഗങ്ങളുടെയും കഥകള്‍ പറഞ്ഞു തരും. കഥകളുടെ ഒരു കലവറ തന്നെ ചേട്ടത്തി. എത്ര പറഞ്ഞാലും തീരില്ല..പുതിയ പുതിയ കഥകള്‍..ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് മറിയാചേട്ടത്തി കിണറ്റില്‍ ചാടി മരിച്ചത്.. പുതിയ തലമുറക്ക് കഥകള്‍ പറഞ്ഞു കൊടുക്കാന്‍ ഇനിയൊരു മറിയാചേട്ടത്തി ഇല്ല. അല്ലെങ്കിലും പുതിയ തലമുറകള്‍ക്ക് കഥകള്‍ വേണ്ട...
അമീര്‍ഭായിയുടെ മെസ്സേജ് ..കോള്‍ മി ബാക്ക് ... മൊബൈലുമെടുത്തു റൂമില്‍ നിന്ന് പുറത്തിറങ്ങി..സമയം ഒരു മണി കഴിഞ്ഞല്ലോ..തിരിച്ചു വിളിച്ചു.. ഒരു പാകിസ്തനിയാ.. ഞാന്‍ വണ്ടി അയക്കാം..
" ഒ കെ. ".. പറഞ്ഞു റൂമില്‍ കയറി..വസ്ത്രം മാറാന്‍. ശബ്ദം കേട്ടുണര്‍ന്ന സിലോണിപെണ്ണ് ബ്ലാങ്കെറ്റില്‍ നിന്നും തല പുറത്തിട്ട് പറഞ്ഞു.. "ഓ നിനക്ക് ഒത്തല്ലോ"
പ്രകാശ പൂരിതമായ നഗര വീഥിയിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍, ജീവിതങ്ങള്‍... ഓരോ ജീവിതവും ഒരു കഥയാണ്.. ഓരോ സ്വകാര്യ കഥ..ഒരു കഥാകാരന്‍ എത്ര എത്തി നോക്കിയാലും ഒന്നും മനസ്സിലാകില്ല..എന്തെക്കെയോ എഴുതാമെന്നല്ലാതെ..എത്തിപ്പെടാന്‍ കഴിയാത്ത അനേകം സങ്കീര്‍ണതകള്‍ ഉണ്ടാകുമതില്‍..വ്യഖ്യാനത്തിനതീതമായി...
Sunday, June 6, 2010
ഓര്‍മകളിലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ് - കഥ - അഷ്‌റഫ് കടന്നപ്പള്ളി
Subscribe to:
Post Comments (Atom)
ഓരോ ജീവിതവും ഒരു കഥയാണ്.. ഓരോ സ്വകാര്യ കഥ..ഒരു കഥാകാരന്‍ എത്ര എത്തി നോക്കിയാലും ഒന്നും മനസ്സിലാകില്ല..എന്തെക്കെയോ എഴുതാമെന്നല്ലാതെ..എത്തിപ്പെടാന്‍ കഴിയാത്ത അനേകം സങ്കീര്‍ണതകള്‍ ഉണ്ടാകുമതില്‍..വ്യഖ്യാനത്തിനതീതമായി...
ReplyDeleteകഥ നന്നായിരിക്കുന്നു.
ഭാവുകങ്ങൾ!
(ഖണ്ഡിക തിരിച്ചെഴുതുന്നത് നന്ന്. വേർഡ് വെരിഫിക്കേഷനും ഒഴിവാക്കുക.)
ഓരോ ജീവിതവും ഒരു കഥയാണ്.. ഓരോ സ്വകാര്യ കഥ..
ReplyDeleteവളരെ നല്ല അവതരണം...
നന്നായി അവതരിപ്പിച്ചു, എന്നാലും തുടക്കത്തിലുണ്ടായ പ്രതീക്ഷ നിലനിര്‍ത്താനായില്ല
ReplyDeleteഇനിയും എഴുതുക. ധാരാളം.
ReplyDeleteഇനിയും എഴുതുക.
ReplyDeleteGood to meet you greet you and thanks for your visit to my blog
ReplyDelete